പ്രണയാരംഭം.
നമ്മുടെയൊക്കെ പ്രണയങ്ങൾ എവിടെ വെച്ച് തുടങ്ങി എന്നത് ഒടേതമ്പുരാന് പോലും കൃത്യമായി പറയാൻ സാധിക്കുന്ന ഒന്നാണോ?
ആദ്യത്തെ പ്രണയം ഒന്നാം ക്‌ളാസിൽ പഠിക്കുമ്പോ, ആരാണെന്നൊന്നും ഓർമ്മയില്ല. എങ്ങനിരിക്കും എന്നും ഓർമ്മയില്ല. അതിപ്പോ ആരും ആവാം. അല്ലെങ്കിലും രൂപമില്ലാത്ത ഒരു പ്രണയം ശൈശവത്തിന്റെ മാത്രം പ്രത്യേകതയാണല്ലോ!
പിന്നീടെപ്പോഴോ ഇഷ്ടപെട്ട കളിക്കോപ്പിലോ, ഉരുണ്ടുമറിഞ്ഞുള്ള കളികളിലോ ഒക്കെ ആ പ്രണയത്തിന്റെ അപാരമായ ഊർജ്ജം നാം ഒഴുക്കികളയുന്നു. ഒരുപാട് വാശിപിടിച്ചു നേടിയെടുക്കുന്ന കളിസാമാനത്തിൽ, അത് വാങ്ങിക്കുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തിയിൽ ഏതേതോ ചോദനകൾ ഒഴുകിയൊലിച്ചു പോകുന്നു.
പിന്നീട് പുസ്തകങ്ങളെയോ കൂട്ടുകാരെയോ അല്ലെങ്കിൽ രണ്ടിനെയും ഒരുപോലെയോ സ്നേഹിച്ചു തുടങ്ങുന്നു. അതിൽ ആൺ, പെൺ, ജാതി, മതം തുടങ്ങി കേവലമായ അതിർവരമ്പുകൾ തീർക്കാൻ നമ്മൾ പഠിച്ചു തുടങ്ങിയിട്ടുണ്ടാവില്ല. ആയതിനാൽ തന്നെ നമ്മോട് ചേർന്ന് നിൽക്കുന്ന നമ്മളെപ്പോലെയുള്ള കൂട്ടുകാർ പിന്നെയുള്ള ജീവിതത്തിൽ ഉണ്ടായ്ക്കോളണം എന്നതിന് യാതൊരു ഉറപ്പുമില്ല.
വർണ-ജാതി കുൽസിത ചിന്തകൾ ഇല്ലാത്തവർക്ക് പിന്നെയും നല്ല സുഹൃത്തുക്കളും ബന്ധങ്ങളും ഉണ്ടായികൊണ്ടിരിക്കും. ഇതൊന്നും ഇല്ല എന്ന് സ്വയം വിശ്വസിക്കുന്നവരിൽ പോലും അല്പാല്പം ഇതിന്റെ അംശം കുത്തിവെക്കാൻ മാത്രം ശക്തമാണ് ഇജ്ജാതി ചിന്താസരണികൾ.
അത്തരം മണ്ടന്മാർ ഇതൊന്നും അറിയാതെ പ്രിവിലേജിൽ രമിച്ചു കാലം കഴിക്കും. സ്വജാതി ഇടിയറ്റ്സിന്റെ ആസനം താങ്ങി കാലം കഴിക്കും.
എന്തായാലും പിന്നത്തെ പ്രണയത്തിനു അതുവരെയില്ലാത്ത ചില മാനങ്ങൾ കൊടുക്കാൻ സമൂഹവും കൊമോഡിറ്റി മാർക്കറ്റും ഒക്കെ മത്സരിക്കുന്നത് കണ്ട് അന്തംവിടുന്ന കൗമാരം. കൗമാരത്തിന്റെ നെയ്‌വിറ്റിയിൽ, നിഷ്കളങ്കതയിൽ അതൊക്കെയാണ് ജീവിതം എന്നൊരു അനുമാനത്തിൽ എത്തിച്ചേരുന്നു. അറിയാത്ത അനുഭൂതികളും പ്രലോഭനങ്ങളാൽ സമ്പുഷ്ടമായ അടി പൊടി ഇടി വെടിയിൽ എത്തിച്ചേരുന്ന നൈമിഷികമാം അനന്യസുന്ദരകോമളഭ്രാന്തുകളും.
ഇതിനെക്കുറിച്ചൊക്കെ പിൽകാലത്ത് നല്ല തെളിച്ചം വന്നതായി കാണും, പക്ഷെ പോയ വർഷങ്ങൾ തിരിച്ചുതരാൻ ന്യൂറൽ നെറ്റ്വർക്സിനും കഴിയില്ലല്ല്ലോ.
പിന്നീട് വർഷങ്ങൾക്ക് ശേഷം ഇതിലൂടെ വീണ്ടും ചിന്തകൾ പായുമ്പോൾ അറിയാതെ സ്വയം തെറ്റുകാരനല്ല എന്ന് വരുത്താൻ വെറുതെ ഒരു ശ്രമം നടത്തി നോക്കും.
സ്വയം പറഞ്ഞു നോക്കും, തന്റെ കഥയിൽ താൻ എന്ത് കൊണ്ട് വില്ലനല്ലായെന്നു; തന്നെ വില്ലനാക്കിയാൽ പിന്നെ കഥക്കെന്തർത്ഥം എന്ന ചിന്തയിൽ അലിഞ്ഞില്ലാണ്ടാവും. ആത്മരതി പാപമാണോ?
അങ്ങിനെ പറഞ്ഞതെല്ലാം ഒന്നും ഓർമ്മയില്ലെങ്കിലും ചിലതൊക്കെ ഇടക്ക് തികട്ടി തികട്ടി വരും.
അന്നെന്റെ ഹോർമോണുകൾ ആട് മേക്കാൻ പോയിരിക്കുകയായിരുന്നു. അന്നുവരെ കലയും സാഹിത്യവും ടീവീ പരസ്യങ്ങളും തല തെറിച്ച കൂട്ടുകാരും എന്നിൽ പ്രണയ സങ്കൽപ്പങ്ങൾ നിറച്ചിരുന്നില്ല…
ഇന്നീ സപ്പ്ളികൾ തീർത്ത കൊട്ടാരകെട്ടിന്റെ വടക്കേമൂലയിലെ കാക്ക തൂറിയ സർവേകല്ലിലിരുന്നു അന്പലകുളത്തിലെ വെള്ളം ചേർത്ത് സ്മിർനോഫ് ചവച്ചിറക്കുമ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കുന്നു. അല്ലയോ മഹാനുഭാവാ നിങ്ങൾ എന്തിനാണ് പ്രണയിച്ചു തുടങ്ങിയത് എന്ന്…
തകർന്ന പ്രണയം വീണു വറ്റിയ കാക്കകൂട്ടിൽ ഓന്ത് മുട്ടയിടുന്നത് കാല്പനികപന്തുവരാളികൾക്ക് ഒട്ടും സഹനീയമല്ല എന്ന ചിന്ത മനസ്സിൽ വീണ്ടും പൊന്തിവരുമ്പോൾ പച്ചപ്പൊടി മഞ്ഞകുഴലിന്റടിയിൽ വെച്ച് മൂട്ടിൽ തീയിട്ടൊറ്റവലി!
[ഇനിയും എഴുതപ്പെടാത്ത പുസ്തകത്തിലെ ഒട്ടും അറിയപ്പെടാത്ത ഒരേടിൽ നിന്ന്.]
Credits: Cover Photo, IMG1, IMG2.