ലുക്കാ ചുപ്പി.

ഇത് പോലെ മനുഷ്യന്റെ മണമുള്ള ഒരു സിനിമ മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല.

സിനിമയെ വിലയിരുത്തി എഴുതാൻ ശ്രമിക്കാറില്ല. ഓരോ സൃഷ്ടിയുടേയും യഥാർത്ഥ ഉദ്ദേശ്യം കലാകാരന് മാത്രം അറിവുള്ളതായിരിക്കും. എത്ര ജ്ഞാനിയാണെങ്കിലും അനുഭവസമ്പത്തുള്ള ആളാണെങ്കിലും രണ്ടാമതൊരാൾക്ക് അതെന്താണ് എന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയണമെന്നില്ല.

മൂന്നു വയസ്സുള്ള കുട്ടിയുടെ കയ്യിൽ പേന കൊടുത്തു നോക്കു. അവൻ വരക്കുന്ന ആകാശങ്ങളും മന്ത്രമാളികകളും നിങ്ങളുടെ കണ്ണിൽ പൊടിപടലങ്ങളായിരിക്കും. കലയുടെ യഥാർത്ഥ ഉദ്ദേശം കലാകാരന് മാത്രം അറിയാൻ സാധിക്കുന്നതായിരിക്കും.

ഒരു പാറ്റയെ കാണിച്ചു തന്നിട്ട് ഇതാകുന്നു പാറ്റ എന്ന് പറയുന്ന ചിത്രങ്ങൾ ആരും ശ്രദ്ധിക്കാറില്ല. പാറ്റയെ സ്നേഹിക്കുന്ന മനുഷ്യർ ഈ ഭൂമിയിലില്ല എന്നത് തന്നെയാകുന്നു കാരണം.

അതിനുപകരം മനസ്സിനിണങ്ങുന്ന, മനസ്സിനെ സന്തോഷിപ്പിക്കുന്ന എന്തോ കാണിച്ചു തന്നിട്ട് അതിനു പാറ്റ എന്ന് പേരിടുമ്പോൾ കയ്യടിക്കാനും പൊക്കി പിടിക്കാനും ആളുണ്ടാകും.

കാരണം എനിക്കറിയാവുന്ന പാറ്റ ഇങ്ങനല്ല, പക്ഷെ എനിക്കിഷ്ടപെട്ട പാറ്റ ഇങ്ങനെ ആകുന്നു, ഇങ്ങനെ മതി. മാസ്സ് മസാല പടങ്ങൾ യാഥാർത്യത്തിൽ നിന്നെത്ര അകന്നാലും കാണാൻ ആളുണ്ടാകും.

പക്ഷെ യാഥാർത്ഥ്യത്തോട് അടുത്ത് നിക്കുന്ന കലക്ക് ഇവയിലെല്ലാം പെടാൻ വല്ല്യ ബുദ്ധിമുട്ടാണ്. ഈ യാഥാർത്ഥ്യം എന്ന് പറയുന്നത് നമ്മൾ ജീവിക്കുന്ന ഫിസിക്കൽ യൂണിവേർസ് ആണെന്ന് തെറ്റിദ്ധരിക്കരുത്.

നമ്മളെ പോലെ തന്നെ അഞ്ചു ഇന്ദ്രിയങ്ങളാണ് കലാകാരനും. നമ്മൾ കേൾക്കുന്ന ശബ്ദങ്ങളും നമ്മൾ കാണുന്ന വർണങ്ങളും നമുക്കിഷ്ടപെടാത്ത ഗന്ധങ്ങളും. അതൊക്കെ തന്നെയാണ് കലാകാരന്റെയും അസംസ്കൃത വസ്തു.

