ശായിറിന്റെ തണുപ്പ്. (1)

കാലിലൂടെ തണുപ്പിരച്ചു കയറുന്നതറിഞ്ഞു കൊണ്ടാണ് ശാഹിർ ഞെട്ടിയുണർന്നത്. ഞെട്ടിയുണർന്നു എന്ന് പറഞ്ഞുകൂട, മെല്ലെ മെല്ലെ ഉയർന്നു വരികയായിരുന്നു, എവിടെയോ നിന്ന്. ഇഭ്ഭൂമിയിൽ ഇത്രത്തോളം സുഖത്തിൽ ഉറങ്ങാമെന്ന് ഒട്ടും നിരീച്ചിരുന്നില്ല.

കണ്ണെത്താതെ, കാലെത്താതെ ആഗ്രഹിച്ചതിലൊന്നും എത്തിപ്പെടാതെ വെള്ള കോറതുണിയിൽ പൊതിഞ്ഞ് ഉമ്മറത്ത്‌ കിടക്കുകയാണ്. കാൽ വിരലുകൾ ചിതലരിച്ചു തുടങ്ങിയെന്നു സ്വയം ബോദ്ധ്യപെട്ടിട്ടും ആ കിടപ്പ് തുടരാനാണ് മനസ്സ് കല്പിച്ചത്.

ശാഹിറിനു മുന്നിൽ ഉപാധികളില്ല, മാറി ചിന്തിക്കാൻ വഴികളില്ല. മരണം എന്ന് മറ്റുള്ളവർ വിളിക്കുന്ന ഈ സംഗതി പോലും എത്രയോ നിസ്സാരമാണ്, ഈ യാത്രയിൽ ശാഹിർ എടുത്തു മോന്തിയ കയ്പുനീരിനു മുന്നിൽ.

കൺപോളകൾ നീരു വന്നു വീർത്തിരിക്കുന്നു. ചളിയും പൊടിയും കൂടുകൂട്ടിയ കണ്ണുകൾ വൈകാതെ ചിതലിന്റെ ഞംഞമായി മാറും. കാലാന്തരങ്ങളിൽ പിന്നിട്ട വഴികളിലെ ഏതോ ഒരുമ്മറപടിയിൽ വാക്കുകൾ വെച്ച് മറന്നു പോയിരിക്കുന്നു.

നൂറ്റാണ്ടുകൾ പഴക്കമുള്ള തറവാട്ടിന്റെ തറ ഇളകുന്ന ശബ്ദം കേട്ടു തുടങ്ങിയിരിക്കുന്നു. മൺകെട്ടിനു താഴെ ഗുലുഗുലുമുട്ടായി കൂട്ടങ്ങൾക്കുള്ളിൽ നിന്ന് വിങ്ങി പൊട്ടുന്നത് പക്ഷേ ചിതലല്ല, ചിതലരിക്കാത്ത ഓർമകളാണെന്ന് ശാഹിർ അറിയുന്നില്ല.

ശാഹിറിനത് പറഞ്ഞു കൊടുക്കാൻ ഇന്നീ ഭൂമുഖത്ത് തന്നെ ആരുമില്ല.

കല്പാന്തക ഗുലുഗുലുമുട്ടായി കാലിമങ്ങാട്ട് തേനിൽ ചാലിച്ചാണ് ചീരപിലാങ്ങോട് തറവാടിനു കുഞ്ഞന്പു തറക്കല്ലിടുന്നത് - ഒന്നര നൂറ്റാണ്ട് മുന്പ്.

കുഞ്ഞന്പുവിന്റെ മേൽവിലാസം അരക്ക്കെട്ടിയ ഒറ്റ മുഴം കയറും ഏതു പാറയും പിളർക്കുന്ന ഒരൊറ്റവെട്ട് പിക്കാസും മാത്രമായിരുന്നു. അത് കൊണ്ട് കുഞ്ഞന്പുമാപ്ല കല്ല്‌ കുത്തി പൊട്ടിച്ചു വെള്ളമുണ്ടാക്കി. കോടാലി വരച്ചു മരമീർന്നു തടിയുണ്ടാക്കി. ആ തടി കൊണ്ട് കഴുക്കോലും ഉത്തരവും നൂറായിരം ചോദ്യങ്ങളുമുണ്ടാക്കി.

കുഞ്ഞന്പുവിന്റെ യഥാർത്ഥ സ്വത്ത് പക്ഷെ ആ കയറിനു അരച്ചാൺ താഴെ കയറു പൊട്ടിക്കുന്നൊരു മൂർഖനായിരുന്നു.

കരിമൂർഖനെ ഉപാസിക്കുന്ന ഒരു പിടി കാവുകളിൽ കുഞ്ഞന്പു രാവേറി പകലാകും വരെ ബീഡി വലിച്ചു നടന്നു. കറുത്ത കുഞ്ഞന്പുവിനങ്ങനെ നാടുനീളെ വെളുത്ത മക്കളുണ്ടായി.

