പുൽച്ചുരുളിലെ വിശുദ്ധപാഠങ്ങൾ.

“ഈ നടപ്പാലം വയി തോട് കടക്കാ. റോഡ്`ഇത് വരൊള്ളു. ആ വരമ്പത്തൂടെ ഒറ്റ പിട്ത്തം പിടിച്ചാല് കോളനിയെത്തും. അയിന്റടുത്ത് തന്നേണ് മാശിന്റെ വീട്. ഇങ്ങള് നടന്നൊളി”

മൺപാതയുടെ ഒടുക്കം എന്നെ ഇറക്കി വിട്ടിട്ടു ഓട്ടോറിക്ഷാക്കാരൻ തിരിച്ചു പോയി. മഴമാറി റോഡിൽ മണ്ണുപറന്നു തുടങ്ങിയിരിക്കുന്നു. ചുറ്റും കണ്ണെത്താത്തത്ര ദൂരം നെൽപ്പാടങ്ങൾ. അതിൽ പേരറിയാത്ത അനേകം പക്ഷികളും അവരുടെ മക്കളും മക്കളുടെ മക്കളും. പണ്ട് സ്കൂളിൽ വെച്ച് നാണു മാഷ് പഠിപ്പിച്ചു തന്ന ഒരു വായ്‌ത്താരിക്കണക്ക് ഓർമ്മയിൽ നിന്ന് കണ്മുന്നിലേക്ക് ഊർന്നിറങ്ങി വന്നു.

വലയിൽ വീണൊരു കിളി അത് വഴി പോയ കുഞ്ഞിചെക്കനോട് ചോദിച്ച കണക്കാണ്. “ഞങ്ങളും ഞങ്ങളും ഞങ്ങളിൽ പകുതിയും, അതിന്റെ പകുതിയും പിന്നെ ഞാനും ചേർന്നാൽ നൂറ്. അപ്പൊ ഞങ്ങളെത്ര?”

ഇമ്പത്തോട് കൂടി മാഷ് നീട്ടി ചോദിക്കും. “ഞങ്ങളെത്രാ, ഞങ്ങളെത്രാ, ഞങ്ങളെത്രെയാണ് കുട്ട്യാളേ!” പണ്ടെങ്ങോ മെഴുകുപൂശി പോളിഷ് ചെയ്ത മരബെഞ്ചിന്റെ മുകളിൽ നഖം കൊണ്ട് പാടുണ്ടാക്കി ഞാൻ താഴെ നോക്കിയിരിക്കും. ബെഞ്ചിലും ഡെസ്കിലും അനേകായിരം വർഷങ്ങളുടെ ഓർമ്മകൾ നഖക്ഷതങ്ങളായി പതിഞ്ഞു കിടക്കുന്നു. ഇടക്ക് കരിഞ്ഞു കുഴിഞ്ഞു പോയ പാടുകൾ. അവക്ക് മേലെ പുതിയൊരു മെഴുകുപാളി വന്നടഞ്ഞിരിക്കുന്നു. ഓർമ്മകൾ മങ്ങിമാഞ്ഞു പോകുമ്പോൾ അവക്ക് മേലെ പുതിയ പാളികൾ വന്നു വീഴുന്നു. ഒരുപാട് പാളികളിങ്ങനെ വന്നു കൊണ്ടിരുന്നാൽ നാളെ നമ്മൾ നമ്മൾതന്നെയല്ലാതാവുകയില്ലേ?

