അമരം, നിർമാർജ്ജനം, ദരിദ്രം.

വളവ് തിരിഞ്ഞപ്പോൾ ഷൂസിന്റെയുള്ളിൽ എന്തോ മുളക്കുന്നതു പോലെ. കൈ എത്തിച്ചു നോക്കിയപ്പോൾ ഉപ്പൂറ്റിക്ക് താഴെയായി രണ്ടു പഴുതാരകാലുകൾ മുളച്ചു വന്നിരിക്കുന്നു. ബൂട്ടിന്റെ ഉള്ളിൽ കിടന്ന് അവ അരിക്കുന്നതാണ് ചൊറിച്ചിലായി തോന്നിയത്. ഞാൻ കൈ എടുത്തു മൂക്ക് ചൊറിഞ്ഞു. റോഡിൽ ഒരു സിഗരറ്റ് കുറ്റി കിടക്കുന്നു.

താഴെ സിഗരറ്റ് കുറ്റിയിൽ നിന്നുയരുന്ന പുക അങ്ങേയറ്റം ദുസ്സഹമായി തോന്നി. ഞാനതിനെ ബൂട്ട് കൊണ്ട് തട്ടിതെറിപ്പിച്ചു. പട്ടേൽ നഗറിലെ ഇടതോരാതേ കെട്ടിപ്പൊക്കിയ കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് നടുവിൽ വൃത്താകൃതിയിൽ ഒരാല; കൊല്ലന്റെ ആലയല്ല. അതിനു സമചതുരത്തിൽ ഒരു മേൽക്കൂര. ആലയുടെ മുന്നിലായി വിലകുറഞ്ഞ മരത്തിന്റെ തടി ഒരു ചൂടി കയറു കൊണ്ട് കെട്ടിയിരിക്കുന്നു. അവിടെ ഉച്ചക്ക് രണ്ടുമണി കഴിഞ്ഞാൽ ധോബികളായ സ്ത്രീകൾ സൊറപറഞ്ഞിരിക്കും. പക്ഷേ ഇപ്പോൾ രണ്ടു മണിയല്ല. അവിടെ ഒരു വൃദ്ധനിരിക്കുന്നു, നരച്ച കോട്ടുമിട്ട്.

എന്റെ വാച്ച് സമയം കാണിക്കുന്നില്ല. എന്ത് കൊണ്ട് സ്ത്രീകളില്ല എന്ന ചോദ്യത്തിന് ഉത്തരവുമില്ല. നരച്ച കോട്ടിൽ ഇടക്കിടക്ക് തുന്നലുകളുണ്ട്. ബനാറസി സിൽക്ക്, ജൂട്ട്, പ്ലാസ്റ്റിക് ചൂടി കയർ. വിലയുള്ള നൂലുകളല്ല, ഫ്രൈഡേ മാർക്കറ്റ് കഴിഞ്ഞു വഴിവാണിഭക്കാർ ഒഴിച്ചിട്ടുപോയ പാർക്കിങ് സ്ലോട്ടുകളിൽ ചായഗ്ലാസ്സിന്റെയും, വളിച്ച ദാലിൽ മുങ്ങി കിടക്കുന്ന റൊട്ടികളുടെയും, പ്ലാസ്റ്റിക് കവറുകളുടെയുമിടയിൽ കിടക്കുന്ന, സമ്പദ് വ്യവസ്ഥയിൽ നിന്ന് ട്രിക്കിൾ ഡൌൺ ചെയ്തു വീണ വിലപിടിപ്പുള്ള പ്ലാൻഡ് നൂലുകൾ.

ഞാൻ ഇടിച്ചു തെറിപ്പിച്ച സിഗരറ്റ് കുറ്റി വൃദ്ധന്റെ നെഞ്ചിൻകൂട് തുളച്ചു ആലയുടെ നടുവിൽ ചെന്നു വീണു. വൃദ്ധൻ കണ്ണുകളുയർത്തി എന്നെ നോക്കി. വീണ്ടും പഴയപോലെ തലകുനിച്ചിരുന്നു. കണ്ണുകളിൽ പഴയപോലെ കണ്ണീർ വന്നു നിറയുന്നു.

