കറുത്ത വാവ്.
അജ്മീറിലെ ദർഗയുടെ പുറത്തുള്ള മിനാരത്തിന്റെ അടിയിൽ വെച്ച് ഞാൻ മുഹ്യുദ്ധീൻ ഷെയ്ഖിന്റെ റൂഹിനെ കണ്ടു.
വെളുത്ത് തുടുത്ത് മഞ്ഞത്താടി വെച്ച് ആറടി പൊക്കമുള്ള ഷെയ്ഖിന്റെ പച്ച റെയ്ബാൻ ഡിസംബർ സൂര്യന്റെ താഴത്ത് നിന്ന് മിന്നി. ഗുച്ചിയുടെ സാച്ചറ്റും, അർമാനിയുടെ ജാക്കറ്റും പിന്നെ സ്വന്തം സ്വന്തം നീല പാന്റും. അഡിഡാസ് കന്പനിക്കാര് പറഞ്ഞ പൈസ തരാത്തത് കൊണ്ട് കാലിലെ ഷൂസ് അവസാന നിമിഷം നൈക്കി ആക്കി മാറ്റേണ്ടി വന്നു.
എന്നെ കണ്ടിട്ടും കാണാതെ ഷെയ്ഖ് മാനത്ത് നോക്കി ബീഡി വലിച്ചു നിന്നു.
ഫ്രീക്കിനെ മനസ്സിലാകാതെ വണ്ടറടിച്ചു നിന്ന എന്നോട് ഷെയ്ഖ് ചോദിച്ചു:
“മോനല്ലേ ആ ബുദ്ധിജീവി ചമയണ മന്ദബുദ്ധി?”
“ആണ് പങ്കാളീ, പക്ഷെ അതിനൊന്നും പഴയ മാർക്കറ്റില്ലെന്നേ…”
“മാർക്കറ്റില്ലെന്നാര് പറഞ്ഞു? ഇയ്യാ ദർഗയിലേക്ക് നോക്ക്, അനക്ക് പടച്ചോന്റെ മിന്നലാട്ടം കാണാൻ പറ്റും.”
നോക്കിയ എന്റെ കണ്ണുകൾക്ക് ഒന്നും കാണാനുള്ള ശേഷിയുണ്ടായിരുന്നില്ല. പക്ഷെ ദർഗക്കുള്ളിലെ ഷെയ്ഖിപ്പോ എന്റെ തൊട്ടടുത് നിൽക്കുകയാണെന്ന് എനിക്ക് ഞൊടിയിട കൊണ്ട് മനസ്സിലായി.
“അല്ല ഷെയ്ഖേ, ഇങ്ങളെന്താണ് അതിന്റെ ഉള്ളിൽ പോയി കിടക്കാത്തത്?”
“അവിടെ ഭയങ്കര ചൂടാണ് മോനെ”
“ഇങ്ങള് പറഞ്ഞാൽ പടച്ചോൻ കേൾക്കുന്നാണല്ലോ നാട്ടാര് പറയണത്?”
“അനക്ക് സംശയം ഉണ്ടോ മോനെ?”
“അപ്പൊ ഞമ്മടെ കണക്കൊക്കെ പടച്ചോൻ പണ്ടക്ക് പണ്ടേ എഴുതി വെച്ചതല്ലേ?”
“ആണ് മോനേ, പക്ഷെങ്കില് ഞാൻ ചോദിക്കുന്പോ എന്തൊക്കെ മാറ്റുന്നും മൂപ്പര് എഴുതി വെച്ചിട്ടുണ്ട്”
“അപ്പൊ ഇങ്ങള് ചോദിക്കാണ്ടിരുന്നാലോ?”
“അതും എഴുതി വെച്ചിട്ടുണ്ട് മോനെ”
“അപ്പൊ ഫ്രീ വില്ലോ?”
“അങ്ങിനൊന്നില്ല മോനെ”
“അത് പൊളിച്ചു ബ്രോ!”
“അതും എഴുതി വെച്ചിട്ടുണ്ട് മോനെ”
“നമ്മക് ആ തണലത്തേക്കിരുന്നാലോ ഷെയ്ഖേ?”
