ഉണ്ട.
അറബിക്കടലിൽ നിന്ന് ബംഗാൾ ഉൾക്കടലിലേക്ക് ഒരയ വലിച്ചു കെട്ടിയിരിക്കുന്നു. അതിൽ ഒരടിവസ്ത്രം ഉണക്കാനിട്ടിരിക്കുന്നു. അടിവസ്ത്രമെന്നു പറയുമ്പോൾ പുരുഷന്റെ അടിവസ്ത്രമാണ്, ഇവിടം അടക്കി ഭരിക്കുന്ന പുരുഷന്മാരുടേത്. വലത്തേ അരികിൽ നൂലമർന്നു അകത്തേക്കൊരല്പം വലിഞ്ഞിരിക്കുന്നു എന്നതൊഴിച്ചാൽ ഇത് ലക്ഷണമൊത്തൊരടിവസ്ത്രമാകുന്നു. പച്ച മലയാളത്തിൽ പറഞ്ഞാൽ യേ ഷഡ്ഢി ബഹുത് ഖൂബ്‌സൂരത് ഹേ!
ഈ പറയുന്ന വസ്തുവിനെ ഏത് നിറം പൂശണമെന്നാലോചിച്ചു ഒരുപാട് കാലങ്ങളിൽ ഒരുപാടുപേർ തല പുകച്ചിട്ടുണ്ട്. ചുവപ്പെന്നു ചിലർ. പച്ചയെന്നു ചിലർ. ധൈര്യത്തിന്റെയും സമാധാനത്തിന്റെയും സമ്പൽസമൃദ്ധിയുടെയും നിറങ്ങൾ ഒരുമിച്ചു വേണമെന്ന് ചിലർ. അതല്ല, ഇതിനു പ്രകൃത്യായോജിച്ച നിറം കാവിയാണെന്നു ചിലർ. ഒരൊറ്റ നിറത്തിലോ സങ്കൽപ്പത്തിലോ മാത്രമിതിനെ കാണാനാവില്ല എന്ന് കണ്ടിട്ടും അവർ കിണഞ്ഞു പരിശ്രമിച്ചു. എല്ലാവരും പരാജയപ്പെട്ടു. ബഹിരാകാശത്തു നിന്ന് ഇതിനെ നിരീക്ഷിക്കാമെന്നു വെച്ചപ്പോൾ കണ്ടത് ഇഴയടുപ്പമുള്ള പലജാതി നൂലുകളാൽ തീർത്തൊരു തട്ടിക്കൂട്ട് വസ്ത്രമാണ്. പ്രത്യേകിച്ച് നിറമോ ഗുണമോ ഒന്നും കൽപ്പിച്ചു നൽകുവാൻ കഴിയില്ല. ഇതിനെ വലിച്ചു പരത്തി തങ്ങളുടെ മനസ്സിലെ “കവച കുണ്ഡലമാക്കാവാൻ” ശ്രമിച്ചു പരാജപ്പെടുന്ന ഒരു പിടി മനുഷ്യർ ചുറ്റിനും.
അവിടെവെച്ചാണ് ഞാൻ സ്വയം ഈ ചോദ്യം ചോദിക്കുന്നത്.
ആരാണ്, അല്ലെങ്കിൽ എന്താണ് ഈ ഉണ്ട?