പക്ഷെ ഇവ കലാകാരന്റെ ഉള്ളിൽ പ്രവേശിക്കുന്ന മാത്രയിൽ നമുക്കറിയാവുന്ന ബൌദ്ധികരൂപങ്ങൾ വിട്ടു ഇവ മറ്റെന്തോ ആയി പരിണമിക്കുന്നു. പ്രകൃതി നിയമങ്ങളും പൊളിറ്റിക്കൽ കറക്റ്റ്നെസ്സും ഇല്ലാത്ത ആ ലോകത്ത് നിന്നാണ് കലാകാരൻ നമുക്ക് വേണ്ട കലാനിർമിതികളെ ഇറക്കുമതി ചെയ്യുന്നത്.

അങ്ങിനെ ജനിക്കുന്ന കലയിൽ ഇന്നത്തെ ശരികൾ തെറ്റായിരിക്കാം. തെറ്റുകൾ ശരിയുമാവാം. ഒരുപക്ഷെ ഒരുപാട് കാലം മുന്പത്തെ അറിയപ്പെടാത്ത ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാകാം, ടെസറാക്സ് ഉണ്ടാകാം, ഫറവോയുടെ ശവക്കല്ലറയിലെ ചിത്രപണികളുണ്ടാകാം. കാലത്തിനതീതമായി നില കൊള്ളുന്ന പല സൃഷ്ടികളും ഇങ്ങനെ അപഗ്രഥനം അസാധ്യമായ മൂശകളിൽ വാർത്തെടുക്കപ്പെട്ടവയാണ്.

മൂശകൾ നശിച്ചു പോയി. ഉരുക്കി ഒഴിച്ച കരവിരുതും മറഞ്ഞു പോയി. പക്ഷെ പ്രതിമകൾ ഇന്നും നിലനിൽക്കുന്നു. അത് പോലെ ഒരെണ്ണം വീണ്ടും സൃഷ്ടിക്കേണ്ട ആവശ്യമില്ല. പക്ഷെ അവയെ പോലെ ഒരായിരം പ്രതിമകൾ നിർമ്മിക്കാൻ യുവ ശിൽപികൾ തുനിഞ്ഞിറങ്ങുന്നു. അവർ തങ്ങളുടെ ഭാവി കാണുന്നത് ഈ പ്രതിമകളിലാണ്.

മനസ്സിന്റെ ഉള്ളിൽ വലിച്ചു കെട്ടിയ കാൻവാസിൽ ചായം തൂകിയാൽ മതിയാകും. ചിത്രം താനെ തെളിഞ്ഞു വരും. എന്നാലും അവർ പാരിസിലെ പ്ലാസ്റ്ററിൽ ഉളി കൊണ്ട് കവിതയെഴുതാൻ ശ്രമിച്ചു കൊണ്ടിരിക്കും. ഹോലെ ഫെല്സിലെ വീനസിന്റെ സ്തനങ്ങൾ ഇത്ര വലുതായത് എന്തു കൊണ്ടെന്നു അവർ ഒരിക്കലും അറിയുകയുമില്ല.

കണ്ണുകൾക്കും കാതുകൾക്കും എത്താൻ കഴിയാത്ത നാട്ടിലുള്ള പാറ്റയെ കുറിച്ച് കഥ പറയുന്ന മൂന്നാമത്തെ സിനിമയേ എന്റെ ഹൃദയത്തിൽ തോടാറൊള്ളു. ലുക്കാ ചുപ്പി അങ്ങിനത്തെ ഒരു സിനിമ ആകുന്നു.

ദൂരനാടുകളിൽ പോയി കണ്ട കാഴ്ച്ചകൾ വിവരിക്കുന്ന ഒരു സഞ്ചാരി. അവന്റെ വാക്കുകളിൽ തെളിയുന്ന ലോകം. അതിന്റെ നിറങ്ങളും മണങ്ങളും ശരികേടുകളും. ഉലകം ചുറ്റുന്ന സഞ്ചാരിയുടെ മനസ്സിലെ നാടുകൾ. ആ നാടുകളെ അവന്റെ കണ്ണിലൂടെ കണ്ട നമ്മുടെ പൂർവികർ അങ്ങിനെ ഈ മണ്ണിൽ ജനിച്ചു, ഇവിടെ ജീവിച്ചു ഇവിടെ മരിച്ചു പോയ നമ്മുടെ പൂർവികർ. അവരും പാറ്റകളല്ലേ?

