മാരൻ ദൈവത്തിന്റെ നാണം കെട്ട മരണം.

ദൈവങ്ങൾ അങ്ങിനെ മരിക്കാറില്ല. കൊല്ലപ്പെടാറേയുള്ളൂ. സൃഷ്ടിക്ക് ശേഷം ശോഷിച്ചു തൂങ്ങിയ കൈപ്പലകളിൽ നിന്ന് കുഷ്ഠം പിടിച്ച നാല് കൈകൾ മാത്രം സ്വന്തമായുള്ള മാരൻ ദൈവം, എന്ന് ചത്ത് മലക്കും എന്ന് മാത്രമായിരുന്നു കുറച്ച് കാലത്തേക്ക് ക്ഷമാശീലരായ വിജിഗീഷുകൾ വീക്ഷിച്ചു കൊണ്ടിരുന്നത്. എന്നാൽ അവരെയൊക്കെ ഞെട്ടിച്ചു കൊണ്ട്, മനുഷ്യ മനസ്സിലെ മറവിയുടെ കാണാക്കയങ്ങളിൽ നിന്നും മാരൻ ദൈവം വിശ്വാസത്തിന്റെ പരകോടിയിലേക്ക് വീണ്ടും റിലീസാവുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെയാണ്.

സോവിയറ്റ് യൂണിയന്റെ പതനത്തോട് കൂടി സ്വേച്ഛാധിപതികൾക്ക് സോഷ്യലിസം ചൂണ്ടിക്കാണിച്ചു ഭരിക്കാൻ തരമില്ലാതെയായി. ഉദാരമായ ആഗോളവത്കരണം, മുതലാളിമാരുടെ ഉദരങ്ങളെ ഭൂഗളത്തോളം വികസിപ്പിച്ച ആ കാലഘട്ടത്തിലാണ്, മാരനിത്യാദി ആഭാസദൈവങ്ങൾക്ക് വീണ്ടും മാർക്കറ്റുണ്ടാവുന്നത്. ഇന്റർനെറ്റിട്ട് വലിച്ചു കെട്ടിയ കമ്പോളങ്ങളിൽ മനുഷ്യർ തന്നെ പലപ്പോഴും ദൈവ വേഷമിട്ട് ജനി-മൃതി-മോക്ഷമിത്യാദി ഘനഗംഭീരങ്ങളായ ആശയങ്ങളെപ്പറ്റി സാധാരണക്കാരോട് സംവദിച്ചു. അതിൽ ലയിച്ചവർ മേലനങ്ങേണ്ടതില്ലാത്ത, ലവലേശം കരുണ വേണ്ടാത്ത ഇപ്പുതിയ ഭക്തിമാർഗ്ഗങ്ങളിൽ സവിനയം ലയിച്ചു.

സ്വകാര്യവത്കരണത്തിന്റെ കേമപ്പെട്ട വാഗ്ദാനം, നടുറോഡിൽ പണിത ടാപ്പുകൾ വഴിയുള്ള സമാശ്വാസ വിതരണമായിരുന്നു. “രാജ്യം വളരുമ്പോൾ, രാജ്യഭണ്ഡാരവും വികസിക്കും. വലിയ ഭണ്ഡാരം പൊട്ടിക്കുമ്പോൾ കീഴാളർക്ക് മുഴുത്ത കാറ്റ് ലഭിക്കും. ഇപ്രകാരം എല്ലാരും വളരും!” എന്നൊക്കെയാണ് അഭിജ്ഞാനസാമ്പത്തികശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടത്. കാലം, വയറൊട്ടിയ, ഒന്നമർത്തിയാൽ നെഞ്ചെല്ല് പൊട്ടിച്ചിതറുന്ന കുഞ്ഞിക്കുരുന്നുകളെ ഈ പൈപ്പിൻ ചോട്ടിലെത്തിച്ചു. സമാശ്വാസത്തിന്റെ സുഗന്ധം പ്രതീക്ഷിച്ച് ടാപ്പ് തുറന്നവർക്ക് കിട്ടിയത് ഉപരിവർഗ്ഗത്തിന്റെ അധോവായുവായിരുന്നു. കുറേയെണ്ണം ചത്തു; ബാക്കിയായവർക്ക് വിപ്ലവത്തിലുള്ള വിശ്വാസവും നശിച്ചു.

