കമ്മട്ടിപ്പാടത്തെ സൂര്യകാന്തി പൂക്കൾ.
മണ്ണിലാണ് സൂര്യകാന്തി ചെടികൾ ആദ്യമായി വളർന്നു നിന്നത്. അവ ശ്വസിച്ചു ഭക്ഷണമാക്കിയ വായുവും, കാൽച്ചുവട്ടിലേക്ക് ഒഴുകി വന്ന വെള്ളവും ഒരു തന്പ്രാനും കൊണ്ട് കൊടുത്തതായിരുന്നില്ല.
മണ്ണിൽ ചവിട്ടി, മണ്ണിനോട് പോരാടിയാണ് അവ നിന്നുപൊറുത്തത്. ഞാനിന്ന് ഈ സൂര്യകാന്തി കൂട്ടങ്ങളുടെ കഥ പറയുന്പോൾ എല്ലാരും വെളുത്തുതുടുത്തു മഞ്ഞിച്ച സൂര്യകാന്തിപൂക്കളെ മനസ്സിൽ കണ്ടു തുടങ്ങിയിരിക്കുന്നു. എന്നാലിത് കറുത്തുതടിച്ചു വരണ്ടുണങ്ങിയ മുള്ളുകളോട് കൂടിയ സൂര്യകാന്തി ചെടികളുടെ കഥയാകുന്നു.
അവയുടെ കാൽച്ചുവട്ടിൽ പുതഞ്ഞിരിക്കുന്ന കട്ട പിടിച്ച ചെളിയുടെയും കഥയാകുന്നു. കട്ട ചെളി ചികഞ്ഞു നോക്കുകയാണെങ്കിൽ നിങ്ങൾക്കവരുടെ പൂർവികരെ കാണാം - ആ മണ്ണിൽ ജനിച്ചു,ജീവിച്ചു,മരിച്ച് വരും തലമുറകൾക്കന്നമായവർ.
മലമുകൾ തൊട്ടു വരുന്ന കാറ്റിൽ അവരറിയാതെ അവരുടെ ഉടലുകൾ ഇളകികൊണ്ടിരുന്നു. കമ്മട്ടിപ്പാടത്തെ അതിജീവനത്തിനായുള്ള സമരം ആ ചലനങ്ങളിൽ സംഗീതം നിറച്ചു. ആ അതിജീവനത്തിന്റെ പാട്ടുകളാണ് കമ്മട്ടിപ്പാടത്തെ വരുംതലമുറകൾ പാടി കൊണ്ടിരുന്നത്.
ലോകമതിനെ സംഗീതമായി തെറ്റിദ്ധരിച്ചു.
കമ്മട്ടിപ്പാടത്തിന്റെ അരികുകൾ വരെ വേരിറക്കി സൂര്യകാന്തികൾ കാലാകാലം ജീവിച്ചു പോന്നു. അവർ ജനിച്ചു ജീവിച്ച മണ്ണിന് അവകാശം പറയണമെന്നവർക്കറിയില്ലായിരുന്നു. അതല്ല അവരുടെ പൂർവികർ അവരെ പഠിപ്പിച്ചത്.
അതിജീവത്തിനായി അവർ കാലാകാലം സമരസപെട്ടത് നേരും നെറിയുമുള്ളോരമ്മയോടായിരുന്നു, പ്രകൃതിയോടായിരുന്നു. അതിനവരുടെ പൂർവികരാർക്കും തന്നെ ചെപ്പടി വിദ്യകൾ പഠിക്കേണ്ട ആവശ്യവും വന്നിരുന്നില്ല.
അവരുടെ ശത്രുക്കൾ വശങ്ങളിലുള്ള മരങ്ങളായിരുന്നു. മരങ്ങളുടെ പീഡനം സഹിക്കവയ്യാതെ ചേറിൽ മുഖം പൂത്തിക്കരഞ്ഞ സൂര്യകാന്തികളുടെ തലമുറകൾക്ക് കണക്കില്ല.
അലറിക്കരഞ്ഞ അവരുടെ പാട്ടുകൾ കേൾവിക്കാർക്ക് സംഗീതമായി.
പിന്നീട് കാലം മാറി ചെപ്പടി വിദ്യക്കാർ ആ മണ്ണിൽ വന്നു തുടങ്ങുന്നിടത്താണ് കമ്മട്ടിപ്പാടത്തിന്റെ കഥയും തുടങ്ങുന്നത്.