തൊട്ടുപിന്നിൽ ശരീരത്തിലനേകം കൊഴുപ്പിന്റെ മടക്കുകളുള്ള ഒരു സ്ത്രീയും മകനും. മകന്റെ കയ്യിൽ ഒരു ഫാറ്റുമുഠായി. അവനെന്നെ നോക്കി കൈവീശികാണിച്ചു. എന്നെ കടന്നു കഴിഞ്ഞപ്പോൾ മുഠായിയുടെ കോലവൻ ആലയിലേക്ക് നീട്ടിയെറിഞ്ഞു. വൃദ്ധന്റെ കാണ്ണുകൾക്കിടയിലൂടെ സഞ്ചരിച്ചതാലയുടെ നടുവിൽ ചെന്നു വീണു. അവിടെ ഒരു കുപ്പത്തൊട്ടിയാണ്. നഗരത്തിന്റെ മാലിന്യം നാനാദിക്കിൽ നിന്നും അങ്ങോട്ട് പറന്നു വന്നു.

ഞാൻ നോക്കി നിൽക്കെ വൃദ്ധന്റെ മൂക്കിലേക്ക് വായു പോയും വന്നുമിരുന്നു. തൊട്ടടുത്തൊരു പേരറിയാത്ത കാറിൽ നിന്ന്. കാറിലെ മധ്യവയസ്കൻ ഏ.സി ഫിൽറ്ററിൽ നിന്ന് വരുന്ന വായു മോന്തി കുടിക്കുന്നു. സൗദിയിൽ നിന്ന് വന്ന പെട്രോൾ കത്തിയുണ്ടാവുന്ന സമൃദ്ധമായ വായു പാവം വൃദ്ധന് ദാനം ചെയ്യുന്നയാളെത്ര മഹാൻ.

ചവിട്ടി നിന്നിരുന്ന കോൺക്രീറ്റ് സ്ളാബ്‌ പച്ചമണ്ണായി പോയി. ഞാൻ കുനിഞ്ഞിരുന്ന് വിരലുകൾ കൊണ്ട് മണ്ണു തട്ടി മാറ്റി നോക്കി. ആദ്യം ഒരു കുഞ്ഞു മൂക്ക് കണ്ടു. പിന്നെ തണുത്തുറഞ്ഞ കുഞ്ഞു കവിളുകൾ. ഒരു മുറിപ്പാട് പോലുമില്ലാത്ത നെറ്റിയും. കണ്ണുകൾ ചീഞ്ഞു പോയിരിക്കുന്നു. കളിചിരിയില്ലാത്ത ഒരു രണ്ടു വയസ്സുകാരിയുടെ മുഖം മണ്ണിൽ പൂണ്ടു കിടക്കുന്നു. മുഖം മാത്രം. ബാക്കി മണ്ണു ഞാൻ മാറ്റിയില്ല. നാട് മാറിപ്പോയിരുന്നു.

ദില്ലിയിലെ ഗലികളിലെ അമേധ്യത്തിന്റെയും ജീർണതയുടെയും മണമല്ല ചുറ്റും നിറഞ്ഞത്, ഗ്രാമത്തിന്റെ ക്രൗര്യം. വായിൽ നിന്ന് നുരയും പതയും വന്നു നിലത്തു കിടക്കുന്ന പശുക്കൾ. പതിനായിരം ജീവൻ ഒന്നിച്ചേന്തി സ്വർഗ്ഗത്തിലേക്ക് വലിഞ്ഞു കയറി പോകുന്ന കാറ്റ്. കൽക്കയിൽ നിന്ന് ഷിംലയിലേക്ക് സായിപ്പന്മാരെയും കൊണ്ട് വേനൽക്കാലത്ത് പേന്തി പേന്തി കയറി പോകുന്ന നാരോ ഗേജ് റേല് വണ്ടി പോലെ. പക്ഷെ കാറ്റ് തുപ്പിയത് കൽക്കരി വാടയല്ല. മീതൈൽ ഐസോസയനേറ്റിന്റെ ഗന്ധമായിരുന്നു.