സങ്കടം ശീലമാക്കിയ ജനതക്ക് പൊറുതി കൊടുത്തത് പണ്ട് പടിയിറങ്ങിപ്പോയ ദൈവങ്ങളാണ്. അവരുടെ വേദാന്തം, റേഡിയോ-ടീവി-ഇന്റർനെറ്റ് വഴി ഏകാന്തത മുറ്റിയ മനുഷ്യ മനസ്സുകളിലേക്ക് വീണ്ടും ഒഴുകിയെത്തി. മറവിയിൽ മാഞ്ഞു പോയ മാരനും, വനവാസം മതിയാക്കി മാലോകരുടെ നെഞ്ചിൽ കുടിവെച്ചു. ഉള്ള ദൈവങ്ങളിലെ മര്യാദക്കാരനായ മാരൻ, ആയ കാലത്ത് പുരുഷരിൽ ഉഷാറുള്ളവനായി പേര് കേൾപ്പിച്ചവനാണ്. എന്നാലായുഗത്തിൽ തൻപോരിമ പറയുന്നത് ഒരു കുറച്ചിലാകയാൽ ഇത്തരം സ്തുതികളൊന്നും മാരൻ പ്രോത്സാഹിപ്പിച്ചിരുന്നില്ല. എഴുത്ത് വിദ്യ പഠിച്ചൊരു കാട്ടാളൻ തന്റെ ജീവചരിത്രമെഴുതിയില്ലാരുന്നുവെങ്കിൽ ഇക്കാണുന്ന ഭക്തസഹസ്രങ്ങൾ തനിക്കുണ്ടാവില്ലല്ലോ എന്ന് മാരൻ ഇടക്കോർക്കാറുണ്ട്. അതിസാരം പിടിച്ചൊരു സംവിധായകനെ വെച്ച് കമലാന്തൻ രായാവ് മാരന്റെ കഥ സീരിയലാക്കിയതാണ്. ഭക്തി കാട്ടി ജനത്തെ തണുപ്പിക്കാൻ നോക്കിയ കമലാന്തൻ അവസാനം ഒരു പെണ്ണ് പൊട്ടിത്തെറിച്ചു മരിച്ചു. പാവമായിരുന്നു, നല്ലവനായിരുന്നു. പൂഷോടകം എന്ന നശിച്ച നാടിന്റെ പ്രതീക്ഷയായിരുന്നു. പാവം മരിച്ചു പോയതിനു പിന്നാലെ തുടൽ പൊട്ടിച്ചു പാഞ്ഞ ചെന്നായ്ക്കൾ ആ നാടിനെ തന്നെ ഇരുട്ടിലേക്ക് തള്ളിയിട്ടു കളഞ്ഞു. മാരന്റെ പേരിൽ തുടങ്ങിയ പിത്തന, പക്ഷേ മാരൻ മാത്രം കരുതിയാൽ തീർക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല. ഭക്തരാരും മാരനെ അറിയാൻ ശ്രമിച്ചുമില്ല.

