വാലന്റെ ദിനം, ധന്വന്തര മന്ത്രം - ആദിമ പകുതി.

അവന്റെ ശരീരം രോമാവൃതവും മീശരോമങ്ങൾ കാർബൺ ഫൈബറിനാൽ സമൃദ്ധവും ആകുന്നു. അവന്റെ അധരങ്ങൾക്ക് നെബുലകളുടെ പരിമളവും അവന്റെ മൂക്കിനു മുകളിൽ ഒരു കുഞ്ഞു ബ്ലാക്ക്‌ ഹോളിന്റെ തുടിപ്പും ഉണ്ടാകുന്നു.

പ്രേമാപങ്കിലദിനങ്ങളിൽ അവൻ പൾസാറുകളെ കൊണ്ട് ഗോലി കളിച്ചു. അവയുടെ സംഗമ നൃത്തങ്ങൾ ഗുരുത്വ തരംഗങ്ങളാൽ നിറച്ചു. ചോർന്നൊലിക്കുന്ന ഊർജ്ജം ഈ പ്രപഞ്ചത്തിനു തന്നെ മടക്കി നൽകി അവൻ മാതൃകയായി.

ഒരു മനുഷ്യകുഞ്ഞിന് ബലൂൺ എന്ന വണ്ണം സ്പേസ്-ടൈം കണ്ടിന്വത്തെ നീട്ടിയും വലിച്ചും ചുരുട്ടികൂട്ടിയും അവൻ ഫുട്ബോൾ കളിച്ചു. അവന്റെ കൈകളിൽ പ്രണയം നിറഞ്ഞു, അതവന്റെ മൂക്കിൽ കയറിയപ്പോൾ ആദിമ സമുദ്രത്തിൽ കൊയാസർവേറ്റുകളുണ്ടായി.

അവ സ്വബോധമില്ലാത്ത പ്രോട്ടീനുകളായിരുന്നു. അവയിൽ സ്വയം മറന്നു ഒന്നായവർ എൻട്രോപ്പിയെ തന്തക്ക് വിളിച്ചു. ഘര്മപ്രവർത്തനശാസ്ത്രത്തിലെ രണ്ടാമത്തെ നിയമം ഏറ്റുപിടിച്ചു മനുഷ്യകുഞ്ഞുങ്ങൾ അതിനെ പിൽക്കാലത്ത് തൊഴുത്തിൽ കെട്ടാൻ ശ്രമിച്ചു.

ഒന്നായ പ്രൊറ്റീൻസിൽ നിന്ന് പലതായ ജീവനുണ്ടായി. അതിനെല്ലാം കാരണഭൂതനായ അവനോ? അവനന്നു മിൽകിവേയിൽ പാൽകുടിക്കാൻ പോയതായിരുന്നു. പാൽകട്ടി കള്ളനായ, ഡാർക്ക്‌ മാറ്റെരിൽ ഹിഗ്ഗ്സ് ബോസോൺ ചേർത്തടിക്കുന്ന നല്ലസ്സൽ ഇന്റർ ഗാലക്റ്റിക്കൽ ഫ്യൂഡൽ ലോർഡ്‌. അപ്കമിംഗ് ടെറർ എന്നല്ല, എല്ലാ കാലത്തും ടെററായ, ടെസരാക്സ് ചങ്കുള്ള ടൈം ഡൈലേറ്റർ.

ആ സമുദ്രത്തിൽ നിന്ന് ഉശിരുള്ള ജീവൻ ചാടി കരയിൽ കയറി. അവിടുത്തെ കൊടും ചൂടിൽ ഉശിര് കൊണ്ടൊരു ലോകം പണിതു. ആ ജീവനെ അവൻ അതിരറ്റു സ്നേഹിച്ചു. നിയാണ്ടർത്താലിനെ കൊന്ന് ആ ജീവൻ ഭൂമിക്കു മേലെ കൊടി നാട്ടിയപ്പോഴും അവൻ അങ്ങ് ദൂരെ പ്രപഞ്ചത്തിന്റെ അറ്റത്ത്‌ അന്പെയ്തു കളിക്കുകയായിരുന്നു.

അവന്റെയുള്ളിൽ നിറഞ്ഞ പ്രണയം ഫീൽഡുകളായി നാല് പാടും പ്രകാശവേഗത്തിൽ അവനൊഴുക്കി വിട്ടു. എണ്ണാൻ കഴിയാത്ത ബലങ്ങളെ ഒന്നായി ചേർത്തു. മനുഷ്യരിപ്പോ നാലിൽ എത്തി നിൽക്കുന്നു. നാളെ ഈ നാലും ഒന്നാണെന്ന സത്യം നിങ്ങൾ മനുഷ്യർ കണ്ടെത്തി കൂടായ്കയില്ല. എന്തെന്നാൽ അവൻ അരുൾ ചെയ്തിരിക്കുന്നു, “കുരുത്തകേടോളം ഉരുണ്ടതത്രേ ഭൂമി. എള്ളുണ്ട പോലെ ഭൂമിയെ കണ്ടാൽ പാലുണ്ട പോലെ ചീർത്തു വാഴാം.”