ഞാൻ സ്വയം ചോദിച്ചു, മരണത്തിന്റെ രുചിയെന്താണ്? രുചിയറിയില്ലെങ്കിലും മണമറിയാൻ കഴിയും.

പെട്ടെന്ന് ചുറ്റും ഇരുട്ട് പരന്നു. ആല നിന്നിടത്തൊരോലകുടിൽ. ചുറ്റും ചീവീടും പാടശേഖരങ്ങളും. പക്ഷേ അത് മനോരമയുടേതോ അവളുടെ ഭർത്താവിന്റേതോ അല്ല.

മനോരമ അത്താഴം വിളമ്പിയാണ് ദായെ തൊട്ടിലിൽ കിടത്തിയത്. ദായ്ക്ക് രണ്ടു വയസ്സ് പ്രായം. പേരിട്ടിട്ടില്ല. തൊട്ടിലിൽ കിടത്തിയയുടനെ ഉറങ്ങി പോയി. അന്നും മനോരമ അത്താഴം കഴിച്ചിരുന്നില്ല. പാത്രം കഴുകിവെച്ച് വിളക്ക് താഴ്‌ത്തി കിടന്നു. ഡിസംബറിലെ തണുപ്പ് നട്ടെല്ല് വഴി കയറി തുടങ്ങും മുൻപ് ഉറക്കം പിടിക്കണം. തണുപ്പ് കയറി കടച്ചിൽ തുടങ്ങിയാൽ പിന്നെ ഉറക്കം നോക്കണ്ട.

കുട്ടിക്കാലത്തു മനോരമയുടെ കൂട്ട് ദീദിയായിരുന്നു. കണ്ണുകൾ പാതിയടഞ്ഞിരിക്കുന്നതാണ് ഏറ്റവും ഭംഗിയെന്ന് ദീദി പറയുമായിരുന്നു. ദീദിയെ പതിനാല് വയസ്സുള്ളപ്പോൾ കെട്ടിച്ചു വിട്ടു. പിന്നെ തിരികെ വന്നത് ഒരു പെട്ടിയിലാണ്. അപ്പോഴും ദീദിയുടെ കണ്ണുകൾ പാതിയെ അടഞ്ഞിരുന്നൊള്ളു. പോളിസ്റ്റർ സാരി കൊണ്ട് തൂങ്ങി മരിച്ചാൽ അവസാനശ്വാസം പുറത്തു പോവില്ലത്രേ. കണ്ണുകൾ പാതിയടഞ്ഞു നിക്കും. ദീദി അതാഗ്രഹിച്ചിരിക്കണം. പക്ഷേ വിജയിച്ചോയില്ലയോ എന്ന് ദീദിക്കറിയില്ലല്ലോ. പരലോകത്തു വെച്ച് ദീദിയെ കാണുമ്പോൾ അത് പറഞ്ഞു കൊടുക്കും എന്നവൾ അന്നേ തീർച്ചപ്പെടുത്തിയതാണ്.

എപ്പോഴോ ചിന്ത മുറിഞ്ഞുറങ്ങി പോയി. അധികം വൈകാതെ വീണ്ടുമുണർന്നു. വിളക്ക് കെട്ടിരിക്കുന്നു. ദാ തൊട്ടിലിൽ കിടന്നു കരയുന്നു. മനോരമ എണീക്കാൻ ശ്രമിച്ചു. ചുറ്റും ഇരുട്ട് മാത്രം. പുറത്തു ചീവിടിന്റെ ശബ്ദമില്ല. മരണത്തിന്റെ നിശബ്ദത മാത്രം.

