ആണും പെണ്ണും.

ഇന്നലെ കല്യാൺ നഗറിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ പച്ച നിറത്തിലുള്ള ഒരു മനുഷ്യനെ കണ്ടു. തൊട്ടാൽ തുളുന്പുന്ന കറുകറുത്ത കണ്ണുകളിൽ വേറൊന്നും തന്നെ കാണാനില്ലായിരുന്നു. അകത്തേക്ക് പോകുന്നതെന്തും തിരിച്ചു വരാത്ത ആ കണ്ണുകളിൽ തന്നെ നോക്കിയിരുന്നപ്പോൾ ഒരുപാട് ജന്മങ്ങൾ അങ്ങിനെയങ്ങിനെ കടന്നു പോയി.

ഇടക്കെപ്പോഴോ അയാൾ കഥ പറഞ്ഞു തുടങ്ങി…

ആണും പെണ്ണും എന്താണെന്ന് പോലും എനിക്കറിഞ്ഞൂടാ. അങ്ങ് ദൂരെ ഹാവീർതാർ മലയുടെ താഴെയും മനുഷ്യർ രണ്ടു വിധമാണ്, നിങ്ങളെ പോലെ തന്നെ.

പിന്നെയും പിന്നെയും വടക്കോട്ട് പോയാൽ മനുഷ്യർ നാല് വിധമാകും. പിന്നെയും കിഴക്കോട്ട് പോയാലോ? മനുഷ്യർ എട്ട് വിധമാകും. അനേകായിരം ജ്യാമിതീയ മണ്ഡലങ്ങളിൽ കൂടി കയറി ഇറങ്ങി മാനവരിലെ വിധങ്ങളിങ്ങനെ കൂടി കൂടി വരും; ജ്യാമിതീയമായി തന്നെ.

ത്രിമാനത്തിലെ മനുഷ്യന് ഇക്കഥകൾ അറിയാത്തതിൽ എനിക്കത്ഭുതമില്ല. എല്ലാ കഥകളും പറയാൻ സമയവുമില്ല. എന്നിരുന്നാലും ഹാവീർതാർ മലയുടെ കീഴിലെ രണ്ട് ജാതി മനുഷ്യരുടെ കഥ പറയണമെന്നു തോന്നുന്നു.

പറഞ്ഞു വരുമ്പോ ഒരു ജാതിയുടെ കഥ മാത്രമേ എനിക്ക് പറയാനൊക്കൂ. കാരണം അവർക്ക് മാത്രമേ കഥകൾ ഉണ്ടായിരുന്നുള്ളൂ.

കഥകൾ പറയാൻ പഠിച്ചത് ഒരു ജാതി മാത്രമായിരുന്നു. കഥകൾ എഴുതാൻ പഠിച്ചതും നൂറ്റാണ്ടുകാലത്തേക്ക് ഒരു ജാതി മാത്രമായിരുന്നു. പിന്നീടവർ കഥകൾ പറഞ്ഞു തുടങ്ങിയപ്പോൾ അതിലും ഒരു ജാതി മാത്രമേ ഉണ്ടായിരുന്നുള്ളു.

മുണ്ടു മടക്കി കുത്തി കിണ്ടി ചവിട്ടി തൊഴിക്കുന്ന സീൻ ആണെങ്കിലും മരണം മുറ്റി കിടക്കുന്ന ചതുപ്പുനിലങ്ങളിൽ പാരച്യൂട്ടിൽ വന്നിറങ്ങുന്ന ‘നായകൻ’ ആണെങ്കിലും അവൻ വെളുത്തവനോ കറുത്തവനോ ഓഞ്ഞ ഇന്ത്യാകാരനോ ആരുമാകട്ടെ, അവൻ ഒരു ജാതിയിൽ പെട്ടവൻ മാത്രമായിരുന്നു.

