യക്ഷി.

യക്ഷി മരിച്ചു പോയി.

കഥകളിൽ മാത്രം കേട്ടു പരിചയിച്ച യക്ഷി. തക്കം കിട്ടിയാൽ ഉള്ളിലാവേശിക്കുന്ന യക്ഷി. കുടഞ്ഞെറിയാൻ കഴിയാത്ത യക്ഷി; ചൂരലിനാൽ തൊലി പൊളിയുമ്പോഴും, ഉള്ളം നീറി പുകയുമ്പോഴും പറിച്ചെറിയാൻ കഴിയാതെ ഉള്ളിലെവിടെയോ കൊളുത്തിവലിക്കുന്ന യക്ഷി.

ആ യക്ഷി പക്ഷേ മരിച്ചു പോയി.

യക്ഷി ഉള്ളിലാവേശിച്ചതല്ല. യുക്തി മുറിഞ്ഞു പോയ ഏതോയൊരു മാത്രയിൽ ഞാൻ പിന്നാലെ പോയതാണ്. അങ്ങിനെയല്ല കഥകളിൽ കേട്ടിരുന്നത്. യക്ഷി നിങ്ങളെ തേടി വരുമെന്ന്; അല്ല! ഞാൻ തിരഞ്ഞു പോയതുതന്നെയാണ്.

എന്റെയുള്ളിൽ ഇല്ലെന്ന് ഞാൻ കരുതിയ എന്തിനെയോ തേടി പോയതായിരുന്നു. അതെന്തെന്ന് മറന്നു പോയി. മറന്നതല്ല. എന്നിലില്ലാത്ത എന്തെന്നറിയാത്ത എന്തോ ഒന്ന് - അതു തേടി പോയപ്പോഴാണ് ഞാൻ യക്ഷിയെ കണ്ടത്.

കണ്ടാലറിയാത്ത യക്ഷി. പാലപ്പൂവല്ല; നിലാവിന്റെ മണമല്ല, കണ്ണഞ്ചിപ്പിക്കുന്ന ശബ്ദമല്ല. ഇതൊന്നുമല്ല യക്ഷി! അറിയാതെ, അറിയിക്കാതെ ആത്മാവിലെവിടെയോ ആവേശിച്ച ആത്മസംതൃപ്തിയുടെ യക്ഷി. എന്നെ വിട്ടു പോകാൻ മടിച്ച യക്ഷി. ഞാൻ സ്നേഹിച്ച യക്ഷി. എന്നെ സ്നേഹിച്ച യക്ഷി.

ആ യക്ഷിയാണ് മരിച്ചു പോയത്.

യക്ഷിക്ക് എങ്ങിനെ മരിക്കാനാവും. മരിച്ചവരല്ലേ യക്ഷികൾ?

അല്ല, യക്ഷിയുടെ മരണം ഞാൻ കൽപ്പിച്ചു കൊടുത്തതാണ്. എന്തിനെന്നാൽ ഒരിക്കൽ മരിച്ച യക്ഷിക്കിനി മരിക്കേണ്ടതില്ലല്ലോ - ഞാൻ സ്നേഹിച്ച യക്ഷി മരിക്കാതിരിക്കാൻ ഭൂതകാലത്തിൽ വെച്ചെവിടെയോ ഞാൻ തന്നെ യക്ഷിയെ കൊന്നു കളഞ്ഞു.

നഷ്ടപ്പെടാതിരിക്കാൻ വേണ്ടി നഷ്ടത്തെ കൂട്ടുപിടിച്ച ഞാൻ. എന്റെ സങ്കല്പത്തിൽ മരിച്ച യക്ഷി. അവളുടെ മരണത്തിന്റെ സുഗന്ധം, അതെത്ര മനോഹരമാണെന്നു നിങ്ങൾക്കറിയാമോ?

കണ്ണുമഞ്ഞളിക്കുന്ന പൂനിലാവ് നിങ്ങൾ കണ്ടിട്ടുണ്ടോ? ചെങ്കുത്തായ പാറക്കെട്ടുകളുടെ മുകളിലെ കൂർത്തുമൂർത്ത മുറിപ്പാടുകൾ പോലും വെട്ടിതിളങ്ങുന്നത്ര തീക്ഷ്ണമായ നിലാവ്?