മനോരമ ചുമച്ചു തുടങ്ങി. നെഞ്ചിന്കൂട് എരിയുന്ന പോലെ. ദാഹിക്കുന്നു. ഭൂമിയിലെ മൊത്തം വെള്ളവും കുടിച്ചു വറ്റിക്കാനുള്ളത്ര ദാഹം. നാവിന്റെ പിൻവശം അണ്ണാക്കിൽ ഒട്ടിപിടിച്ച പോലെ. ഓരോ ചുമയിലും അത് വേർപ്പെടുത്താൻ നോക്കി, കഴിയുന്നില്ല. തലച്ചോറിൽ ചിന്തകളുടെ കെട്ടുകൾ അഴിഞ്ഞു വീണിരിക്കുന്നു. ശ്വസനനാളിക്ക് തീ പിടിച്ച പോലെ. വയറെരിയുന്നു. കഫവും ഒരല്പം കഞ്ഞി വെള്ളവും മനോരമ മൺതറയിലേക്ക് ശർദ്ധിച്ചു. മടികുത്തിന് താഴെ സാരി അഴിഞ്ഞു പോയിരിക്കുന്നു. കണ്ണുകളിൽ മുളകരച്ചപോലെ. കൺപീലികൾ വീർത്തു മനോരമയുടെ കണ്ണുനീരിനെ കുടിച്ചു കളഞ്ഞു. നേരത്തോട് നേരം കഴിയുമ്പോൾ ഗ്ലൗസിട്ട കൈകൾ കൊണ്ട് അവളുടെ കൺപീലികൾ പിടിച്ചുയർത്തി ഡോക്ടർ താക്കൂർ ജൂനിയേഴ്സിന് പറഞ്ഞു കൊടുക്കും. നോട്ട് ഡൗൺ, ബ്ലെഫറോസ്പാസം - ആൻ അബ്നോർമൽ കോണ്ട്രാക്ഷൻ ഓർ ട്വിച്ച് ഇൻ ദി ഐലീഡ്. ഇൻസൈഡ് സെക്കണ്ടറി എഫക്ട്സ് കോളം. മെയ്ക്ക് നോ മിസ്റ്റേക്ക്.

നെറ്റിയിൽ നിന്ന് വിയർപ്പൊലിച്ചു വായിൽ വരുന്നു, പക്ഷെ രുചി അറിയുന്നില്ല. അതിനുള്ള അവസ്ഥയിലല്ല. ശ്വസനനാളി പൊള്ളി പുകയുന്നു. ശ്വാസം മുട്ടുന്നു. പോളിസ്റ്റർ സാരിയിൽ കിടന്നു വെട്ടി പിടഞ്ഞ ദീദിയും ഇതേ വേദന അനുഭവിച്ചിരിക്കുമോ? ഇന്ന് രാത്രി താൻ മരിച്ചു പോവുകയാണെങ്കിൽ തന്റെ കണ്ണുകളും പാതിയടഞ്ഞിരിക്കുമോ? ദീദിക്ക് താൻ പറഞ്ഞു കൊടുക്കും. തനിക്കാര് പറഞ്ഞു തരും?

രൂക്ഷമായ അന്തരീക്ഷം കാണാൻ മനോരമക്ക് കഴിഞ്ഞില്ല. ദായുടെ കരച്ചിൽ നിന്നിരിക്കുന്നു. അവൾ സമാധാനമായി ഉറങ്ങട്ടെ. ഭർത്താവ് പായയിലില്ല. വാതിലിലൂടെ ഒന്നെത്തിനോക്കാൻ മനോരമക്കായി. ഭർത്താവ് പുറത്തു മണ്ണിൽ മുഖം പൂഴ്‌ത്തി കിടക്കുന്നു. ഈ ശുംഭനും ഇന്ന് തന്നെ ചത്തു പോകുമോ? എന്റെ ദായ്ക്കിനിയാരുണ്ട്? എല്ലാ ആണുങ്ങളെയും പോലെ ആദ്യം തന്നെ ഓടിയല്ലേ ഭീരു! ഏന്തി വലിഞ്ഞു മനോരമ പടിവരെ നടന്നു.

അവിടെ വീണ് ജീവൻ വെടിഞ്ഞു. മരിക്കുന്നതിന് തൊട്ട് മുൻപ് അവളാലോചിച്ചത് പതിനഞ്ചാം വയസ്സിലെ വേനലവധിക്ക് പെരുംമഴയത്ത് കണ്ണിൽ ഉമ്മ വെച്ച് ഓടി പോയ പപ്പുവിനെയാണ്. ആ വേനൽ കഴിഞ്ഞപ്പോൾ അവളെ കെട്ടിച്ചു വിട്ടു.

