അലങ്കാരികം, ദുർവിനിയോഗം!

മണപ്പുറത്ത് കിടന്നു മുകളിലോട്ട് നോക്കുമ്പോൾ നക്ഷത്രങ്ങൾ തിളങ്ങുന്ന കാൻവാസിന് ചെറിയ മഞ്ഞ കലർന്ന കറുപ്പാണെന്ന് ദിലീപന് തോന്നി. മെല്ലെ തല ചെരിച്ചു നോക്കിയപ്പോൾ ദീപ്തി തന്നെ തന്നെ നോക്കി കിടപ്പാണ്.

എണീറ്റിരിക്കാൻ ശ്രമിച്ചപ്പോൾ കൈകൾ നീട്ടിയവളത് തടഞ്ഞു.എന്നിട്ട് അവന്റെ പളുങ്കു കണ്ണുകളിലേക് നോക്കിയിട്ട് ചോദിച്ചു.

“പ്രണയത്തിന്റെ നിറമെന്താണെന്ന് ദിലീപന് അറിയുമോ?”
“ഇല്ല”
“എനിക്കുമറിയില്ല, പക്ഷേ ഇപ്പോൾ തോന്നുന്നു അതു കറുപ്പാണെന്ന്…”
“അതെന്തു കൊണ്ടാവും?” - ആകാംഷ തോന്നിയില്ലെങ്കിൽ കൂടി ആ വാക്കുകളിൽ അതുണ്ടായിരുന്നു.
“ഈ പ്രപഞ്ചത്തിന്റെ നിറം കറുപ്പാണ്. കത്തി ജ്വലിക്കുന്ന അനന്തകോടി നക്ഷത്രങ്ങൾ ഉണ്ടെങ്കിൽ കൂടി ഈ പ്രപഞ്ചത്തിന്റെ സ്ഥായിയായ നിറം കറുപ്പാണ്. ഈ വളരെ ചെറിയ ഭൂമിയിലെ നല്ലൊരു പങ്കും പ്രണയം കൈമാറുന്നത് ഇരുട്ടിനെ മാത്രം സാക്ഷിയാക്കിയാണ്…”
ഇരുട്ടിൽ മാത്രം ജനിക്കുന്ന പ്രണയങ്ങൾ. ഇരുട്ടിൽ മരിക്കുന്ന പ്രണയങ്ങൾ. ഇരുട്ടിൽ പെറ്റു പെരുകി കിഴക്കെരിഞ്ഞൊടുങ്ങുന്ന പ്രണയങ്ങൾ.

ഇറുക്കിയടക്കുന്ന കണ്ണുകളിൽ ഒരേയൊരു നിമിഷം മാത്രം മിന്നി മറയുന്ന പ്രണയം.

പ്രണയത്തെ അളക്കാനുള്ള അളവു കോല് കയ്യിലില്ലാതെ വിഷമിച്ച ദിലീപന്റെ വിരലുകൾ പോക്കറ്റിലെ ഏക ആയിരം രൂപാ നോട്ടിനെ ഒരിക്കൽ കൂടി ഞെരിച്ചു വിട്ടു…


[ഇനിയും എഴുതപ്പെടാത്ത കഥയിലെ അറിയപ്പെടാത്ത ഒരേടിൽ നിന്ന്….]

Written on April 5, 2015