ഇരകൾ.
ഒരു സ്ത്രീക്ക് ജീവൻ നഷ്ടമായിരിക്കുന്നു.
പട്ടി കടിച്ചു കൊന്നതാണ്; തെരുവുപട്ടികൾ. തെരുവിലെറിയുന്ന മാലിന്യങ്ങളാണ് അതിന്റെ ഭക്ഷണം. ഇടക്കവർ മനുഷ്യരെ ആക്രമിക്കുന്നു - മനുഷ്യർ മരിക്കുന്നു.
മാലിന്യകൂമ്പാരങ്ങൾ കൂടുന്നു. എലിയും, പാറ്റയും കൊതുകും പെറ്റുപെരുകുന്നു, അസുഖങ്ങൾ പടർത്തുന്നു - മനുഷ്യർ മരിക്കുന്നു.
ബാംഗ്ളൂർ വളരണം. മുംബൈ വളരണം. ഡൽഹിയും വളരണം. അതിന് കെട്ടിടങ്ങൾ ഉയരണം. ചേരികൾ ഒഴിപ്പിക്കപ്പെടണം. അങ്ങിനെ ഒഴിപ്പിച്ചെടുത്ത ചേരികളിൽ കെട്ടിടങ്ങൾ ഉയരുന്നു. പൊടി ചുറ്റും ചിതറുന്നു. പൊടി ശ്വസിക്കുന്ന മനുഷ്യർ. ശ്വാസകോശം സ്പോഞ്ചുപോലെയാണ്. വീണ്ടും മനുഷ്യർ മരിക്കുന്നു.
ഒരു സ്ത്രീ കൂടി മരിക്കുന്നു. അവളുടെ മൃതദേഹം ചുമന്നു നടക്കുന്ന ഭർത്താവ്. കണ്ടു കരയാൻ കുറേ മനുഷ്യരും. സ്ത്രീ മരിച്ചതെന്തുകൊണ്ടാണ്? വണ്ടി കിട്ടാത്തതെന്തു കൊണ്ടാണ്?
നമ്മൾ പട്ടികളെ കൂട്ടമായിട്ട് കൊല്ലാൻ പോകുന്നതെന്തുകൊണ്ടാണ്?
വർഷങ്ങൾക്ക് മുൻപ് ഒറീസ്സയിലെ കാലാഹണ്ടി എന്ന ഗ്രാമത്തിൽ ഫാനാസ് പുഞ്ചി എന്ന സ്ത്രീ തന്റെ 14 വയസ്സുള്ള ഭർതൃസഹോദരിയെ വെറും നാൽപ്പത് രൂപക്ക് വിൽക്കുകയുണ്ടായി.
വല്ല്യ പുകിലായിരുന്നു. ഹൈ പ്രൊഫൈൽ രാഷ്ട്രീയക്കാരുടെ സന്ദർശനം. നാഷണൽ മീഡിയ കവറേജ്, മാങ്ങാത്തൊലി.
ദാരിദ്ര്യം സഹിക്കവയ്യാതെ ചെയ്തു പോയതാണ്. ഭർത്താവിന്റെ മരണശേഷം എല്ലാ ചിലവുകളും അവരുടെ തലയിൽ ആയപ്പോൾ ഗദ്യന്തരം ഇല്ലാതെ അവളെ ഒരു അന്ധന് വിവാഹം ചെയ്തു കൊടുക്കേണ്ടി വന്നു. അതിനുള്ള നാട്ടുനടപ്പാണ് ഇപ്പറഞ്ഞ നാൽപ്പതുരൂപ.
ഫാനാസ് പുഞ്ചി വില്ലത്തി ആയിരുന്നില്ല. അവരും ഒരിരയാരിരുന്നു!
ദാരിദ്ര്യം മൂലം മനുഷ്യർ വിൽക്കപ്പെടുന്നു, വാങ്ങപ്പെടുന്നു. മനുഷ്യർ മനുഷ്യരല്ലാതാകുന്നു. മനുഷ്യർ മരിക്കുകയും ചെയ്യുന്നു.
ആരാണ് ഉത്തരവാദികൾ? ആരാണ് ഇരകൾ?
മനുഷ്യർ മാത്രമല്ല. മൃഗങ്ങളും പക്ഷികളും ചെടികളും ഒക്കെ മരിക്കുന്നു. കുറച്ച് കഴിഞ്ഞാൽ ഈ ഭൂമി തന്നെ മരിക്കും, അപ്പൊ പിന്നെ കുഴപ്പമില്ലല്ലോ!
താത്ക്കാലിക ആശ്വാസത്തിന് വില്ലന്മാരെ കണ്ടെത്തുക എളുപ്പമാണ്. ഒറീസ്സയിലെ സ്ത്രീക്ക് സഹായം നിഷേധിച്ച ഉദ്യോഗസ്ഥർ, ഒരു വീട്ടമ്മയെ കടിച്ചു കീറിയ നായ്ക്കൾ, ഭർതൃസഹോദരിയെ വിറ്റുകളഞ്ഞ ഫാനാസ് പുഞ്ചി.
സ്വന്തം സഹോദരങ്ങളെ വെട്ടിയരിഞ്ഞ ഗുജറാത്തിലെ നരാദ്ധമന്മാർ. പെണ്മക്കളെ ജനിച്ചുടൻ കൊല്ലുന്ന തന്തമാർ.
റോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്ന മലയാളിയാണോ അതോ അത് തിന്ന് പെറ്റു പെരുകിയ വിശേഷ ബുദ്ധിയില്ലാത്ത നായ്ക്കളാണോ ആ സ്ത്രീയെ കൊന്നത്?
അപ്പൊ പറയട്ടെ, ഇത് വരെ ഇത് മൊത്തം വായിച്ച നിന്റെ തന്തയാണ് ഇതിനുത്തരവാദി. എവിടെയാണ് തെറ്റ് എന്ന് മനസ്സിലാക്കുന്നിടത്താണ് യഥാർത്ഥത്തിൽ അഴിച്ചു പണി ആരംഭിക്കുന്നത്.