അന്ന് ഭോപ്പാലിലെ കാറ്റ് സ്വർഗത്തിലേക്ക് വലിച്ചു കൊണ്ടുപോയ ആയിരക്കണക്കിന് ആത്മാക്കളിൽ ഒന്ന് മനോരമയുടേതായിരുന്നു. ദായുടെ ഫോട്ടോ വാഷിംഗ്ടൺ പോസ്റ്റിൽ വരെ അച്ചടിച്ചു വന്നു.

എ ബേബി ഹു ലോസ്റ്റ് ഇറ്റ്സ് ലൈഫ്. സോ ബ്റൂട്ടൽ, ദിസ് സ്വയിൻ കോൾഡ് കാപ്പിറ്റലിസം! ലോകം മുയുമനും പൊട്ടി കരഞ്ഞു.

യൂണിയൻ കാർബൈഡ് കമ്പനിയിൽ 49.1 ശതമാനം ഓഹരികൾ ഇന്ത്യാക്കാരുടേതായിരുന്നു.. അതിലേറ്റവും മുഴുത്ത ഓഹരി ഗവൺമെന്റിനായിരുന്നു. കമ്പനി നടത്തി കമ്പനിയും ഓഹരിയുടമകളും ലാഭമുണ്ടാക്കി. ടാക്സടച്ചു ഇന്ത്യയിലെ വിദ്യാർത്ഥികളെ ഐ ഐ ട്ടിയിൽ വിട്ടു പഠിപ്പിച്ചു നാരായണ മൂർത്തിയുടെ കമ്പനിയിലെ കമ്പ്യൂട്ടറിൽ കുത്താൻ യോഗ്യരാക്കി. പ്ലാന്റ് ചുറ്റുപാടും പ്രകൃതിയെ മലിനമാക്കി, നശൂലമാക്കി, നാട്ടുകാരുടെ ജീവിതം ദുസ്സഹമാക്കി. പക്ഷേ ഓഹരിയുടമകൾ ലാഭമുണ്ടാക്കി.

പക്ഷേ പ്ലാന്റ് പൊട്ടിത്തെറിച്ചു.

പ്ലാന്റ് പൊട്ടിതെറിച്ചപ്പോൾ മരിച്ചത് മനോരമയും ബാക്കി ആയിരങ്ങളും. കേസ് വന്നപ്പോൾ അവരുടെ വക്കാലത്ത് നിയമം മൂലം ഗവണ്മെന്റ് ഏറ്റെടുത്തു. നഷ്ടപരിഹാരം കൊടുക്കേണ്ട കമ്പനിയിൽ മുഴുത്ത ഓഹരിയുള്ള ഗവണ്മെന്റ് തന്നെ അവർക്ക് വേണ്ടി കേസ് വാദിക്കാൻ വേണ്ടി വാശി പിടിച്ചു, നിയമം മൂലം അതിനുള്ള അധികാരം പിടിച്ചു വാങ്ങി. ഗവണ്മെന്റിനെതിരെ ഗവൺമെന്റ് കോടതിയിൽ കേസ് വാദിച്ചു!

ഒരിക്കൽ മരിച്ച അവരെയൊക്കെ കുഴി തോണ്ടിയെടുത്തു മഞ്ചൂരിയനാക്കി അണ്ണാക്കിൽ തള്ളി.

താമര തമിഴ് ബോംബ് പൊട്ടി ചത്തത് നന്നായി. ഇല്ലേൽ പുഴുത്ത് മണ്ണിൽ വീണേനെ.

കാഴ്ച വീണ്ടും മങ്ങി. സൂറത്തിലെ ഒരു ചേരി. അതിന്റെ ഓരത്തുകൂടെ ഞാൻ ട്രെയിനിൽ ഒഴുകി പോകുന്നു. കറുത്ത വെള്ളത്തിൽ കൂടി ഒരു രണ്ടു വയസ്സുകാരൻ ട്രെയിനിന് സമാന്തരമായി ഓടി കൊണ്ടിരുന്നു. ഓരോ ചവിട്ടടിയിലും അവൻ തെറിപ്പിച്ച കറുത്തപാടകെട്ടിയ ജലം എന്റെ മുഖത്താണ് വന്നു വീണത്.

