സൃഷ്ടി

സൃഷ്ടിക്കു വേണ്ടുന്ന ഊർജ്ജം അപാരമാണ്. കഥയാകട്ടെ, കവിതയാകട്ടെ, ചിത്രമാകട്ടെ, ഒരു മനുഷ്യനാകട്ടെ, അത് സൃഷ്ടിക്കുന്നവൻ സ്വയം ഉരുകി ഒലിക്കുന്നത് എന്തേ നിന്റെ കണ്ണുകൾ കാണുന്നില്ല?

കണ്ണിൽ ചെഞ്ചായം തേച്ചു ചുട്ടി കുത്തി കൂത്താശാൻ ഉറഞ്ഞു തുള്ളുന്നതും തെയ്യപ്പെടുമ്പോ പേരറിയാത്ത ചുവന്ന മുഖമൂടി കനലിലേക്ക് പതിക്കുന്നതും ചുറ്റുമുള്ളവരിൽ കലയുടെ തെളിമ നിറക്കാനല്ലേ? ആശ്ചര്യം മുറ്റുന്ന കണ്ണുകളിൽ കൂടി ഏതോ അദൃശ്യ ദേവതയെ ഉപാസിക്കുകയല്ലേ?

ഊക്കിന്റെ അവസാനത്തെ കണികയും പുറത്തു ചാടി കലാകാരൻ ചമ്രം പടിഞ്ഞിരിക്കുമ്പോഴേക്കും അവന്റെ സൃഷ്ടിയെ ആരൊക്കെയോ ഭോഗിച്ചു തുടങ്ങിയിട്ടുണ്ടാവും.

അവരുടെ വിശപ്പ്‌ ശമിപ്പിക്കാൻ അവന്റെ സൃഷ്ടിക്ക് കഴിയുമായിരുന്നില്ല, ആർക്കും കഴിയുമായിരുന്നില്ല.

കണ്ണുകൾ കൊണ്ട് നക്കി തോർത്തി നിമിഷ സുഖം നേടുന്ന അനേകായിരം ആത്മാവുകളുടെ ചില്ലറ സന്തോഷമാണ് സൃഷ്ടിയുടെ വഴിയിൽ ഏതോ മുൾകെട്ടിൽ മുടി കുടുങ്ങി കിടന്ന സ്രാഷ്ടവിന്റെ ശരീരത്തിന് ശക്തി പകർന്നത്.

വഴുവഴുപ്പുള്ള കാലത്തിന്റെ പൊരുളറിയാതെ സൃഷ്ടി - സംഹാര ചക്രം വീണ്ടും തിരിഞ്ഞു കൊണ്ടിരിക്കും, അമരക്കാരനില്ലാതെ. അതിൽ ഞാനും നീയും നമ്മുടെ ചുറ്റുമുള്ളതെല്ലാം പുനർജനിക്കും.

അങ്കനവാടിയിലെ തണുപ്പുള്ള നിലത്തിരുന്നു പുഴുപ്പല്ലു കൂടുകൂട്ടിയ മോണ കാട്ടി ചിരിക്കും.

Written on March 25, 2015