ആ നിലാവിലാണ് യക്ഷിയുടെ മരണത്തിന്റെ സുഗന്ധം ഭൂമിയിലേക്കിറങ്ങി വരുന്നത്. വക്കുപൊട്ടിയ മൺകലങ്ങളിൽ ചോര കിനിയുന്നത്ര തണുപ്പത്ത്, ആരുമറിയാതെ, ഒരാളെയും ഉണർത്താതെ ഉലകം പൊതിയുന്ന പൂനിലാവ്.

എന്റെ ഗന്ധങ്ങളും എന്റെ ഓർമ്മകളും ഒന്ന് തന്നെയെന്ന് തോന്നിപ്പിച്ചവളാണ് യക്ഷി. അവളുടെ സ്പർശനം മരണമാണ്. എന്നെപ്പോലെ അവളും സങ്കൽപ്പിച്ചു കാണണം, എന്റെ മരണം.

സ്നേഹത്തിനായി പരസ്പരം കൊലചെയ്ത ഞങ്ങൾ. ഞങ്ങൾ ചരിത്രം മരിച്ചു നോക്കുകിൽ കണ്ടതെല്ലാം പുകച്ചുരുളുകൾ മാത്രം. എന്റെ ചരിത്രപുസ്തകങ്ങളുടെ വക്കുകളിൽ അവളുടെ കൂർത്ത നഖങ്ങൾ ഓടിനടന്നു. കറുത്ത ചോര പറ്റിപ്പിടിച്ച വക്കുകളിൽ ചുരണ്ടിയെടുത്ത കടലാസുകഷ്ണത്തിന് മനുഷ്യമാംസത്തിന്റെ രുചി.

പറയുന്നത് ഞാനല്ല, ആ വിരലുകൾ നാവിൽ വെച്ചവളാണ്. ഇതെഴുതുമ്പോൾ എന്നിൽ വീണ്ടും വീണ്ടും അവളാവേശിക്കുന്നു. എന്റെ യക്ഷി - എന്റെ മരണം.

അവളാണ് ഇന്ന്, ഇപ്പോൾ, ഇവിടെ വെച്ച് മരിച്ചു പോയത്.

യുക്തി ഭദ്രമാവണം ജീവിതം എന്ന മിഥ്യാധാരണയിൽ അഭിരമിക്കാൻ കൊതിച്ചൊരു മനസ്സിനെയവൾ നിഷ്കരുണം കൊല ചെയ്തു കളഞ്ഞു.

മണ്ണുവാരിത്തിന്നുന്ന കുഞ്ഞുങ്ങളെ അമ്മമാർ ശാസിക്കാറില്ലേ? ഓരോ രാത്രിയിലും ചോരമണവുമായി അവൾ കയറി വന്നപ്പോൾ എനിക്കും അത്രയേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. പ്രത്യയശാസ്ത്രങ്ങളും, യുക്തികളും, വിശ്വാസങ്ങളും, ഹോർമോണുകളും വരെ തോറ്റു പോയതവളുടെ മുന്നിലാണ്.

ഞാൻ സ്നേഹിച്ച എന്റെ യക്ഷി. കൊല ചെയ്യുന്ന യക്ഷി. മനുഷ്യനെ തിന്നുന്ന യക്ഷി. അവളുടെ ഭക്ഷണം എന്നതല്ലാതെ മറ്റു മനുഷ്യരുമായി ബന്ധങ്ങൾ തീർക്കാൻ എനിക്ക് കഴിഞ്ഞതുമില്ല.

കരിനീലനിറമുള്ള ആകാശം എനിക്കും പ്രിയങ്കരമായി തീർന്നു. പുലർച്ചയെന്റെ കണ്ണുമഞ്ഞളിച്ചു തുടങ്ങും. ഇരുട്ടുവീണു തുടങ്ങിയാൽ കുസൃതികണ്ണുകളുമായവൾ താഴ്‌വാരങ്ങൾ തേടി പോകും. രാവുകനക്കും മുൻപ് ഇരയെ കൊണ്ട് പനമേൽ അവളുണ്ടാകും; മനുഷ്യരുടെ കണ്ണുകൾ കുത്തിപൊട്ടിക്കാൻ അവൾക്കെന്തിഷമാണെന്നോ!