പാർക്ക് സർക്കസ്, കൊൽക്കത്ത. റോഡരുകുകളില്ല.അവിടെയെല്ലാം വെച്ച് കെട്ടിയ ടാർപ്പായ കുടിലുകൾ മാത്രം. പകൽ വാണിഭം നടത്തി രാത്രി അവിടെ തന്നെ അടുപ്പു കൂട്ടി ഉണ്ടുറങ്ങുന്ന നഗരത്തിന്റെ മക്കൾ. കൊൽക്കത്ത എന്ന നഗരത്തിന് സോപ്പിന്റെ വാടകൊടുക്കുന്നതിവരാണ്. പകൽ തുടങ്ങുമ്പോഴും ഒടുങ്ങുമ്പോഴും ഹൗറയിലെ വെള്ളം ഗവണ്മെന്റ് ഒന്നായി പൈപ്പ് വഴി ഒഴുക്കികൊടുക്കും. മൂടിയിലാത്ത പൈപ്പുകളിൽ നിന്ന് ജലം ഒഴുകികൊണ്ടേയിരിക്കും.. അവർക്ക് കുളിക്കാനും കുളിപ്പിക്കാനും പാത്രം കഴുകാനും, പാചകം ചെയ്യാനുമൊക്കെ. ഹൗളുകളിൽ വെള്ളം പിടിച്ചു വെക്കാൻ കഴിയുന്നവർ അത് ചെയ്യും. ബാക്കിയുള്ളവർ പതയിൽ മുങ്ങി നിന്ന് വഴിയോരത്തു വെച്ച് സ്നാനം കഴിക്കും.

കറുത്ത ജലത്തിൽ കയ്യിട്ടടിച്ച് കളിക്കുന്ന പത്തോളം കുട്ടികൾ. സയ്യിദ് അമീർ അവന്യുവിലെ സീഷാൻ ഹോട്ടലിൽ അല്പസമയത്തിനകം കെബാബാവാൻ തയ്യാറായി നിൽക്കുന്ന കുഞ്ഞാടുകൾ ഇതേ വെള്ളത്തിലേക്ക് പച്ചപയറുമണികൾ കുടഞ്ഞിടുന്നു. ഈ കുട്ടികൾ നാളെ പത്തു ശതമാനം വെച്ച് വളരുന്ന എകണോമിയിലെ വെള്ളം തൊട്ടടുത്ത പൈപ്പിൽ നിന്ന് കുടിക്കുംമായിരിക്കും.

ധാരധാരയായി. ട്രിക്കിൾ ഡൌൺ, മി ലോഡ്.

അവിടെ വലിച്ചു കെട്ടിയ ടാർപ്പായകളിൽ ഒരെണ്ണത്തിൽ കയറിയ ഞാൻ എത്തിപ്പെട്ടത് നാഗവരയിലാണ്. മാന്യതാ ടെക് പാർക്കിന്റെ മെയിൻ ഗേറ്റിന്റെ അപ്പുറത്ത് വലിച്ചു കെട്ടിയ ഒരു ടാർപ്പായയുടെ ഉള്ളിലാണ് ടെക്കികൾ സിഗരറ്റ് വലിക്കാൻ വരുന്നത്.

ഞാനൊരു ചായ പറഞ്ഞു ഒരെണ്ണം കത്തിച്ചു നിലത്തോട്ട് നോക്കിയപ്പോൾ. ഷൂസുകൾക്കിടയിൽ ഒരു വൃദ്ധൻ. കർഷകനാണ്. തലയിൽ കെട്ടൊക്കെയുണ്ട്. വിശ്വേശരയ്യയെ പോലെ. തുകൽ ബെൽറ്റും വെള്ളയും ഷർട്ടും വെള്ള മുണ്ടും. കയ്യിലൊരു ബ്രാണ്ടില്ലാത്ത മദ്യകുപ്പി. ചുറ്റും പച്ചനിറത്തിൽ ശർദ്ധിച്ചുവെച്ചിട്ടുണ്ട്. അങ്ങോട്ട് നോക്കണ്ട എന്ന് അവിടെ ഐസ് ബസ്റ്റ് വലിച്ചു കൊണ്ട് നിന്ന ഒരു ചേട്ടൻ ആംഗ്യം കാണിച്ചു. പക്ഷേ അപ്പോഴേക്കും ആയാളും എന്നോട് കഥ പറഞ്ഞുകഴിഞ്ഞിരുന്നു.

