പിഴച്ചവന്റെ നീലച്ചിത്രം.


മുറിക്കാൻ നല്ലത് വാഴത്തണ്ടാണ്; മനുഷ്യന്റെ ശരീരമല്ല.

കമ്മദ് ഉറക്കമെണീറ്റു നെറ്റി തടവി. ആകെ ഒരു മന്ദിപ്പ്. നെറ്റിയുടെ ഒത്ത നടുക്ക് ചെറിയൊരു മുഴ മുളച്ചു വന്നിരിക്കുന്നു. മുഴയുടെ ഉള്ളിൽ നിന്ന് എത്രയോ ജന്മങ്ങളിലെ പാപങ്ങൾ മെല്ലെ കുത്തി നോവിക്കുന്നു.

ഉറക്കത്തിലെപ്പൊഴോ കട്ടിലിൽ വെച്ച് കുത്തിയതാവാം. അല്ലെങ്കിൽ ഇന്നലെ അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും സത്കർമ്മം ചെയ്തതിനു പിഴച്ചവൻ തന്ന ശിക്ഷയാവാം.

എന്തായാലും തല തടവി കമ്മദ് പുറത്തേക്കു നടന്നു. ഇളയമകൾ ചായ്‌മ ഉമ്മറത്തു തന്നെ ഇരിപ്പുണ്ട്. ഇന്നലെ വാങ്ങി കൊടുത്ത പ്രഷ്യൻ ബ്ലൂ കളർ പെൻസിൽ കൊണ്ട് അവളുടെ പുസ്തകത്തിൽ എന്തോ വരയ്ക്കുന്ന തിരക്കിലാണ്. ഭാര്യ അടുക്കളയിൽ എങ്ങിനെയൊക്കെയോ. കൊണ്ടുപിടിച്ച തിരക്കിനിടയിലും കമ്മദിന്റെ കാലിച്ചായ മറന്നിട്ടില്ല. മെല്ലെ അതെടുത്തു ചുണ്ടോടടുപ്പിച്ചു ചായ്‌മ വരക്കുന്നതെന്തെന്നു കാണാൻ വേണ്ടി അയാൾ ഉമ്മറത്തേക്ക് നടന്നു.

ചുടുചായ ഊതിയൂതി ചൂടാറ്റി മെല്ലെ ചായ്‌മയുടെ പിറകിൽ നിന്ന് അവളുടെ പുസ്തകത്തിലേക്ക് എത്തി നോക്കി. അയാൾക്ക് അയാളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. തന്റെ ജീവിതം ആ ഒരു നിമിഷം തന്നെ ഇല്ലാതായിരുന്നെങ്കിൽ എന്നയാൾ ആശിച്ചു പോയി. പക്ഷെ ആത്മഹത്യാ ചിന്ത പോലും പാപമാകുന്നു.

കണ്ണുകൊണ്ട് കണ്ട തെറ്റിന് ശിക്ഷ അപ്പപ്പോൾ തന്നെ എന്നാണു പ്രമാണം. വിധി പ്രകാരം ശിക്ഷ നടപ്പാക്കേണ്ടത് കണ്ടയാൾ തന്നെ. ചായ്‌മ ശിക്ഷക്കർഹമായ പാപം ചെയ്തിരിക്കുന്നു. ശിക്ഷിക്കേണ്ടത് കണ്ണുകൊണ്ട് സത്യം കണ്ട കമ്മദും. അയാൾ മകളുടെ ശിരോവസ്ത്രം നീക്കി. പട്ടുപോലെ നേർത്ത മുടിചുരുളുകളിൽ ഒരു നിമിഷം സ്നേഹത്തോടെ തലോടി.

ഒരു ജന്മം മുഴുവൻ കൊടുക്കാനുള്ള സ്നേഹം ഒരൊറ്റ നിമിഷം കൊണ്ട് പിതാവ് മകൾക്ക് നൽകി. അനന്തരം അവളുടെ മുടി പിടിച്ചു പൊക്കി നിലത്തടിച്ചു. ഒരൊറ്റയടിയിൽ തലമുടിയുടെ പാതി പറിഞ്ഞു പൊന്നു. നട്ടെല്ല് കല്ലിൽ ഇടിച്ചു നുറുങ്ങുന്ന ശബ്ദം വ്യക്തമായി. മരണത്തിന് വരാനുള്ള സമയം കൊടുക്കരുതെന്നാണ്. വീണ്ടും ഒറ്റയടി, വെള്ളപൂശിയ ഭിത്തിയിൽ രക്തതുള്ളികൾ.

വീണ്ടും വീണ്ടും വർദ്ധിച്ച ശക്തിയോടെ കുഞ്ഞിനെയെടുത്ത് നിലത്തടിച്ചു. ഒരു കുറുകൽ പോലും പുറത്തേക്ക് വരാൻ പാടില്ല എന്നാണ് ശാസ്ത്രം. ശക്തൻ ജയിക്കട്ടെ എന്നാണു പിഴച്ചവന്റെ നിയമം. നന്മ ചെയ്യുന്നവൻ പാപി; തിന്മകൊണ്ട് ലോകം നിറക്കുന്നവനെ പിഴച്ചവൻ തന്റെ നെഞ്ചോട് ചേർത്ത് വെക്കുന്നു.

ഒരു നിമിഷാർദ്ധം അവളെ താഴെ വെച്ചു. എന്നിട്ടു കണങ്കാലിൽ പിടിച്ചുയർത്തി ചുഴറ്റി വീണ്ടും നിലത്തടിച്ചു. ഇപ്പ്രാവശ്യം തലയോട് തകർന്നു നാല് പാടും ചിതറി. ചുറ്റും ചോരക്കളം. മാംസകഷ്ണങ്ങൾ ചാരുപടിയിൽ പറ്റിപിടിച്ചു നിന്നു. ഒരു ഭാണ്ഡക്കെട്ടുപ്പോലെ അവളുടെ ചുറ്റുവസ്ത്രത്തിനുള്ളിൽ ചായ്‌മ. അനക്കമില്ല. ചോരയിൽ കുതിർന്ന അവളുടെ പുസ്തകം.

പുസ്തകത്തിൽ പിഴച്ചവന്റെ ചിത്രം. പ്രഷ്യൻ നീല നിറത്തിനു മേലെ ചായ്‌മയുടെ ചെഞ്ചോര. ചിത്രം കാഴ്ചയിൽ നിന്ന് മറയുന്നതോടെ വന്നുചേരുന്ന ശാപമോക്ഷം.

പാപം നശിച്ചിരിക്കുന്നു. കമ്മദിന്റെ കുടുംബത്തിന് ഇനി കാലമുള്ളിടത്തോളം കാലം സന്തോഷം, സമാധാനം. കമ്മദിന്റെ അടുത്ത വീട്ടിലെ ജുഹറാബിയും പുയ്യാപ്ല റൗക്കത്തും പിഴച്ചവന്റെ ഈ ലീലാവിലാസങ്ങൾ കാണുന്നു പോലുമില്ല.


ഓരോ തവണ മദം പൊട്ടുമ്പോഴും ചായ്‌മമാർ മരിക്കുന്നു. കമ്മദുമാർ സ്വർഗ്ഗത്തിലേക്ക് വണ്ടി കയറുന്നു. ജുഹറാബിയും റൗക്കത്തുമൊക്കെയായി നമ്മൾ ആലിംഗബദ്ധരായി കഴിയുന്നു. ആദിപാപം വീണ്ടും വീണ്ടും വീണ്ടും നമ്മളിൽ തന്നെ വന്നു ചേരുന്നു.

ശുഭം.

Written on July 26, 2016