ഒരിക്കൽ ഒരു അഫ്‌ഗാനി പെൺകുട്ടിയെ തിന്നു കഴിഞ്ഞപ്പോളാണോർത്തത്, ആ കണ്ണുകൾ കുത്തിപ്പൊട്ടിക്കാൻ മറന്നു പോയെന്ന്! അവളതെനിക്കു തന്നു. എന്തു ചെയ്യണമെന്നറിയാതെ നിന്ന ഞാൻ അതെടുത്തു വായിലിട്ടു.

വാത്സല്യം തുളുമ്പുന്ന ഒരു ചെറുചിരിയാൽ അവൾ തലക്കൊരു കിഴുക്ക് വെച്ച് തന്നു. എന്നിട്ടു എന്റെ കണ്ണുകൾ പറിച്ചു കളഞ്ഞു അവക്ക് പകരം ആ പളുങ്കുഗോട്ടികൾ വെച്ചു തന്നു.

പിന്നെയൊരു ഗുസ്തിക്കാരന്റെ കയ്യുകൾ, ഒരു രാജസ്‌ത്രീയുടെ മാറിടങ്ങൾ, യോദ്ധാവിന്റെ കരങ്ങൾ, ഒരു മഹർഷിയുടെ നിതംബം, അത്താഴപഷ്ണിക്കാരനായ യുവാവിന്റെ ലിംഗാഗ്രം, ഒരു കുരുന്നിന്റെ വിരലുകൾ, കരംപിരിവുകാരന്റെ പിരികങ്ങൾ അങ്ങിനെയങ്ങിനെ…

അവളുടെ കൊലപാതകങ്ങൾക്കൊപ്പം ഞാനും മാറികൊണ്ടിരുന്നു. വർഷവും ഗ്രീഷ്മവും മാറി മാറി വന്നു, പ്രകൃതിക്ക് കണക്കു പിഴച്ചൊരുനാൾ ചന്ദ്രനും സൂര്യനും പരസ്പരം മാറിപ്പോയി.

അപ്പോഴും എന്റെ യക്ഷി കരിമ്പനക്ക് മുകളിലിരുന്ന് ഏമ്പക്കം വിട്ടു കൊണ്ടിരുന്നു. മനുഷ്യമാംസം അവളുടെ അമ്ലങ്ങളുമായി കലർന്നാലുണ്ടാവുന്നത് കസ്തൂരിയാണെന്ന് നിങ്ങൾക്കറിയില്ലല്ലോ!

അവളാണിന്നു മരിച്ചു പോയത് - എന്റെ മാത്രം യക്ഷി.

മരിച്ചതല്ല; കൊന്നതാണ്. ഒരാൾക്കേ അവളെ കൊല്ലാനാവുമായിരുന്നുള്ളു. ഒരാൾക്കേ അവളുടടുത്ത് പോകാൻ സാധിക്കുമായിരുന്നുള്ളൂ!

വിരൂപനായൊരുവൻ അവളെ കൊന്നുകളഞ്ഞു. നാളെയിനി താഴ്‌വരയിൽ സ്വാമിയും കത്തനാരും അവകാശവാദങ്ങളുമായി മാലോകരെ പിഴിയും. കൊലപാതങ്ങൾ അവസാനിക്കുന്നില്ല.

അവസാനിക്കാൻ പാടില്ലല്ലോ!

അതിനുമുന്പെനിക്ക് മരിക്കണം. എന്റെ ചിതയിൽ കസ്തൂരിയുണ്ടാകും; നൂറായിരം മനുഷ്യരുമുണ്ടാകും. അന്തരീക്ഷത്തിൽ ഞാൻ കലരുമ്പോൾ നിങ്ങളിൽ ഏറ്റവും ശക്തൻ പോലും ശ്വാസം മുട്ടി ചുമക്കും.

ആ ഒരു നിമിഷത്തിൽ നിങ്ങളിലൊരാളിൽ ഞാൻ ആവേശിച്ചിരിക്കും.

Written on September 8, 2016