ലവ് ജിഹാദും ലവ് ധർമ്മയുദ്ധവും.

പ്രണയം അസ്തിത്വത്തിന്റെ അവിഭാജ്യഘടകമാണ്. ജാരനരകളിൽ വീണുപോകാതെ, പ്രാണനെ കാർന്നു തിന്നുന്ന വിഷാദത്തിന്റെ കരിനീല സലിലത്തിൽ ആണ്ടുപോകാതെ ജീവനെ പിടിച്ചു നിർത്തുന്ന പിടിവള്ളിയാണ് പ്രണയം.

അതുകൊണ്ടാവാം വിദ്വേഷത്തിലും നമ്മൾ പ്രണയത്തെ കണ്ടെത്തുന്നത്.

പ്രണയം ലൈംഗികതയുടെ പ്രകാശനമാണെന്നു വിശ്വസിക്കണമെങ്കിൽ അങ്ങിനെ ആവാം. ശരിക്കും അങ്ങിനെ തന്നെ ആണെന്ന് തോന്നുന്നു. നമുക്കല്ലാത്തത് അപരന് കിട്ടുമ്പോൾ സന്തോഷിക്കാൻ പ്രണയം പഠിപ്പിക്കുന്നു. അതേ സമയം വിദ്വേഷമാകട്ടെ, നമ്മെ വിഷണ്ണയാക്കുന്നു.

തമ്മിൽ കലഹിക്കാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം ജനങ്ങൾ നമുക്ക് ചുറ്റുമുണ്ട്. സാബൂൻ മണക്കുന്ന ദൈനംദിന ജീവിതത്തിന്റെ മടുപ്പിൽ നിന്ന് തങ്ങളെ കരകയറ്റുന്ന കലാപങ്ങളെ അവർ സ്വപ്നം കാണുന്നു.

ജിഹാദിക്ക് സ്വർഗ്ഗമെന്ന പോലെ, എവറസ്റ്റ് കയറുന്നവന് ബേസ് ക്യാംപ് എന്ന പോലെ അവരുടെ ജീവിതങ്ങളെ മുന്നോട്ട് നയിക്കുന്ന ദീപനാളമാകുന്നു ഈ കലഹങ്ങൾ, കലാപങ്ങൾ.

നമ്മളിൽ പലരും ഗുഹകളിൽ ഉപേക്ഷിച്ചു പോന്ന ആ തൃഷ്ണകൾ അവരുടെ മാംസത്തിന് താഴെ, എല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്നു. ഇനിയൊരു കലാപം കാണുകയാണെങ്കിൽ അവിടെ പോയി നോക്കു, മുറിഞ്ഞു തൂങ്ങിയ കരചരണങ്ങൾക്കിടയിൽ കരിനീലനിറത്തിൽ നിങ്ങൾക്കവയെ കാണാം.

ഉപ്പു തൊട്ടു കർപ്പൂരം വരെ, കൊടിമരം മുതൽ ശവക്കല്ലറ വരെ, ബസ്സോ ലോറിയോ സിറിഞ്ചോ സ്പോഞ്ചോ ടാർപ്പായയോ കക്കൂസോ കപ്പലണ്ടിയോ കടലാസോ അട്ടയോ പാറ്റയോ സെപ്റ്റിക് ടാങ്കോ കുളിമുറിയോ പട്ടുസാരിയോ പാൽക്കവറോ അതിന്റെ വ്യവഹാരങ്ങളെയോ ചൊല്ലി അവർക്ക് കലഹിക്കാമായിരുന്നു.

എന്നാലും അവർ പ്രണയത്തെ ചൊല്ലി കലഹിക്കുന്ന. ഇന്ന് ഞാനതിൽ സന്തോഷിക്കുകയും ചെയ്യുന്നു.

Written on February 1, 2017