ബെഞ്ചിന്റെ ചതഞ്ഞു പോയൊരു കാലിനു കീഴെ മാതൃഭൂമി പത്രം എട്ടായി മടക്കി വെച്ചിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെടുന്നു. ലംബമായി ഒഴുകിക്കൊണ്ടിരുന്നു സമയം എന്റെ കാൽനഖങ്ങളുടെയിടയിൽ വന്നു ചുരുണ്ടുറങ്ങുന്നു. കാൽ മാറ്റി നോക്കുമ്പോഴവ മെല്ലെ നീങ്ങുന്നു. കാലങ്ങളെടുത്ത് തള്ളവിരൽ കൊണ്ട് ഹവായിചെരുപ്പിൽ ഞാൻ കുഴിച്ച കുഴികളിലേക്കത് മെല്ലെ ഒലിച്ചിറങ്ങുന്നു. ബാല്യ-കൗമാര-യൗവ്വനങ്ങളിൽ എവിടെയോ വെച്ചുറച്ചു പോയ എന്റെ മനസ്സ് പൊടുന്നനെ പ്രായം രുചിച്ചു തുടങ്ങിയ നട്ടെല്ലിന് നടുവിലൊന്നു തൊടുമ്പോഴാണ് ഞാൻ ഞെട്ടിയുണരുന്നത്.

ഓട്ടോറിക്ഷ മൺപാതയുടെ അങ്ങേയറ്റത്തെത്തിയിരിക്കുന്നു. പോയ വഴിയിൽ പൊടിയുടെ ഒരു മേഘം തന്നെയുണ്ട്. ചുറ്റുമുള്ള ഭൂമിയിലേക്ക് പെയ്തിറങ്ങുവാൻ വിസമ്മതിച്ചു കൊണ്ടതിങ്ങനെ വായുവിൽ തങ്ങി കിടക്കുന്നു. എന്റെ അവസ്ഥയും ഏകദേശം ഇതുപോലെ തന്നെ. രേണു കൂടെയില്ലാതെ പുറത്തേക്കിറങ്ങുന്നത് വിരളം. ഇടതു ചെവിയിലെ മൂളക്കം തത്ക്കാലം കേൾക്കുന്നില്ല. പ്രപഞ്ചത്തിലെ കടന്നൽ കൂടുകളൊക്കെയും ഒരുമിച്ചിളകി വരുമ്പോലെയുള്ള ആ മൂളക്കം എന്നെ വേട്ടയാടുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കണ്ണിൽ ഇരുട്ടു കയറുന്ന നേരങ്ങളിൽ, ചുറ്റുമുച്ചസ്ഥായിയിൽ പക്കമേളം കൊടുമ്പിരി കൊള്ളുന്ന നിമിഷങ്ങളിൽ, രേണു കയ്യിലെ ഞരമ്പുകൾ തേടി പരക്കം പായും. മനംപിരട്ടുന്ന ഹോസ്പിറ്റൽ മുറികളിൽ നിന്ന് ഒരൊറ്റ നിമിഷം ഞാൻ ലോകോളേജിന്റെ ഇടനാഴികളിലേക്ക് എറിയപ്പെടും. വീണ്ടും ആ ഇരുമ്പുദണ്ഡ് സർവ്വശക്തിയോടും കൂടി തലയിൽ വന്നു പതിക്കും. എവിടെയോ ഉറച്ചുപോയ കാലം കാൽവെള്ളയിൽ നിന്ന് മെല്ലെ മുകളിലേക്കിഴഞ്ഞു കയറും. തുടകളും പിന്നെ വയറും കൂട്ടിയിറുക്കി ആ സർപ്പം മെല്ലെ മുകളിലേക്ക് കയറുമ്പോൾ ഞാൻ നിദ്രയിലേക്കിറങ്ങി പോകും.

നട്ടെല്ലിലൂടരിച്ചു കയറുന്ന തണുപ്പിനെ വകവെക്കാതെ ഞാൻ തോടിനെ ലക്ഷ്യമാക്കി നടന്നു തുടങ്ങി. തോടിനപ്പുറം നങ്ങേലിപ്പാടം. ഒരു വശത്ത് നീർക്കോലികൾ നീന്തുന്ന ആളിപുളിഞ്ചിറ. അതിനുമപ്പുറം ഭൂമിപാതാളം. പിന്നെയും പോയാൽ നാണു മാഷിന്റെ വീട്.


“മാശ്ട ആരേനു?”

“വിദ്യാർത്ഥിയാണ്”

“ആം. അങ്ങാട്ടിരുന്നോളി. കുളിപ്പിക്കാണ്.”