മുകളിൽ പറഞ്ഞിരിക്കുന്ന വസ്തു ഒരു രോഗത്തിൽ നിന്ന് നമ്മളെ രക്ഷിക്കും എന്ന് ഞാനൊരുകാലത്ത് ഉറച്ചു വിശ്വസിച്ചിരുന്നു. അധികം കണ്ടു പരിചയമുള്ള രോഗമല്ല. മഴക്കാലത്തു സ്കൂളിലേക്ക് നടക്കുമ്പോൾ വൈദ്യുതി പോസ്റ്റുകളിൽ കണ്ട, വിലകുറഞ്ഞ കടലാസുകളിൽ അച്ചടിച്ച, മഞ്ഞ നോട്ടീസുകളിൽ ഒരു മനുഷ്യൻ കൂനി നിൽക്കുന്നു. രണ്ടു കടലുകളെ വശങ്ങളിലേക്ക് തള്ളി നീക്കി താഴോട്ട് നീണ്ടു പോകുന്ന അടിവസ്ത്രത്തിനു താഴെ സ്വകാര്യരോഗത്തിനുള്ള ഒറ്റമൂലികൾ, വിളിക്കാനുള്ള നമ്പറുകൾ. പകൽ വെളിച്ചത്തിൽ കാണപ്പെടുന്ന ഇത്തരം ചൂണ്ടുപലകളിൽ നിന്നാണ് സമൂഹത്തിന്റെ, രാജ്യത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി പോകാൻ കഴിയുക. “എന്തുണ്ടയാടോ?” എന്നത് അവിശ്വസനീയതയെ രേഖപ്പെടുത്തുന്നു. എന്നാൽ ധൃതിപ്പെട്ടടച്ചു കൂട്ടിയിരിക്കുന്ന ഓട്ടകളിൽ കൂടി ഇരുട്ടിനെ കാണുന്ന ലാഘവത്തോടെ സമൂഹത്തിലേക്കിറങ്ങി ചെല്ലാനാവില്ല. സത്യം കാണാൻ കഴിയാത്തതിനാൽ ചുറ്റിനും അവിശ്വസനീയതയുമില്ല. “എന്തുണ്ടയാണ്ടോ?” എന്ന ചോദ്യത്തിനു സിംഹാസനങ്ങളെ മറിച്ചിടാനുള്ള കഴിവുണ്ട്. ആയതിനാൽ അത് ചോദിക്കാതെ നോക്കുന്ന വ്യവസായങ്ങളും ചുറ്റിനും സുലഭം. ഇവിടെ വെച്ചാണ് നമ്മൾ “ഉണ്ട” കാണേണ്ടത്.
സ്കൂളിൽ വെച്ചു തന്നെയാണ് “A soldier is a peasant in uniform” എന്ന് വായിച്ചുപഠിക്കുന്നത്. സിനിമ തുടങ്ങുമ്പോൾ മാർച്ച് പരേഡിൽ ദിലീഷ് പോത്തന്റെ വായിൽ നിന്ന് തുപ്പൽ തെറിക്കുന്നു. റിപ്പബ്ലിക് ദിനത്തിൽ കോരിത്തരിച്ചു കൊണ്ട് ടീവിയിൽ പരേഡ് കാണുന്നതിന് പിന്നിൽ, തൊണ്ടപ്പൊട്ടി, കുഴങ്ങി, നിൽക്കുന്ന ഒരുപാട് മനുഷ്യരുണ്ട് (ആ സമയത്ത് ഡൽഹിയിൽ നല്ല തണുപ്പുമാണ്). വൃത്തിയായിവരച്ചിട്ട പന്തികളിൽ രാജ്യസ്നേഹം വിളമ്പുമ്പോൾ അതിനെ താങ്ങി നിർത്തുന്ന കാലുകളും കയ്യുകളും കാണുന്നത് മനം മടുപ്പാണ്. ഇസ്തിരിയിട്ടു വിരിച്ച പതാകയ്ക്ക് താഴെ ചലനമറ്റ കൈകളാവുമ്പോൾ നാം സങ്കടപ്പെടുന്നു. മക്കളും കുടുംബവുമുള്ള മനുഷ്യന് കൊടും തണുപ്പത്ത് ചീഞ്ഞ ചപ്പാത്തിയും വളിച്ച ദാലും കൊടുക്കുന്നത് നമ്മൾ കാണുന്നേയില്ല. കൊണ്ടാടുന്ന ഈ രാജ്യസ്നേഹത്തിനു ചോരയും മജ്ജയും മാംസവുമുള്ള ഒരു വശം കൂടിയുണ്ട്. അതാണ് “ഉണ്ട”.