“ഇരിക്കലും നിക്കലുമൊക്കെ ഇങ്ങള് ഇഹത്തിലെ കീടങ്ങൾക്കല്ലേ മോനെ, ഞമ്മക്ക് ഒക്കെ മാത്തമാറ്റിക്സാ…”
അപ്പോഴാണ് ഷെയ്ഖിന്റെ കാലു നിലത്തു മുട്ടുന്നില്ലെന്നു എനിക്ക് മനസ്സിലായത്. നൈക്കിയുടെ ഷൂസ് പെയ്മെന്റ് സെറ്റ് ആയപ്പോ അഡിഡാസ് ആയി മാറി.
“അല്ല മോനേ, ആനക്കും ഇണ്ടല്ലേ ഈ സൂക്കേട്?”
“ഏതു സൂക്കേടാണ് ഷെയ്ഖേ?”
“ഈ ഭൂമി ചുറ്റി കാണണം എന്ന് തോന്നണ സൂക്കേട്.”
“അതിങ്ങക്കില്ലാരുന്നോ ഷെയ്ഖേ?”
“അതില്ലാത്ത സൂഫികളുണ്ടോ മോനേ?”
“ഹിറ്റ്ലർ ശരിയായിരുന്നോ ഷെയ്ഖേ?”
“നെതന്യാഹു മായ്ച്ചാൽ മായുന്നതല്ല മോനേ ഹിറ്റ്ലറ്…”
“ജീസസ് വെള്ളത്തിന്റെ മുകളിലൂടെ ശരിക്കും നടന്നോ ഷെയ്ഖേ?”
“ചായക്ക് മധുരമില്ല മോനെ!”
“ഇങ്ങക്ക് പടച്ചോനിൽ വിശ്വാസമുണ്ടോ ഷെയ്ഖെ?”
“അതെന്ത് ചോദ്യാണ് പഹയാ?”
“പടച്ചോന്റെ പേരില് പേടിയില്ലാണ്ട് പറ്റിക്കണേൽ പടച്ചോനില്ലെന്നു കരുതണ്ടേ ഷെയ്ഖെ?”
“ഇല്ലാത്തതിനെ കരുതി ഉള്ളതിനെ ഇല്ലാതാക്കണോ മോനെ?”
“പറയാണ്ട് ഇങ്ങള് പറഞ്ഞു ഷെയ്ഖേ! എന്താണ് മതം?”
“പേടി കൂടാതെ പറയാൻ കഴിയുന്ന രാഷ്ട്രീയമാണ് മോനേ മതം. രാമനെ പൂജിക്കാതെ കൃഷ്ണനെ പൂജിക്കുന്ന തരുണീമണിയുടെ രാഷ്ട്രീയമാണ് മതം.”
“അപ്പൊ ആഫ്രിക്കയിൽ ഹോസ്പിറ്റൽ പണിയുന്ന മതമോ? അവരെ എനിക്കിഷ്ടമാണ് ഷെയ്ഖേ…”
“എനിക്കും ഇഷ്ടമാണ് മോനേ, നിധി തേടി നാട്ടിലെ നെൽപാടങ്ങളെല്ലാം ഉഴുതു മറിച്ച ഒരു ചങ്ങാതി എനിക്കുണ്ടായിരുന്നു. ഓന്റെ മണ്ടത്തരം കൊണ്ട് കഞ്ഞി കുടിച്ച പയിനായിരങ്ങൾക്കും ഓനെ ഇഷ്ടമാണ് മോനേ…”
“ഞാനിങ്ങനെ കറങ്ങി കൊണ്ടിരുന്നാൽ ആരെങ്കിലും എന്നെ സ്നേഹിക്കുമോ ഷെയ്ഖേ?”
“അടുക്കുന്പോൾ പൊലിയുന്ന സ്നേഹം അകലുന്പോൾ തിളങ്ങും മോനെ”
“ഇങ്ങളാരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ ഷെയ്ഖേ?”
“ഈ ദുനിയാവിനെ, മറ്റെന്തിനെക്കാളും!”
“അപ്പൊ ഇങ്ങക്ക് നരക തീയിനെ പേടിയില്ലേ ഷെയ്ഖെ?”