മുന്പ് പറഞ്ഞ അവന്റെ പ്രപഞ്ചം. അതിൽ നിന്ന് വരുന്ന കഥകൾ. അതിൽ വിശ്വസിക്കുന്ന നമ്മുടെ പൂർവികർ. പഴയ അറബ് നാടുകളിൽ ഒരുപാട് സഞ്ചാരികൾ ഉണ്ടായിരുന്നു. ഇന്നത്തെ മനുഷ്യരാശിയുടെ പകുതിയിലേറെയുടെ ദൈവങ്ങൾ ജനിച്ചത്‌ അതിലേതോ കലാകാരന്റെ മനസ്സിലാവണം.

കലാകാരൻ ലോകത്തെ സൃഷ്ടിക്കുന്നു.

സിനിമയിൽ എവിടെയോ മുരളി ഗോപി പറയുന്നുണ്ട്:

വാക്കുകൾ കൊണ്ട് അവൾ വരച്ചിടുന്ന ഒരു ലോകമുണ്ട്. അതിൽ ഇറങ്ങിയിരിക്കാൻ ഒരു സുഖമാണ്.

അത് പോലെ തന്നെയാണ് ഭാഷ് മുഹമ്മദ്‌ ചിത്രങ്ങൾ കൊണ്ടും വാക്കുകൾ കൊണ്ടും ഒരു ലോകം വരച്ചിട്ടത്. കണ്മുന്നിൽ കാണുന്ന പാറ്റയെക്കാളും എനിക്കിഷ്ടം എന്റെ മനസ്സിൽ ഞാൻ കൽപ്പിച്ച പാറ്റയാകുന്നു. അതിന്റെ ചിറകുകൾക്ക് മഞ്ഞ കലർന്ന നീല നിറമാകുന്നു.

ഈ ചിത്രത്തിൽ ഞാൻ കണ്ടതല്ല നിങ്ങൾ കാണാൻ പോകുന്നത്. നിങ്ങൾ കണ്ടതല്ല മറ്റൊരാൾ കാണുന്നത്. സ്പൂണ്‍ ഫീഡിംഗ് ഇല്ലാത്ത വെറും ‘കല’ നിറഞ്ഞ ഒരു സിനിമ.

കണ്ണിനു മുന്നിൽ കാണുന്നത് മാത്രമല്ല സിനിമ. കാണാത്തത് കൂടിയാണ്. അതുകൊണ്ട് ഈ ചിത്രത്തിന്റെ അഭ്രപാളിയിൽ പകർത്തിയ ഭാഗങ്ങൾ നിങ്ങൾ കാണണം. ബാക്കി മനസ്സിൽ കൽപ്പിക്കണം.

എത്ര വലുതായാലും, എത്ര ചെറുതായാലും, അതിനുള്ള അപ്പക്കഷ്ണങ്ങൾ നിങ്ങളുടെ ഉള്ളിലേക്കെറിഞ്ഞു തന്നത് ഈ ചിത്രമാണെന്ന് വെറുതേ സ്മരിക്കണം. അതിലേറെ ഒരുപാടൊന്നും ഇതുണ്ടാക്കിയ കലാകാരൻ ആഗ്രഹിച്ചു കാണില്ല.

ഒരു ബന്ധവും ഇല്ലാത്ത വരികൾ: ഓരോ സൃഷ്ടിയിലും ഈ ലോകത്തെ വെറുക്കുന്നു എന്ന് ഊന്നി പറഞ്ഞ ആ കലാകാരൻ എന്തിനാണ് ഈ ലോകത്തെ സന്തോഷിപ്പിക്കാൻ വേണ്ടി എഴുതിയതും വരച്ചതും സൃഷ്ടിച്ചതും?

ആവോ, ഞാനങ്ങു മാവിലായിക്കാരനാണ്.

Written on November 13, 2015