പച്ച മനുഷ്യൻ
റോഡരുകിൽ കാണുന്ന ആരോ പുകച്ചു തള്ളിയ സിഗരറ്റുകുറ്റികൾ എടുത്തു വലിക്കുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്.
ആർക്കോ വേണ്ടി കോഡെഴുതി മാസം അരലക്ഷത്തിലേറെ അളിയൻ ഉണ്ടാക്കും. എന്നാലും വഴിയരികിൽ കാണുന്ന സിഗരറ്റുകുറ്റികളെ മൂപ്പര് ഒരിക്കലും വെറുതെ വിടാറില്ല.
രഘു രാജാറാം എന്ന രഘുരാമനെ ഞാൻ പരിചയപ്പെട്ടിട്ടു ഇന്നേക്ക് ഏറി വന്നാൽ ഒരു ഒന്നര മാസം ആയിക്കാണും. എന്നാലും രഘുവിനെ കുറിച്ച് ഒരുപാട് അടുത്തറിയാൻ പറ്റി. അവനെ പറ്റി എഴുതാതിരിക്കാൻ ആവുന്നില്ല.
എന്തിനും രഘുവിന് ഉത്തരങ്ങളുണ്ട്. എന്തിനാണ് അന്ന്യന്റെ എച്ചിൽ വലിച്ചു കേറ്റുന്നതു എന്ന് ഞാൻ ചോദിച്ചപ്പോഴും രഘുവിന് ഉത്തരം ഉണ്ടായിരുന്നു.
ഓരോ സിഗരറ്റും ഓരോ മനുഷ്യനാണ്. അവന്റെ വിഷമങ്ങളേയും പ്രശ്നങ്ങളെയും ഒരു നിമിഷം എങ്കിലും മറക്കാൻ വേണ്ടി പ്രാണവായുവിന്റെ കൂടെ വിഷം വലിച്ചു കേറ്റുന്ന ഒരു പാവം മനുഷ്യൻ ഇവിടെവിടെയോ ഉണ്ട്.
ഈ മണ്ണുപുരണ്ട സിഗരറ്റ് കുറ്റിയുടെ കൂടെ ഞാൻ വലിച്ചെടുക്കുന്നത് അവന്റെ ആത്മാവിനെയാണ്. ഒരു നിമിഷം അതിങ്ങനെ ഉള്ളിൽ വെച്ചിട്ട് ഞാൻ പുറത്തേക്ക് വിടും.
ഒരുപാട് വളർന്നപ്പോ എവിടെയോ കളഞ്ഞു പോയ ഇത്തിരി മനുഷ്യത്വം അങ്ങിനെ എനിക്ക് വീണ്ടും സിദ്ധിക്കും.
ഏറ്റവും നല്ല പാഠശാല ഈ പ്രകൃതി തന്നെയാണ്, മണ്ണ് ചുവക്കുന്ന എന്തിലും മാജിക് ഉണ്ടെന്നു എനിക്ക് കാണിച്ചു തന്ന രഘു രാമനെ വിവരിക്കാൻ ഒരിക്കലും എന്റെ വാക്കുകൾക്കാവില്ല.
ഈ ഭൂമിയിൽ ഒന്നിനോടും മമത പാടില്ല എന്ന് വിശ്വസിക്കുന്ന രഘു ആകെ സ്നേഹിക്ക്കുന്നത് മന്ദബുദ്ധിയായ ഒരു മെഷീനെയാണ്. എന്ത് പറഞ്ഞാലും അത് പോലെ ചെയ്യ്ന്ന, സ്വന്തമായി വിശേഷബുദ്ധി തൊട്ടുതീണ്ടിയിട്ടില്ലാത്ത പാവം കംപ്യുട്ടറിനെ.
എന്തിനും പോന്ന, എന്നാൽ സ്വന്തമായി ഒന്നിനും കൊള്ളാത്ത കംപ്യൂട്ടറിനെ സ്നേഹിക്കുന്ന രഘുവിൽ നാർസിസ്സം ആണോ ഒബ്സെഷൻ ആണോ കൂടുതൽ എന്ന് ചോദിച്ചാൽ എനിക്കറിഞ്ഞൂട.
ദേശഭക്തി എന്ന ശക്തി കുറഞ്ഞ വിഷത്തെ കുറിച്ച് രഘു രാമൻ പറഞ്ഞതിപ്പ്രകാരം ആണ്.
അതിർത്തിക്കപ്പുറമുള്ള മനുഷ്യന്റെ വിഷമം കാണാതിരിക്കാൻ, അവനും നമ്മെ പോലെയാണെന്ന് കാണാതിരിപ്പാൻ, എന്റെ കണ്ണിൽ നിറച്ച ഇരുട്ടാകുന്നു ഈ ദേശസ്നേഹം.
ഒരുപാട് കാര്യങ്ങളെ കുറിച്ച് കുറഞ്ഞ നേരം സംസാരിച്ചിട്ടു അളിയൻ അങ്ങ് പോയി. നമ്പർ മേടിക്കാൻ പോലും ഞാൻ ഓർത്തില്ല.
ഈ നഗരത്തിൽ എവിടേലും വെച്ച് എന്നേലും കണ്ടു മുട്ടുമായിരിക്കും. അന്നും അവൻ ബാറിന്റെ മുൻപിൽ വെച്ച് അടി മേടിക്കുമ്പോ ഞാൻ അവന്റടുത്തൂടെ പോകട്ടെ!