ഭാര്യ മരിച്ച ശേഷം, ചുടല പറമ്പുകളിൽ ഉറങ്ങാൻ പോയത്, രതിയോടുള്ള വിരക്തി കൊണ്ടല്ല. അധികാരരാഷ്ട്രീയത്തിന്റെ ചെങ്കൽചൂള, ആത്മാവിന്റെ ഉള്ളറകളെ കരിയിച്ചു കളഞ്ഞത് കൊണ്ടാണ്. ദൈവമായ മാരൻ, രാജാവ് കൂടിയായിരുന്നു. അഖിലലോകർക്കും ഉടയോനായ ആകലോകകാരണമുത്തൊളി മൊഞ്ചൻ മാരൻ. എന്നാലുമെന്താണ് തെണ്ടികളും തോട്ടികളുമായ ദൈവങ്ങൾ പുരാണങ്ങളിലില്ലാത്തത്? തീട്ടം കോരുന്ന, വിടുപണി ചെയ്യുന്ന, വെറ്റില നുള്ളി നുള്ളി കൈ വിണ്ടു വിണ്ടു മണ്ണിൽ കുഴഞ്ഞു വീണുമരിക്കുന്ന ദൈവങ്ങളില്ലല്ലോ? രാജകിരീടത്തിനു കീഴിലെ നീറുന്ന അധികാരവടംവലികൾ മാരന്റെ ഹൃദയത്തെ കരയിച്ചു കളഞ്ഞിരുന്നു. ഒടുക്കം ഗതികെട്ട് മനുഷ്യനെ കത്തിക്കുന്ന കനൽ പറമ്പുകളിലേക്ക് പാലായനം ചെയ്തതാണ്. കോണകം മാത്രമുടുത്ത്, നട്ടുച്ചക്ക് കൊട്ടാരത്തിൽ നിന്ന് പാഞ്ഞ് രക്ഷപ്പെട്ട മാരനെയോർത്ത് മറ്റ് ദൈവങ്ങൾക്ക് അസൂയയാണുണ്ടായത്.

എന്നാൽ മാരന്, മടങ്ങി വരേണ്ടി വന്നു. മാരൻ ജനിച്ചത് ഒരു തുണ്ട് ഭൂമിയിലാണ് എന്നൊരു കഥ നാട്ടിലാകെ പടർന്നു. കഥക്ക് വിത്തിട്ടത് വിവരം കെട്ടൊരു പടുകിളവൻ; വെള്ളമൊഴിച്ചു വളർത്തിയത് മൂലക്കുരു മൂത്ത മന്നാഡിയാർ എന്നൊരധികാരമോഹിയും. അഖിലത്തിനുടയോൻ ജനിച്ചതീ തുണ്ട് ഭൂമിയിൽ തന്നെയോ എന്ന് മറുത്ത് ചോദിക്കാൻ മാത്രം മൂളയുള്ള ഒരുത്തനും മാരഭക്തരിൽ ഉണ്ടായിരുന്നില്ല എന്നത് സങ്കടം! ഒടുക്കം അവിടെ തന്നെ നിന്ന് പഴകി മണ്ണാച്ചൻ മൂടിയ ദൈവകൂടാരം വലിച്ചു പറിച്ചു കളഞ്ഞവിടെത്തന്നെ മാരനൊരു പള്ളി പണിയാൻ അവർ തീർച്ചയാക്കി. മാരന്റെ പള്ളി പിൽക്കാലത്ത് മാരമ്പള്ളി എന്നറിയപ്പെടുമെന്നൊക്കെ അവർ മനക്കോട്ട കെട്ടി…

“മണ്ണിലുയർന്നൊരു മാരമ്പള്ളി, വിണ്ണിൻ യശസ്സാം പൊന്നുമ്പള്ളി, ഉയർന്നു പൊങ്ങണ നേരത്ത്, സുന്ദരചന്ദിരരൊക്കെ വിറക്കും, മാരൻ നാമം ലോകം നിറയും.”