ഉത്തരകർണാടക. വരൾച്ച വന്നപ്പോൾ ഒരു വാട്ടർ വൈഫിനെ പുതിയതായിട്ട് കെട്ടിയിട്ടാണ് നഞ്ചപ്പ ബാംഗ്ലൂർക്ക് വണ്ടി കയറിയത്. ഒരു കുടുംബത്തിന് വേണ്ട വെള്ളം കൊണ്ടുവരാൻ വേണ്ടി മാത്രം ഒരു പതിനാലു വയസ്സുകാരി സ്‌കൂൾ വിട്ടു വന്നു സുമംഗലിയായി. വരൾച്ച വന്നപ്പോൾ ആദ്യം പെട്ടത് നിലമില്ലാത്ത പണിക്കാരായിരുന്നു. അവര് നാട്ടിലെ മൺകൂര വിട്ട് ബെലഗാവിയിലും ബാംഗ്ലൂരും റോഡരുകിൽ കിടപ്പായി. വീട്ടിൽ ഭാര്യയും മക്കളും ബാക്കിയായി.

പിന്നെ കർഷകർക്കും നാട് വിടേണ്ടി വന്നു. നഞ്ചപ്പ നാട് വിടുമ്പോൾ ആണുങ്ങൾ അധികം ബാക്കിയുണ്ടായിരുന്നില്ല ആ ഗ്രാമത്തിൽ. ഒരു വരൾച്ച വരുമ്പോൾ ബാലികാ വിവാഹങ്ങളുടെ തോതും മുകളിലോട്ട് പോകും. ആണുങ്ങൾ വീട്ടിലില്ലെങ്കിൽ പെണ്മക്കളെയാര് നോക്കും?

ബാലികാ വിവാഹത്തിലെ മക്കൾ നശിച്ചു പോകും. കെട്ടിച്ചയച്ച മക്കളുടെ ദുരിതം കണ്ട് മാതാപിതാക്കളും. ഒരൊറ്റകൊല്ലത്തെ വരൾച്ച നശിപ്പിക്കുന്നത് മൂന്ന് തലമുറയെയാണ്. നഞ്ചപ്പ നാഗവരയിലെ തീട്ടം മണക്കുന്ന നിലത്തോന്ന് തിരിഞ്ഞു കിടന്നു. അഞ്ചേക്കർ ഭൂമി സ്വന്തമായുള്ള നഞ്ചപ്പ കിടന്നിടത്തു ഭൂമി പിളർന്നു താഴേക്ക് പോയി. ഞാൻ റെയ്ബാൻ കണ്ണട മാറ്റി ശോ ശാഡ് വിളിച്ചു ഖിന്നനായി. വികാരപരവശനായി.

ഗ്ളാസ്സിന്റെ ഉള്ളിൽ നിന്ന് ഓൾഡ് മോങ്ക് എന്നെ നോക്കി ചിരിച്ചു. ഇന്ന് ഞാൻ മരിക്കാനാഗ്രഹിക്കുന്ന ആ ദിനങ്ങളിൽ പെട്ട ഒന്നാണെന്ന് വെറുതേ ഓർമിപ്പിച്ചു. ആ ദിനങ്ങളെ ഞാൻ പേടിക്കാതായിട്ട് നാളുകളേറെയായിട്ടില്ല. കഥകളാണ് എന്നെ കൈ പിടിച്ചു കൊണ്ടു നടന്നത്. ഞാൻ കഥാവശേഷനാകുമ്പോൾ എന്തെ കഥകൾക്ക് എന്ത് പറ്റും എന്നാലോചിച്ചു കൊണ്ട് ഞാൻ അടുത്ത സിഗററ്റിന് തീകൊളുത്തി.

ശാന്തിഃ!

Written on July 4, 2017