അന്യഗ്രഹജീവികളെ അവരാരും കണ്ടിട്ടില്ലായിരുന്നു, എങ്കിൽ കൂടി ഹാവീർതാർ മലയുടെ മുകളിൽ മകരമാസത്തിലെ കൊടും ചൂടിൽ പറക്കും തളികകളിൽ വന്നിറങ്ങിയ അന്യഗ്രഹ ജീവികൾക്ക് പോലും അവർ കൽപ്പിച്ചു കൊടുത്ത ജാതി ഒന്ന് മാത്രമായിരുന്നു.

ഒരു ജാതിക്കാർ മാത്രം കഥപറയുമ്പോ അവരുടെ ലോകം മാത്രമല്ലേ നമ്മൾ കാണൂ, കാലചക്രം തിരിയുമ്പോൾ അവരുടെ ചിന്താസരണികൾ മാത്രമല്ലേ ബാക്കിയാവൂ?

നോക്കൂ, നിങ്ങളുടെ അരിസ്റ്റോട്ടിലും പ്ളേറ്റോയുമൊക്കെ പെണ്ണുങ്ങളായിരുന്നെങ്കിലോ?

പത്തു പെറ്റ പ്ളേറ്റോ പതിനൊന്നാമത്തെ കുഞ്ഞിനെ വയറ്റിൽ വെച്ചുകൊണ്ടിരിക്കുമ്പോൾ വയറിളക്കം വന്നു മരിച്ചു. അരിസ്റ്റോട്ടിൽ അരിയാട്ടി അരിയാട്ടി നടുകുഴഞ്ഞു അരകല്ലിൽ തലതല്ലി വീണു മരിച്ചു.

മാർട്ടിൻ ലൂഥർ അർദ്ധരാത്രി സഭയുടെ വാതിലിൽ 95 തിസീസ് ഒട്ടിച്ചു വെക്കാൻ പോകവേ കള്ളന്മാരാൽ ബലാൽക്കാരം ചെയ്യപ്പെട്ടു.

അലക്‌സാണ്ടറിനു മൂന്നുദിവസം പ്രായമായപ്പോൾ മൂക്കിൽ ഉമിക്കരി തേച്ചു കൊന്നു. നീഷേക്ക് പതിനാലുവയസ്സുള്ളപ്പോൾ കുട്ടികൾ രണ്ട്. മുലയൂട്ടാൻ കഴിയാതെ കാഫ്‌കയുടെ കുഞ്ഞുങ്ങൾ മരിച്ചു. മനംനൊന്ത കാഫ്‌ക കുലടാൻ കലക്കി കുടിച്ചു.

ബെർണാഡ് ഷായുടെ മുഖം ഭർത്താവ് അമ്മിക്കല്ലിനടിച്ചു ചതച്ചു കളഞ്ഞു. അധികപ്രസംഗിക്ക് ആവശ്യത്തിന് കിട്ടാതിരിക്കുമോ?

ടോൾസ്റ്റോയ് എഴുതിയത് വായിച്ച അമ്മായിയമ്മ അന്നാകരിനീനയെ പോലെ അവളെയും ട്രെയിനിന് മുന്നിലെറിഞ്ഞു.

ചെഗുവേരയെ എട്ടാം ക്‌ളാസിൽ പഠിക്കുമ്പോ തൊട്ടടുത്ത ചേരിയിലെ പിള്ളേർ ആക്രമിച്ചു കൊന്നു. ചേരിയിലാണ് അവക്കടെ സാമൂഹ്യപഠനം!

മാർക്ക് ട്വയിൻ മുത്താരംകുന്ന് എൽ പ്പീ സ്‌കൂൾ ഹെഡ്മിസ്ട്രെസ്സ് വരെ ആയി. പെണ്ണ് പഠിച്ചാൽ നല്ലത് ടീച്ചറാവുന്നതാണ്.

ജോർജ് ആർ ആർ മാർട്ടിന്റെ കഥകളിൽ മൊത്തം പെണ്ണുങ്ങൾ ആയിരുന്നു. അവരൊക്കെ മാസക്കുളി മുടങ്ങുന്ന മുറക്ക് തല മുറിഞ്ഞു പോകുന്ന സാധു പ്രാണികൾ ആയിരുന്നു.