അതിരുകളിൽ തെറിച്ചു നിന്ന സൂര്യകാന്തികളെ അവരാദ്യം കെണി വെച്ചു പിടിച്ചു. അവരിലെ അക്രമവാസനയെ കള്ളും വാക്കും കൊടുത്തുണർത്തി. അവർ ജനിച്ചു ജീവിച്ചു പോന്നിരുന്ന മണ്ണിൽ പിന്നിൽ നിന്ന് കത്തി വെച്ചു.
ഒന്നൊന്നായി നഷ്ടപെട്ടു പോകുന്പോൾ സൂര്യകാന്തികളുടെ പ്രസരിപ്പില്ലാണ്ടായി. കിളിയാട്ടി നരിയാട്ടി അന്നം തിന്നാൻ വഴിയില്ലാണ്ടായി. ഉള്ളിലെ വിഷമത്തിന്റെ വേരറിയാതെ അവർ കിട്ടിയ കള്ളും പുകയിലയും മോന്തി കൊണ്ടിരുന്നു.
വീണ്ടും വീണ്ടും മോന്തികൊണ്ടിരുന്നു.
കമ്മട്ടിപ്പാടത്തിന്റെ അതിരുകൾ മാറ്റി വരക്കപെട്ടു. സൂര്യകാന്തികൾ കുലതൊഴിൽ വിട്ടു പല വഴിക്ക് പിരിഞ്ഞു. മര്യാദക്ക് കുടുമ്മത്ത് കിടന്നവർ വരെ വഴിവക്കിലും കാനയുടെ സൈഡിലും കൊതുകുകടി കൊണ്ട് കിടക്കേണ്ടി വന്നു.
അവരെ കമ്മട്ടിപ്പാടത്ത് നിന്ന് കുടിയിറക്കിയാതാരോ?
അതിരുകളിൽ തെറിച്ചുനിന്ന കുമ്മട്ടിപ്പാടത്തിന്റെ സ്വന്തം മക്കൾ തന്നെ!
അവരെക്കൊണ്ട് അതൊക്കെ ചെയ്യിക്കാൻ മാത്രം മിടുക്കരായിരുന്നു കാലത്തിന്റെ ചെപ്പടി വിദ്യക്കാർ.
ചെപ്പടി വിദ്യക്കാരോ? വേലി കെട്ടി തിരിച്ച കമ്മട്ടിപ്പാടത്തിനു മേലെ തൂറിയിട്ടതു പോലെ കോൺക്രീറ്റ് കെട്ടിടങ്ങൾ കൊണ്ട് നിറച്ചു. അതിലേതൊക്കെയൊ ആകാശഭവനങ്ങളിൽ അവർ കൂടുകൂട്ടുകയും ചെയ്തു. കമ്മട്ടിപ്പാടത്തിന്റെ മക്കൾക്ക് എത്താൻ കഴിയാത്ത ഉയരങ്ങളിൽ അവരിരുന്നു.
താഴെ ചളിയിൽ പുളയ്ക്കുന്ന സൂര്യകാന്തികളെ പരിഹാസത്തോടുകൂടെ നോക്കി.
സമൂഹത്തിന്റെ പാർശ്വങ്ങളിൽ നിന്ന് സൂര്യകാന്തിചെടികൾ അവരെ നോക്കി പല്ലിളിച്ചു കാട്ടി. തിന്നാനും കുടിക്കാനും കിടക്കാനും ഇടമില്ലാതെ ചേറിൽ വീണുകിടന്ന സൂര്യകാന്തിചെടികളുടെ ഉടലുകൾ വീണ്ടും കാറ്റിൽ ഇളകി കൊണ്ടിരുന്നു. കള്ളിൽ പുതഞ്ഞ അവരുടെ ബോധമണ്ഡലങ്ങളിൽ വീണ്ടും പാട്ടുകളുണ്ടായി. അതിനെ ലോകം വീണ്ടും സംഗീതമായി തെറ്റിദ്ധരിച്ചു.
പക്ഷേ ആ പാട്ടുകളിലെല്ലാം തന്നെ ‘സൂര്യകാന്തി’ എന്ന പദം അശ്ലീലമായിരുന്നു. അവരുടെ കഥ പറഞ്ഞ എന്റെ പുസ്തകത്തിലവർ കത്തി വെച്ചൂ, കത്തിച്ചു.
കാലം ഒരു മൊത്തം വട്ടമായി തുടങ്ങിയിടത്ത് തന്നെ വന്നു നിന്നു.
(ഇനിയീ പാട്ടു കേൾക്കുക; പറ്റുമെങ്കിൽ ഒരിക്കൽ കൂടി വായിക്കുക. നന്ദി!)