തലയിൽ ഒറ്റപ്പൂടയില്ലാത്തൊരു മദ്ധ്യവയസ്കൻ കാണിച്ചു തന്ന കൈയില്ലാത്ത പ്ലാസ്റ്റിക് കസേരയിൽ ഞാനിരുന്നു. ചെറിയ കരിങ്കൽ കഷ്ണങ്ങൾ വിരിച്ച മുറ്റത്തു പ്ലാസ്റ്റിക്ക് കസേരക്ക് ഇരിപ്പുറക്കുന്നില്ല. ഒന്ന് രണ്ടു തവണ ഞാൻ നിരങ്ങിയിരുന്നപ്പോൾ കല്ലുകളെ വശങ്ങളിലേക്ക് മാറ്റി കസേര താഴെയുള്ള മണ്ണിൽ കാൽകുത്തിപ്പിടിച്ചു നിന്നു. ചാരുമ്പോൾ പുറകോട്ട് വളയുന്നുണ്ട്. ഞാൻ നട്ടെല്ലുനിവർത്തി ഗൗരവത്തിൽ ഇരിക്കാൻ ശ്രമിച്ചു.

സ്‌കൂളിൽ എല്ലാർക്കും പഥ്യം അച്യുതൻ മാഷിനെയായിരുന്നു. വെളുത്തമുടിപിരികങ്ങളും തിളങ്ങുന്ന വലിയ മൂക്കും. കഞ്ഞിപശയിൽ മുക്കി വടിപോലെ തേച്ചെടുത്ത വെളുത്ത മുണ്ടും ഷർട്ടും ഷർട്ടിനു മേലെ പച്ചിച്ച സമാന്തരരേഖകളുള്ള വേഷ്ടിയും. കട്ടിക്കണ്ണട, കയ്യിൽ വടി. പക്ഷേ മാഷ് അപൂർവ്വമായി മാത്രമേ വടി വീശുകയൊള്ളു. സരസമായ കവിതാശകലങ്ങളും ചിലപ്പോൾ അക്ഷരശ്ലോകങ്ങളും അനായാസേന മാഷിന്റെ നാവിൻതുമ്പത്തു വരും. അന്നാട്ടിലെ ഒരേയൊരു യുപി സ്കൂളിലെ പ്രതിഷ്ഠാമൂർത്തിയായിരുന്നു സർവ്വഗുണങ്ങളും തികഞ്ഞ സാത്വികനായ അച്യുതൻ മാഷ്.

നാണു മാഷ് കണക്കധ്യാപകനായിരുന്നു. കണക്കും ഇംഗ്ലീഷും പഠിപ്പിക്കും. പന്തുകളി മുറിയുടെ താക്കോൽ നാണു മാഷിന്റെ കയ്യിലായിരുന്നു. പല്ലുന്തിയ നാണുമാഷിനെ കുട്ടികൾ പെരന്തനെന്നു വിളിച്ചു പോന്നു. മാഷിന്റെ അച്ഛൻ തെങ്ങുകയറ്റക്കാരനായിരുന്നത്രെ. ചെറുപ്പത്തിൽ അച്ഛനിട്ട തേങ്ങാകടിച്ചാണ് മാഷിന്റെ പല്ലുന്തിയത് എന്ന് കണ്ടുപിടിച്ചത് പലിശക്കാരൻ നായരുടെ മകൻ രമേശനാണ്. എന്റെ കറുത്തുചുരുങ്ങിയ മുഖവും ചുരുണ്ട മുടിയും കാരണം എന്റെ തന്തയാണ് നാണുമാഷെന്ന് രമേശൻ പ്രഖ്യാപിച്ചു കളഞ്ഞു.

ഇടവപ്പാതിക്ക് ചോർന്നൊലിക്കുന്ന ഓലപ്പുരയിൽ തിന്നാൻ തരുന്ന തന്തമാരെയൊന്നും കണ്ടു ശീലമില്ലാത്ത ഞാൻ അതങ്ങു വിശ്വസിക്കുകയും ചെയ്തു. രമേശനെ എനിക്കിഷ്ടമായിരുന്നു. പക്ഷേ നാണുമാഷിനെ ചീത്ത പറഞ്ഞൊരുനാൾ ഞാനവന്റെ അടിവയറ്റിൽ ഒരു ചവിട്ടുവെച്ചു കൊടുത്തു.