പിക്കാസോ കെട്ട്യോന്റെ ബെഡ് ഷീറ്റിൽ ചിത്രങ്ങൾ വരക്കുമായിരുന്നു. കുടിച്ചു ബോധം കെട്ടുവരുന്ന കെട്ട്യോൻ അതിൽ അവളുടെ ചോര വീഴ്‌ത്തും.

മൊസാർട്ടിന്റെ മക്കളെല്ലാം നല്ല അമ്പെയ്തുകാരായി. അവർക്കു ശ്രദ്ധ കിട്ടാൻ വേണ്ടി അമ്മ പഴയൊരു തംബുരുവിൽ താളം പിടിച്ചു കൊടുക്കുമായിരുന്നു.

എംടിയെ ഒരു പുലയൻ കുറുവടികൊണ്ടെറിഞ്ഞു പിടിച്ചു വീട്ടിൽ കൊണ്ടു പോയി. അവിടിരുന്നയാൾ ചെളിയിൽ കവിതകളെഴുതി. അടുത്ത മഴക്കത് മാഞ്ഞും പോയി.

പിന്നെയുമുണ്ട് കഥകൾ നൂറായിരം. പറഞ്ഞു തുടങ്ങിയാൽ ബോധ്യമാകും എന്ത് കൊണ്ട് ഒരു ജാതി മാത്രം ശ്രേഷ്ഠമെന്നു!

ഇരുപത്തി ഒന്നാമത്തെ വയസ്സിൽ എനിക്ക് ഹിമാലയം കാണണം എന്ന് അതിയായ ആഗ്രഹമുണ്ടായി. ഒരു ജാതിയിൽ പെട്ടവളായതിനാൽ എനിക്ക് പെട്ടെന്ന് അനുവാദം കിട്ടി. മറുജാതിയായിരുന്നെകിൽ ചന്തിക്ക് നല്ല പെട കിട്ടിയേനെ.

കാടും മലകളും കാട്ടാറുകളും കയറി ഇറങ്ങി നടക്കാൻ ഒരു ജാതിക്കേ കഴിയു. അവനാണ് ശക്തൻ; അങ്ങിനെയല്ലേ പാടുള്ളൂ. തത്വശാസ്ത്രം എന്ത് തന്നെ ആണെങ്കിലും ഒരൊറ്റ ജാതി മാത്രം അതിനെ കുറിച്ചെഴുതി. ഒരൊറ്റ ജാതിക്ക് മാത്രം മനസ്സിലാവുന്ന കാര്യങ്ങൾ. അവന്റെ ബുദ്ധി സഞ്ചരിക്കുന്ന രീതിക്കൊത്തു മാത്രം പുറത്തേക്കൊഴുകുന്ന തത്വചിന്തയുടെ ഉണക്കമുന്തിരികഷ്ണങ്ങൾ.

അവന്റെയുള്ളിൽ ഒരു ജീവൻ തുടിച്ചിട്ടില്ലെങ്കിൽ കൂടി അതിന്റെ ഫിലോസഫിയവൻ ഊഹിച്ചെടുത്തു പൂരിപ്പിച്ചു. ഇങ്ങനെ എങ്ങിനെയൊക്കെയോ ഉരുത്തിരിഞ്ഞുവന്ന യമണ്ടൻ ലോകത്തിന്റെ നെറുകയിൽ ഇരുന്നവൻ പ്രഖ്യാപിച്ചു കളഞ്ഞു,

കണ്ടാലറിഞ്ഞുകൂടെ ഇരുജാതികളും ഒന്നല്ലെന്ന്! അല്ലെന്നു വാദിക്കാൻ എന്ത് മാത്രം പടു വിഡ്ഢികൾ നിങ്ങൾ!

Written on August 10, 2016