എന്നൊക്കെ മാരഭക്തർ പാടിനടന്നു. വാട്സാപ്പ് കൂട്ടായ്മകൾ വഴി മാരസന്ദേശം ലോകം മുഴുവനുമെത്തിച്ചു. എന്നാലൊരു കഥയും മാരനറിഞ്ഞിരുന്നില്ല. മൂലക്കുരു മൂത്ത് കാലകത്തി നടക്കുന്ന ഒരുത്തൻ രാജ്യം ഭരിക്കുമെന്നൊരു പ്രവചനമുണ്ടായിരുന്നല്ലോ. മന്നാഡിയാർ മണ്ടി പാഞ്ഞു വന്നത് തന്നെ ആ പ്രവചനം സത്യമാക്കി സിംഹാസനത്തിൽ ആസനസ്ഥനാവാൻ കൊതിച്ചു കൊണ്ടാണ്. അവന്റെ കൂട്ടക്കാരാണ്, മാരനത് പറഞ്ഞു, ഇത് പറഞ്ഞു; മാരന്റെ മണ്ണ് നായി കൊണ്ട് പോയി, ആരെക്കൊന്നും അത് തിരികേയ് പിടിക്കണം; മാരഭക്തരുടെ മാനാഭിമാനം കാക്കാൻ ദൈവകൂടാരം വലിച്ചു പറിച്ചു കളഞ്ഞവിടെത്തന്നെ പൊന്നു കൊണ്ടൊരു മാരമ്പള്ളി പണിയണം. അങ്ങിനെ പോണു മൂലക്കുരു മൂത്ത മന്നാഡിയാർ വിറ്റഴിച്ച സ്വപ്നങ്ങളുടെ നീണ്ട നിര.

“മയിരന്മാര്….!”

അവസാനനാളുകളിൽ മറ്റൊരു വാക്ക് ഭക്തന്മാരെപ്പറ്റി മാരൻ പറഞ്ഞിട്ടില്ല. മഞ്ഞ മാർബിളിൽ പണിത മാരമ്പള്ളിയെ തീട്ടക്കൊട്ടാരം എന്നാണ് അങ്ങോര് വിളിച്ചത്. ബാക്കി ദൈവങ്ങൾ അതിന് മുന്നേ തന്നെ മാരനെ ഇട്ടെറിഞ്ഞു പോയിരുന്നു. “സ്വയം പൊങ്ങി മൈത്താണ്ടി” എന്നാണ് സൃഷ്ടിയുടെ ഈശ്വരനായ കുമ്മാവ് മാരനെ അധിക്ഷേപിച്ചത്. “മനുഷ്യരെ തമ്മിൽ തല്ലിച്ച കണ്ടി കുണു വാവേ, നീ കണ്ണ് പൊട്ടി പുഴുത്തരിച്ച് മൂത്രത്തിൽ മുങ്ങി മരിക്കും!”. സകല മനുഷ്യരുടേയും അമ്മയായ ആദിപെരുംപടപ്പ് ഉള്ള് നൊന്ത് മാരനെ പ്രാകി. പെറ്റ വയറല്ലേ! മാരമ്പള്ളി കലാപകാലത്ത് ചോര വാർന്ന് മണ്ണിൽ വീണ പൂർണ്ണ വളർച്ചയെത്തിയ മനുഷ്യക്കുട്ടികളെ കണ്ട് ആ മനസ്സ് നീറി. മാരനെ മാത്രമല്ല, മനുഷ്യരെ കാക്കാത്ത സകല ദൈവങ്ങളേയും അവർ കണ്ണ് പൊട്ടണ ചീത്ത പറഞ്ഞു. “ആളെക്കൊന്നല്ലെടാ ഫുണ്ടകളേ പള്ളി പണിയേണ്ടത്” എന്നവർ ആകാശത്ത് നിന്ന് വിളിച്ചു പറഞ്ഞു. മാരഭക്തരാവട്ടെ, കർണ്ണങ്ങളിൽ അന്നേദിവസം അവരുടെ തന്നെ ലിംഗാഗ്രം പകുത്ത് പൂജ ചെയ്യുകയായിരുന്നു. ചർമ്മം കൊണ്ട് ചെവി മൂടിയിരിക്കുകയായിരുന്നതിനാലവരത് കേട്ടില്ല.