പിറ്റേന്ന് പലിശനായർ സ്കൂളിൽ വന്നു വലിയ പുകിലുണ്ടാക്കി. ഞാൻ കാര്യം പറഞ്ഞപ്പോൾ വെളുക്കെ ചിരിച്ചുകൊണ്ട് അച്യുതൻ മാഷിനോട് ചോദിച്ചു. “പിന്നെ പെരന്തനെ പെരന്തനെന്നല്ലാതെ നമ്പൂരീന്നു വിളിക്കാൻ പറ്റുമോ? അഹ് അഹ്. ചെക്കനെ തല്ലിയാൽ ചത്ത് പോകും, അതാ തല്ലാത്തെ അഹ് അഹ്. ഇനി തല്ലിയാൽ രമേശൻ നിന്റെ തലതല്ലിപൊളിക്കും, കേട്ടോടാ. മര്യാദക്ക് നടന്നോ ചെറ്റേ. അഹ് അഹ് അഹ്…”

അച്യുതൻ മാഷ് മന്ദസ്മിതം തൂകി ജനലഴികളിൽ കൂടി പുറത്തോട്ട് നോക്കി നിൽക്കുന്നു. നെല്ലിലിട്ടു പുഴുങ്ങിയെടുത്ത ആ ചൂരൽ വായുവിലൂടെ നാല് ചാട്ടം ചാടി. അപൂർവ്വമായി മാത്രം ചലിക്കുന്ന ആ ചൂരലിനായി ജനിച്ച അപൂർവ്വങ്ങളിൽ അപൂർവ്വമായി ഞാൻ രൂപാന്തരപ്പെടുകയായിരുന്നു.

പിന്നീടുള്ള നാളുകൾ മറക്കാൻ ബുദ്ധിമുട്ടാണ്. കാൽമുട്ടിന് പിന്നിൽ ചൂരലിന്റെ വണ്ണത്തിൽ ഇടവിട്ട രണ്ടു ചുവന്ന വരകൾ. ചിലപ്പോൾ നീലിച്ചു കാണപ്പെട്ട അവക്കിടയിൽ സന്ധ്യാസമയത്ത് അസംഖ്യം കൊതുകുകൾ വന്നിരിക്കും. അറിയാതെ കൈവീശിയടിക്കുന്ന ഞാൻ വേദനകൊണ്ട് പുളയും. രാത്രി പുൽപ്പായയിലെ സൂചിമുനകൾ അവയെ കുത്തി നോവിക്കുമ്പോൾ എന്റെ കറുത്തകാലുകളും കൈകളും നിറയെ സർപ്പങ്ങൾ വന്നു മൂടും.

എനിക്കോർമ്മയുണ്ട്. ഉച്ചകഴിഞ്ഞു ബെഞ്ചിൽ തലവെച്ചുകൊണ്ട് ഉറങ്ങാൻ മാഷ് പറയും. വെറ്റിലച്ചെല്ലം മുന്നിൽ വെച്ച് മാഷ് മെല്ലെ മുറുക്കി തുടങ്ങുമ്പോൾ ഞങ്ങൾ ആലസ്യത്തിൽ ഉറങ്ങി തുടങ്ങും. കഞ്ഞിയും പയറും കുടിച്ച് ഓടി തെളിഞ്ഞു വന്നിരിക്കുന്ന ഞങ്ങൾ സുഖനിദ്രയിൽ കിടക്കും. മാഷ് താളത്തിൽ മുറുക്കി ജനാല വഴി നീട്ടിത്തുപ്പും. സോജാരാജകുമാരി പാടും.