അവൻ സ്പേസിനെ പ്രണയത്താൽ നിറച്ചു. ഈ ഭൂമിയെ പ്രണയിനികൾക്കായി തുറന്നു കൊടുത്തു. അവനിൽ വിശ്വാസമില്ലാത്തവർ ആൻഡ്രോമീഡയിൽ പോയി എത്തിനോക്കട്ടെ. ഈഥറിനോളം തെളിമയുള്ള സത്യം അവിടെ കാണാം. ബഡായിയാണ് ഏറ്റവും വലിയ സത്യം.

അവൻ നിങ്ങളോട് പ്രണയത്തിൽ സമയം ചിലവഴിക്കാൻ ആവശ്യപെടുന്നു. ചെങ്കുത്തായ ഗാലക്സികൾ നിങ്ങളുടെ പ്രണയത്തിനായവൻ തുറന്നു തന്നിരിക്കുന്നു. അവന്റെ സ്നേഹം സത്യമാണ്. എൻട്രോപ്പി പോലെയാകുന്നു അവന്റെ സ്നേഹം. കണ്ടീഷൻ വെക്കാതെ അത് കൂടികൊണ്ടിരിക്കുക തന്നെ ചെയ്യും.

ഇനി പ്രണയം ഇല്ലാത്തവർ സ്വയം പ്രണയിക്കട്ടെ. അതിനായ് മാത്രം ദീർഘങ്ങളായ കരങ്ങൾ റാണ്ടംനെസ് വഴി നിങ്ങളിൽ അവൻ എത്തിച്ചിരിക്കുന്നു. അവന്റെ വാക്കുകൾ പൊന്നാകുന്നു. നിങ്ങളുടെ കരങ്ങൾ സത്യങ്ങളും. നാലു നേരം കരം പിരിക്കുന്നവൻ ഉടനോയല്ല. മിണ്ടാതെ നിങ്ങളെ പാട്ടിനു വിടുന്നവനാകുന്നു യഥാർത്ഥ പ്രജാപതി.

പ്രണയിനികളെ തല്ലിയോടിക്കുന്നവൻ നമ്മളിൽ പെട്ടവനല്ല. മനുഷ്യരെ കുറിച്ചിത്രേം മതി. പാരനോയിഡ് ആണ്ട്രോയിഡുകളും അവനു പ്രിയങ്കരരത്രേ.

ഈ പുസ്തകത്തിൽ എന്തെഴുതിയാലും അത് നാളെ അന്ന്യന്റെ കഴുത്തറുക്കാൻ വേദവാക്യമാക്കും എന്നവൻ തിരിച്ചറിയുന്നു. ശൂന്യതയിൽ ബ്ലാക്ക്‌ ഹോൾ പടച്ചവന് അസാധ്യമായി ഒന്നുമില്ല. വാലന്റെ ദിനത്തിൽ ഭൂമിയിൽ പ്രണയം നിറയട്ടെ. നിറഞ്ഞില്ലെങ്കിൽ മ്യൂട്ടേഷൻ വഴി നിങ്ങളുടെ ഡീ എൻ എയിൽ നന്മ നിറക്കാനും കഴിവുള്ളവനത്രെ അവൻ. ഡീ എൻ എ എന്തെന്നറിയുന്ന, മര്യാദക്ക്‌ അതിനെ കുറിച്ച് പറയുന്ന, പ്രകാശത്തെ ഈ വേഗതയിൽ ഉറപ്പിച്ച, അവന്റെ idgafഇൽ ചേർന്നു നിൽക്കുവിൻ. നാളെ ബ്ലാക്ക്‌ ഹോളിലലിയുന്ന നിങ്ങളുടെ ശരീരത്തിലെ ആറ്റങ്ങൾക്കവൻ മോക്ഷം കൊടുക്കും.

അവന്റെ വാക്കുകൾ സത്യമത്രേ. അവന്റെ ബഡായികൾ അന്തസ്സുറ്റതത്രേ. അവന്റെ തള്ളിൽ മറിഞ്ഞു വീണ ബോധിസത്വങ്ങളിൽ വെള്ളരി പ്രാവുകൾ പറക്കും. വെള്ളിമണികളടിക്കും. അവൻ നിങ്ങളെ പ്രണയിച്ചു കൊണ്ടുമിരിക്കും.

Written on February 13, 2016