പൂഷോടകം എന്ന ദ്വീപസമൂഹത്തിലാണ് മാരഭക്തർ മിക്കവരും തിങ്ങിപാർത്തിരുന്നത്. പണ്ടൊരവിട്ട നാളിൽ ദൈവങ്ങളുടെ പേരിൽ പരസ്പരം വെട്ടിച്ചത്ത പോരിശയുള്ള പന്നകളുടെ പിന്മുറക്കാരാണ് ഇന്ന് പൂഷോടകത്തെ പ്രജകളൊക്കെയും. അവരിൽ മാരഭക്തരുണ്ട്, മസിലൻമാരുണ്ട്, മാന്ന്രാണികളുണ്ട്, മൂക്കോലികളുണ്ട്, ബാക്കി നാനാജാതി മതസ്ഥരുണ്ട്. പ്രധാനമായും കാല് മടക്കി പ്രാർത്ഥിക്കുന്ന മസിലൻമാരോട് പിത്തനയുണ്ടാക്കാനാണ് മാരഭക്തരോട് മൂലക്കുരു മൂത്ത മന്നാഡിയാർ ആവശ്യപ്പെട്ടത്. അതിനായി ഖണ്ഡകാവ്യങ്ങളെഴുതി. സിനിമാ പിടിച്ചു. പരപര രാഗത്തിൽ കീർത്തനങ്ങളെഴുതി പള്ളികളിൽ ആൾക്കാർ തലചുറ്റി വീഴുവോളം കേൾപ്പിച്ചു. ഏത് വിധേനയും മാരഭക്തരും മസിലൻമാരും തമ്മിലടിക്കണം. അടിച്ചു കൊണ്ടേയിരിക്കണം. അല്ലാത്ത പക്ഷം തനിക്ക് സിംഹാസനത്തിൽ അമർന്നിരിക്കുക സാധ്യമല്ലെന്ന് മൂലക്കുരു മൂത്ത മന്നാഡിയാർക്ക് നന്നായി അറിയാമായിരുന്നു. അതിൻ പ്രകാരം സൂര്യനുറങ്ങിയ ശുഭമുഹൂർത്തത്തിൽ വലിച്ചു പറിച്ചു കളഞ്ഞവിടെ തന്നെ മാരമ്പള്ളി പണിയാൻ ഒരു കൂട്ടം ശവികൾ ഒരുമ്പെട്ടിറങ്ങി. പിന്നെ നടന്നത് ചരിത്രം.

“മയിരന്മാര്…!”

മലം മൂടിയ മണിക്കിണറിൽ മുങ്ങി കൊണ്ടിരിക്കേ മാരൻ തന്റെ ഭക്തരെ കാറിത്തുപ്പി വിളിച്ചു. എനിക്ക് പള്ളി പണിയാൻ നീയൊക്കെയാരാണ് ചെള്ക്കകളേ! എന്റെ പേരിൽ മനുഷ്യരെ വെട്ടിയെറിഞ്ഞ്, എന്റെ പേരിൽ തീട്ടകൊട്ടാരം കെട്ടി, എന്റെ തന്നെ മുന്നിൽ വന്ന് സഹസ്രനാമം ദിഖ്‌റ് ചൊല്ലാൻ ചില്ലറ ഉളുപ്പൊന്നും പോരാ!

മാരമ്പള്ളി കലാപാനന്തരം, ഒട്ടുമിക്ക ദൈവങ്ങളും മാരനെ പരസ്യമായും രഹസ്യമായും അധിക്ഷേപിച്ചു എന്നത് സത്യമാണ്. ഒരമേരിക്കൻ ദേവി മാരന്റെ മുഖത്ത് കാറിത്തുപ്പി. ബെറിങ്ങ് ഉൾക്കടലിലെ ഒരു കുട്ടി ദൈവം പറന്നു വന്ന് മാരന്റെ തലയിൽ തൂറി. പൂഷോടകത്തിലെ പൂറന്മാരോട് പരസ്പരം സ്നേഹിക്കാൻ പറയെടാ പൂറാ എന്നൊരു കരീബിയൻ ദൈവം കാറി വിളിച്ചു. അപമാനം സഹിക്കാം, ചങ്ക് തകർത്തത് മസിലൻമാരുടെ ദൈവം മെല്ലെയടുത്ത് വന്നിത് പറഞ്ഞപ്പോഴാണ്. “ന്റെ മക്കൾ മാത്രം അല്ലല്ലോ ഓര്. ഇത്രയെണ്ണത്തിനെ കൊല്ലണ്ടേർന്ന്. അനക്കൊന്ന് പറഞ്ഞൂടേനോ മാരാ…”

ഞങ്ങൾ പറഞ്ഞാൽ കേൾക്കുന്ന ജാതികളല്ല ഞങ്ങളുടെ ഭക്തർ എന്ന് ഓനറിയാഞ്ഞിട്ടല്ല. ദണ്ണം കൊണ്ട് പറയുന്നതാണ്. തന്റെ കൂടി മക്കളല്ലേ മരിച്ചവരൊക്കെയും?