അങ്ങിനൊരുനാൾ ഒരു ചാട്ടുളിയെന്റെ പുറകിൽ ആഴ്ന്നിറങ്ങി! പുറം ചൂഴ്‌ന്നുകൊണ്ട് നെഞ്ചിനുള്ളിലെ ആത്മാവിനെ കുത്തിമുറിച്ചൊരടി ഊക്കിൽ എന്റെ പുറത്ത് വന്നു വീണു. ഉറക്കം വിട്ടു ഞെട്ടിയെഴുന്നേറ്റ ഞാൻ പിന്നിൽ നിന്ന് ശബ്ദമില്ലാതെയട്ടഹസിക്കുന്ന കാപാലികനായ അച്യുതൻ മാഷിനെയാണ് കണ്ടത്. എന്റെ കണ്ണുകളിൽ പെട്ടെന്നുവന്നു നിറഞ്ഞ കണ്ണീർകഷ്ണങ്ങൾ വേദനകൊണ്ടോ? ആത്മനിന്ദകൊണ്ടോ? അതോ ലോകം കണ്ടുതുടങ്ങും മുൻപേ ആശയറ്റു പോയവന്റെ നിരാശയോ? ചുവന്നചുണ്ടുകൾക്കിടയിൽ കൂടി ചോരയൊലിച്ചിറങ്ങുന്ന അച്യുതന്റെ ദ്രംഷ്ടകളെന്നെ ഭീതിതനാക്കി. നാല് വരമ്പുകൾ കൂടുന്നിടത്ത് കല്ലുകുത്തി വിളിച്ചു വരുത്തിയ ചാത്തനോട് ഞാൻ കേണപേക്ഷിച്ചു - “ഈ അച്യുതന്റെ മൂക്കും മുലയും ചെത്തിക്കളയണേ ചാത്താ…!”

വേറെയാരും ഉണർന്നത് പോലുമില്ല. പട്ടാപ്പകൽ സഹപാഠികൾ ഇരുന്നുറങ്ങുമ്പോൾ അച്യുതനെന്റെ ഹൃദയം ചൂഴ്ന്നു ചോര കുടിച്ചു. കുപ്പായത്തിനു താഴെ നീറുന്ന മുറിവുകൾ മൂടിവെച്ചു ഞാൻ വൈകുന്നേരം വരെ കൈപ്പുനീർ കുടിച്ചിറക്കി.

പിന്നീടിതു പതിവായി.

സ്‌കൂൾ വിട്ടുകഴിയുമ്പോൾ കുട്ടികൾ ഓടിക്കളിക്കുന്ന ഗ്രൗണ്ടിന് സമീപം ഞാൻ കുനിഞ്ഞിരിക്കും. നീറുന്ന മുറിവും കൊണ്ട് ഞാനെങ്ങിനെ ഓടി കളിക്കാനാണ്? മുറിവിൽ കയ്യിട്ടു കരയിപ്പിക്കുന്ന ഈ കുപ്പായം അഴിച്ചു വെച്ചാൽ എല്ലാരും കാണുകയില്ലേ? കണ്ണീർ ചാലുകീറിയ കവിളുകൾ തുടച്ചു മെല്ലെയങ്ങിനിരിക്കും.

എന്നോ ഒരുനാൾ തൊട്ടു നാണുമാഷും എന്റെയടുത്തു വന്നിരിക്കുവാൻ തുടങ്ങി. രുധിരരേഖകൾ തണറിട്ട പുറത്തു കുപ്പായത്തിനു മേലെ മെല്ലെ കൈവെച്ചു നോക്കി മാഷ് നെടുവീർപ്പിടും. വിഷമിക്കണ്ടായെന്നു പറയും. ചോര ചോരയെ തിരിച്ചറിയും എന്ന് പറയുന്നതെത്ര സത്യം!