പടിയടച്ചു വെച്ച പിണ്ഡം ഒന്നുവെയിലുകൊണ്ടുണങ്ങും മുന്പ് തന്നെ ആ മക്കളും അമ്മമാരും വള്ളി പുള്ളി വിടാതെ ചീരപിലാങ്ങോട് തറവാട്ടിൽ വന്ന് പെറ്റുകിടന്നു.

തേയീം മക്കളേം തടഞ്ഞ് നടക്കാൻ പറ്റാണ്ടായപ്പോൾ കുഞ്ഞന്പു മാപ്ല ഒരു നാലുകെട്ടുകൂടെ പണിതു. അതിമാനുഷികം, ചീരപിലാങ്ങോട് സുവിശേഷം എന്ന് പാണനും പറയനും ജാതിക്കാ കടിച്ചപ്പോ പുളിയറിയാത്ത ബാകി ജാതി ജനങ്ങളും പാടി നടന്നു.

അതിൽ നിന്നൊക്കെയാണ് കുഞ്ഞന്പുവിന്റെ ചെക്കൻ ചീരപിലാങ്ങോട് തറവാട് വെട്ടിയെടുക്കുന്നത്. തറവാടെന്നാൽ നന്മമരമെന്നാണ് ശാഹിറടക്കമുള്ള കിടാങ്ങൾ പറഞ്ഞു പഠിച്ചത്.

നന്മമരത്തിൽ നിന്ന് ഒലിച്ചിറങ്ങിയ ചോരകറ പടച്ചോന്റെ പ്രസാദമാണെന്ന് ആൺകുട്ട്യോളെ അമ്മമാര് പഠിപ്പിച്ചും പോന്നു.

നൂറ്റാണ്ട് പഴക്കം ചെന്ന ചോരക്ക് ചകിരിയുടെ മണമാണെന്ന് കാലം പഠിപ്പിക്കും വരെ ശാഹിറും ചീരപിലാങ്ങോട്ടെ ഇടയറകളിൽ ചകിരി തുപ്പന്ന്വേഷിച്ചു നടന്നു.

കുളിക്കാൻ പോകുന്പോൾ അവൻ ആമിനുമ്മാനോട് വിളിച്ചു പറയും, “ഇങ്ങാണ്ടെവിടെയോ ഇച്ചിരി ചേരിത്തുപ്പ്ണ്ട്, മണം കിട്ടാനുണ്ട്. അത് കിട്ട്യാ കുളിക്കാൻ പോവേന്നു.”

ആമിനുമ്മ ഒന്നും മിണ്ടാണ്ട് മോന് ചെകിരിത്തുപ്പെറിഞ്ഞു കൊടുക്കും. അതാണ്‌ ശാഹിറിന്റെ ജീവിതത്തിലെ ആദ്യത്തെ മാസ്ക്. വയലൻസ് പൊത്തിപ്പിടിച്ച് ആമിനുമ്മ എറിഞ്ഞു കൊടുത്ത ഒരു തുണ്ട് ചെകിരിത്തുപ്പ്‌.

ശാഹിരിന്റെ കഥയിൽ ഈ ചോര വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കും. കാരണം ഇതൊരു വരേണ്യവർഗ്ഗ നായകൻറെ കഥയാണ്.

അധകൃതന്റെ കഥയാർക്ക് വേണം? ശാഹിർ വെളുത്തു തുടുത്ത ഒരു ഫ്രീക്കനായി അടുത്ത ലക്കത്തിൽ രംഗ പ്രവേശനം ചെയ്യും. ഞാൻ വായിച്ചു പഠിച്ച പുസ്തകങ്ങളിലെ നായകരെല്ലാം ഒരേ വർഗമാകുന്നു. ചേറിൽ മൂന്ത പൂത്തിയ ഒരു 64 വാരക്കാരന്റെ മകൻ എന്റെ കഥകളിൽ എന്തിനു വരണം?

വന്നാലും ആരെങ്കിലും വായിക്കുമോ?

1947ഇലെ പിച്ചക്കാരന്റെ മക്കളൊക്കെ എന്തിയേ? സോഷ്യലിസത്തെ മുച്ചൂടും വെറുക്കുന്ന 2016ലെ പിച്ചക്കാരന്റെ മക്കളെയും എനിക്ക് ഒരു നൂറുകൊല്ലം കഴിഞ്ഞു കാണണം. നന്നാവാൻ സമ്മതിക്കില്ല, ഒരുത്തനെയും ഞമ്മന്റെ ഹലാക്കിലെ കന്പ്യൂട്ടർ പ്രോഗ്രാം.