ഹൃദയം തകർന്ന മാരന്റെ നെഞ്ച് കല്ലായി. മര്യാദ വിളങ്ങി നിന്ന ആ ഹൃദയം ഒരു ഹിമശിലയായി മാരന്റെ നെഞ്ചിൻകൂടിനെ മഥിച്ചു. മരിക്കാൻ നേരമായി. മഞ്ഞ മാർബിളിൽ കൊത്തിയെടുത്ത തീട്ടകൊട്ടാരത്തിന്റെ കല്ലിടലിനോ ഉത്‌ഘാടനത്തിനോ മാരൻ പോയില്ല. അങ്ങോട്ടൊന്ന് തിരിഞ്ഞു നോക്കിയത് പോലുമില്ല. ദൈവങ്ങൾ കയ്യൊഴിഞ്ഞ മാരൻ, ആശ നശിച്ച, ചൈതന്യം ദ്രവിച്ച, മരണം തൊട്ട് നക്കിയ നായി പടച്ചോനായി. മൂത്രത്തിൽ മുങ്ങി മരിക്കുമെന്ന ആദിപെരുംപടപ്പിന്റെ പ്രാക്ക് ചെവിയിൽ പ്രതിധ്വനി കൊണ്ടു. “ദെണ്ണം കൊണ്ട് പറഞ്ഞതാണ് ചെറിയോനെ, ഇയ്യത് മറന്നാളാ” എന്ന അവരുടെ ആശ്വസിപ്പിക്കലൊന്നും മാരനേശിയില്ല. അവർ ദൈവങ്ങളുടെയും അമ്മയാണല്ലോ. അവരൊന്നും വെറുതേ പറയില്ല!

മാരന്റെ ദേഹം പുഴുക്കുത്തി. വിരകളാൽ നിറഞ്ഞു പതഞ്ഞു. വിരലുകൾക്കിടയിൽ കൂടി പുഴുത്ത മാംസം പിഞ്ഞിപ്പറിഞ്ഞു നിലത്തേക്കൂർന്നു വീണു. കൊഴുത്ത അമേധ്യത്തിൽ പൂണ്ട് ശ്വാസം തിങ്ങി മരിക്കാനായിരുന്നു മാരന്റെ വിധി. “നായിക്ക് പിറന്ന നശൂലങ്ങളെ! അന്നം കിട്ടാതെ മരിച്ചു പോകുമെടാ കൂത്താടികളേ..!” ഉള്ള് നീറിയാ പാവം ദൈവം തന്റെ ഭക്തരെ പ്രാകി. അവരപ്പോഴും തീട്ടക്കൊട്ടാരത്തിലെ പ്രഭാതപൂജകളിൽ മുഴുകി, ശ്രീത്വം സ്വപ്നം കാണുകയായിരുന്നു. മാരമ്പള്ളിയെന്ന മരീചിക, അവരുടെ സ്വപ്നങ്ങളെപ്പോലും മലീമസമാക്കിയ അധികാരനാടകമായിരുന്നു എന്നവരറിഞ്ഞില്ല. പുഴുത്തു നാറി, മാനം കെട്ട് മരിച്ചൊരു ദൈവത്തിന്റെ ദയനീയമായ കരച്ചിലുകൾ അവർ കേട്ടതുമില്ല. അവർക്ക് മേലെ അസ്തമിച്ച സൂര്യൻ പോലും ഉദിക്കാൻ മടിച്ച് ലജ്ജിച്ചു നിന്നു.

Written on January 23, 2024