കഴിക്കാൻ എന്തെങ്കിലും വാങ്ങിക്കൊണ്ടു വന്നിട്ടുണ്ടാകും. നന്നായി പഠിക്കണമെന്ന് പറയും. എന്നോയൊരുനാൾ ഞാനും പഠിച്ചു തുടങ്ങി. പൊടിമീശ കിളിർത്തു തുടങ്ങിയ രമേശന്റെ നെഞ്ചിലെ ചങ്ങാത്തം വറ്റി പോയിരിക്കുന്നു. പുസ്തകങ്ങളോട് കൂട്ട് കൂടിയ നാൾ മുതൽ അവനോടകന്നു തുടങ്ങി. പിന്നെയും എത്രയോദിനരാത്രങ്ങൾ കഴിഞ്ഞു പോയപ്പോൾ ഞാൻ കോളേജിലെത്തി. വിപ്ലവം പ്രസംഗിച്ചു. വിശ്വസിച്ചു. ഒടുക്കം ഒരാശുപത്രി വാർഡിലെ വെളുത്ത വിരിയിട്ട റബ്ബർ ബെഡിൽ കല്ലും കത്തിയും കമ്പിയും കുത്തിയിറങ്ങിയ കുറച്ചു കറുത്ത ശരീരങ്ങളുടെ നടുവിൽ കിടന്നു. ആശുപത്രി വിട്ടപ്പോൾ മുതൽ പിന്നാലെ കൂടിയ കടന്നൽകൂട്ടം ഒരിക്കലുമെന്നെ വിട്ടുപോയതുമില്ല.


നാണുമാഷിന്റെ മൃതശരീരം മുറ്റത്തിട്ട പടിക്കട്ടിലിൽ കൊണ്ട് വന്നു വെച്ചു. കട്ടിലല്ല, രണ്ടു ബെഞ്ചുകൾ ചേർത്തിട്ടു മുകളിൽ കോറത്തുണി വിരിച്ചതാണ്. നാളെ ഈ ബെഞ്ചുകളിൽ വീണ്ടും കുട്ടികൾ വന്നിരിക്കും. അക്ഷരമെഴുതി പഠിക്കും. ആ അക്ഷരങ്ങളിൽക്കൂടി നാണുമാഷ് വീണ്ടും സൂര്യനെക്കാണും.

ഒന്നുകൂടെ നോക്കിയപ്പോൾ നാണുമാഷ് പടിയിൽ ചമ്രം പടിഞ്ഞിരിക്കുന്നു. വിടവുള്ള പല്ലുകൾക്കിടയിൽക്കൂടി തണുത്തൊരു പ്രകാശം എന്നെത്തേടി വന്നു. തിളങ്ങുന്ന മേഘങ്ങൾ നൃത്തം വെയ്ക്കെ ഒരു നീലവെളിച്ചം അദ്ദേഹത്തിൽ നിന്നുരുവായി. ചുവന്ന ചിറകുകളുള്ളൊരു കറുത്ത മാലാഖ അദ്ദേഹത്തെ സ്വർഗ്ഗത്തിലേക്കുയർത്തി.

ചടങ്ങുകൾ കൂടാൻ നിന്നില്ല. ചെറിയ പുല്ലുകൾ വളർന്നു നിൽക്കുന്ന വരമ്പത്തൂടെ തിരിച്ചു നടന്നു. വഴിയിൽ തലമുറകൾ തേച്ചു മിനുക്കിയൊരു ചാത്തൻകല്ലിനെ ചുറ്റിയൊരു മൂർഖൻ പാമ്പ്. വാരിയെല്ലുകൾ കൊണ്ട് ചാത്തന്റെ നെഞ്ചിലവൾ ചുറ്റിപ്പിടിച്ചു കിടന്നു. വിടർത്തിയ പത്തിയിൽ നിന്ന് നെടുകേ പിളർന്നൊരു ഇരട്ടനാവ് സൂര്യപ്രകാശത്തിൽ നിന്ന് മിന്നി.

അതിൽ തൂങ്ങിയാടുന്ന അച്യുതന്റെ മൂക്കും മുലകളും. വിഷംതട്ടി ശുദ്ധിവന്ന താടിമുടിപിരികങ്ങൾ കരിക്കട്ടപോലെ കറുത്തിരുന്നു. ഒരു ചൂരലുകൊണ്ട് ഞാനത് തോണ്ടി ആളിപുളിഞ്ചിറയിലൊഴുക്കി. അസ്തമയസൂര്യനെ നോക്കിചിരിച്ചുകൊണ്ട് ഞാൻ മെല്ലെ തോടുകടന്നു ഭൂമിയിലേക്ക് നടന്നു.


Written on November 14, 2018