“ആയിരങ്ങൾ തല മണ്ണിൽ കുത്തുന്പോ പൊടിയാത്ത കണ്ണീരൊന്നും നരകത്തീ ഉലർത്തില്ല മോനെ…”
“സ്നേഹിക്കാൻ മതം വേണ്ടല്ലോ ഷെയ്ഖേ? സ്നേഹത്തിനു മതവുമില്ല. പിന്നെന്തിനാണ് മച്ചാനെ മതം?”
“അത് ഭൂതം ഭാവി വർത്തമാനമില്ലാതെ കഞ്ഞി കുടിക്കണ ജനം പരസ്പരം തമ്മിൽ തല്ലി ചാവാണ്ടിരിക്കാൻ പ്രവാചകനും ഈശോയും കാട്ടിലെ മഹർഷിമാരും പിന്നെ പേരറിയാത്ത നൂറായിരം മനുഷ്യമ്മാരും ചേർന്ന് ഊതിക്കാച്ചിയെടുത്തൊരു സുലൈമാനിയാകുന്നു. ബുദ്ധിയുറക്കും മുന്പ് നാവിൽ ഒറ്റിച്ചു കൊടുക്കും, പിന്നെ ഉറയ്ക്കുന്ന ബുദ്ധിയുടെ തറ മൊത്തം ആ ഒരു നുള്ള് സുലൈമാനിക്ക് മുകളിലാണ് മോനെ”
“അപ്പൊ പ്രവാചകനും യുദ്ധം ചെയ്തിട്ടുണ്ടല്ലോ. അവിശ്വാസികളായ ഒരുപാട് മനുഷ്യർക്ക് മരിക്കേണ്ടി വന്നിട്ടും ഉണ്ട്. അതിൽ ഒരു ശെരികേടില്ലേ ഷെയ്ഖെ?”
“വെള്ളം ചേർത്താൽ കടുമാങ്ങയുടെ രുചി പോകും മോനേ…”
“ഇങ്ങളൊരു നുണയാണ് ഷെയ്ഖെ!”
“നാലു ഡയമെൻഷനിലും പിടി തരാത്ത പടച്ചോന്റെ മുന്നിൽ ഞാൻ ഒന്നുമല്ല മോനെ”
“നുണകളിൽ വലുതും ചെറുതും അളക്കാൻ എനിക്കറിയില്ല ഷെയ്ഖേ…!”
“പറയാണ്ട് പറയാൻ ഇന്നെ പോലെ ഇയ്യും പഠിച്ചല്ലോ മോനെ. ഈ കണ്ട മുതലൊക്കെ അന്നെപ്പോലത്തെ മനുഷ്യര് വെട്ടി പിടിച്ചതാണ്. എന്റെ ദര്ഗക്ക് ചാമരം വീശുന്ന ആ വെള്ളതാടീനെ കണ്ടോ? ഓൻ മാങ്ങണ നൂറിന്റെ നോട്ട് ഓന്റെ മക്കക്കാണ്, ഞമ്മക്കല്ല! റൂഹ് വിട്ടു പിരിഞ്ഞപ്പൊ തന്നെ കണ്ണടച്ച ഞമ്മക്ക് അന്റെ മനസ്സില് മാത്രേ ജീവനുള്ളു മോനേ…”
ഷെയ്ഖ് നീല പുകയായ് മറഞ്ഞു. ഷെയ്ഖ് വലിച്ചു കൊണ്ടിരുന്ന ബീഡി മെല്ലെ നിലത്തു വന്നു വീണു, പൊന്മാൻ പൊഴിച്ച ചെന്തൂവൽ പോലെ. അതിൽ നിന്ന് വന്നു കൊണ്ടിരുന്നത് മരതക പുകയായിരുന്നു. അത് ചേർത്ത് കെട്ടിയത് നീലകൊടുവേലികൊണ്ടും.
ഞാൻ അതെടുത്ത് ചുണ്ടോട് ചേർത്തു .
ഷെയ്ഖ് വലിച്ചിരുന്നത് കഞ്ചാവല്ല, കറുത്തവാവായിരുന്നു!