ഈ അവസ്ഥയിലും ശാഹിർ പൂർണ ദിശാബോധം കൈവരിച്ചിരുന്നു. ലഗാതെലദുകുദു വിദ്യാഭ്യാസം. മറ്റൊരു മാനദണ്ഡവും ഇല്ലാ എന്നോണം വാരിയെറിഞ്ഞ മാർക്കിന്റെ പ്രേതങ്ങൾ അവനെ പിൽക്കാലത്ത് വേട്ടയാടി തുടങ്ങും മുൻപേ എനിക്കീ കഥ പറഞ്ഞു നിർത്തണം.

അതാണ്‌ ഗുട്ടൻസ്, ഇവിടെ മരണവും ഒരു രക്ഷപെടലാകുന്നു. അതാണ്‌ വിദ്യകൊണ്ട് ശാഹിർ നേടിയത്.

കുഞ്ഞന്പു മാപ്ലയുടെ യാതൊരു വിധ ശാഹിരിയത്തും ശാഹിരിനു കിട്ടിയിരുന്നില്ല എന്നിട്ടും ശാഹിർ ഒരു ബീകെട്ടുകാരനായി വീട്ടിൽ തറക്കപ്പെട്ടു.

ഉമ്മറകോലായിൽ മുക്കിയും മൂളിയും മുരളിയും ശാഹിർ നാൾ കഴിച്ചു. നന്നാലുകൊല്ലം ഉപ്പുകൂട്ടി തിന്ന ചോറിന്റെ പുളിച്ചുതികട്ടൽ മറക്കാനായി അവൻ ശ്വാസമെടുത്തു തുടങ്ങി.

പക്ഷെ ശ്വാസം തൊണ്ടയിൽ കുടുങ്ങുന്നു. ഭൂമിക്ക് ചൂട്കൂടി കൂടി വന്നപ്പോൾ പുറത്തോട്ടിറങ്ങാൻ മനസ്സ് കൊതിച്ചു.

പണികിട്ടിയോരും കിട്ടാത്തോരുമായ കുടുമ്മക്കാരും നാട്ടാരും ശാഹിറിന്റെ ഉള്ളിൽ ചെമ്മീൻ വറുത്തു പുളി കൂട്ടി തിന്നു. അപ്പോഴാണ്‌ ആത്മഹത്യ എന്ന ആകർഷകമായ ഓഫർ ശാഹിറിന്റെ മുന്നിൽ വന്നു വീണത്.

പക്ഷെ അങ്ങിനെ ആത്മഹത്യ ചെയ്യുന്ന ഒരു ഏറാൻമൂളിയല്ല എന്റെ കഥയിലെ നായകൻ. ഗുലുഗുലുമുട്ടായി കൊണ്ട് കെട്ടിയ തറയിൽ ഓടി കളിച്ചു വന്ന നായകന് മരണമില്ല. തലക്കുമുകളിൽ വലിച്ചു കെട്ടിയ പാരന്പര്യത്തിന്റെ പോരിശ പറഞ്ഞ് ശാഹിറും ജയിച്ചു കയറും.

പക്ഷെ അതല്ല ഈ കഥയുടെ ഹൈലൈറ്റ്. ധനുഷ്കോടി മുതൽ നാരങ്ങാപാലം വരെ ഒരുപാട് വിടവുകളുണ്ടല്ലോ കഥാകാരന് നികത്താൻ.

അതിനെ കുറിച്ചൊക്കെ അടുത്ത ലക്കത്തില്. ഞാൻ പട്ടിണിക്കിട്ട ഒരു അപ്പാവിയാണ് ഇതുവരെ കഥ എഴുതിയത്. ഈ കഥയുടെ ബാക്കി വായിക്കാൻ ഒരുപാട് മനുഷ്യാത്മാക്കൾ കൊതിക്കും വരെ ആ അപ്പാവി ഈ കഥ എഴുതൂല. പേനയും ബുക്കും പേപ്പറും പോയിട്ട് ഭക്ഷണം പോലും കൊടുക്കൂല.

നോക്കാലോ എത്രാൾക്ക് ശാഹിറിന്റെ തണുപ്പിന്റെ ഉള്ളെടുക്കാൻ പൂതിയുണ്ടെന്ന്!

അങ്ങിനെ കുറച്ചാളുണ്ടെന്ന് ക്രൂരന് ബോദ്ധ്യപെടാത്ത പക്ഷം രണ്ടാം ഭാഗം മുതൽ എഴുതപെടില്ല എന്ന് മാത്രവുമല്ല അപ്പാവിയെ എണ്ണയിൽ പൊരിച്ച് ക്രൂരൻ സ്മോളിന്റെ കൂടെയൊരു വെട്ടും വെട്ടും.

(തുടർന്നേക്കാം…)

Written on May 17, 2016