സാധാരണ മനുഷ്യരെ തോക്കും കൊണ്ട് മരിക്കാൻ വിട്ടാലവർ അങ്ങോട്ടോടി പോകുമോ? ഭയത്താലും, ശാരീരികപീഢയാലും നാം വാർത്തെടുക്കുന്ന മനുഷ്യരേ അങ്ങോട്ട് പോകൂ. അങ്ങിനെ കൈവേലയാൽ തീർക്കുന്ന തടികളെക്കൊണ്ട്, ജീവൻ മുറ്റി നിൽക്കുന്ന നമ്മുടെ സ്വന്തം മക്കളെക്കൊണ്ട്, മനുഷ്യരുടെ നേർക്ക് തോക്ക് ചൂണ്ടിക്കുക എന്നതത്ര എളുപ്പമല്ല. ഇവിടെയും അവിശ്വസനീയതയുണ്ട്. എന്തുണ്ടായാടോ എന്ന് നമ്മൾ ചോദിക്കുമ്പോൾ ഈ ഉണ്ട, നമ്മുടെ പടച്ചോനാവുന്നു. നമ്മ രക്ഷിക്കേണ്ട, രക്ഷിക്കുമെന്ന് നമ്മൾ വിശ്വസിക്കുന്ന, അനിശ്ചിതത്വത്തിൽ നമുക്ക് താങ്ങാവുന്ന, നമ്മുടെ വിശ്വാസമാണ് ഉണ്ട. അസംബന്ധങ്ങളെ രേഖപ്പെടുത്താനും “ഉണ്ട” എന്ന വാക്കുപയോഗിക്കുന്നു. യാദൃച്ഛികതയാവാം.
[Spoiler Alert]
സിനിമയിൽ, ബാക്കിവരുന്ന എട്ടുണ്ടകൾ സത്യവേദപുസ്തകത്തിന്മേൽ കുരിശുരൂപത്തിൽ നിരത്തി വെച്ചിരിക്കുന്നത് കാണാം. ഒടുക്കം, “ഉണ്ടയുമില്ല, അണ്ടിയുമില്ല, നമുക്ക് നമ്മളേയുള്ളൂ” എന്ന് പറയുന്നിടത്തും വിശ്വാസം സത്യത്തെ കാണുന്നൊരു നിമിഷം നമ്മളെക്കാത്തിരിക്കുന്നു. പച്ചമനുഷ്യരായിട്ടുള്ള, നമ്മുടെയിടയിൽ നിന്ന് പെറുക്കിയെടുത്ത ഒരുകൂട്ടം മനുഷ്യരെ നമ്മളെ സംരക്ഷിക്കാനേൽപ്പിക്കുന്നു. അവരുടെയിടയിൽ “കള്ളുകുടിയനും”, “വെള്ളപ്പാറ്റയും”, “ആദിവാസിയും” ഒക്കെയുണ്ട്. അവരെ അവിശ്വസനീയമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടുമ്പോഴും “എന്തുണ്ടയാടോ?” എന്ന് ചോദിക്കുന്നതിൽ പരാജപ്പെടുന്ന ഒരു പൊതുസമൂഹമാണ് ഇവിടെയുള്ളത്.
ഒരിക്കൽ മുഴുപ്പിലങ്ങാടി ബീച്ചിൽ പുലർച്ചെ മൂന്നു മണിക്ക് ഞങ്ങളോടിച്ച കാർ മണലിൽ പൂണ്ടു പോയി (അവിടെപ്പോയി ഓവറാക്കിയാൽ അങ്ങിനെയൊക്കെ സംഭവിക്കും). ക്രെയിനൊന്നും വിളിച്ചിട്ടു വന്നില്ല. ഒടുക്കം വന്ന പോലീസുകാരിൽ ഒരെസ്സൈ കാക്കയും ബാക്കി പോലീസുകാരും, ഞങ്ങളും കൂടി പിടിച്ചപ്പോൾ വണ്ടി പൊങ്ങി വന്നു. അതിനെ ഓർമ്മിപ്പിക്കുന്ന ഒരു സീൻ സിനിമയിൽ കണ്ടു. എല്ലുബലം കൊണ്ട് തീർക്കുന്ന ഈ സാഹോദര്യത്തിന്റെയിടയിലും കട്ട ബോറായി കടന്നു വരുന്ന ജാതി-മത, അതിർവരമ്പുകൾ നമ്മളെ എത്ര കണ്ട് മൊശകോടൻമാരാക്കുന്നു. അവയെ നോക്കി നമ്മിലെത്ര പേർ, എന്തുണ്ടയാടോ എന്ന് ചോദിക്കുന്നു?
മരത്തിനു മേലെ തട്ടടിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് ആദിവാസിയായ ബിജുവാണ്. അവനെ ഒറ്റപ്പെടുത്താനും, അവനർഹമായ പരിഗണന നല്കാതിരിക്കാനും മത്സരിക്കുന്നവർ സത്യത്തിൽ സ്വന്തം നിലക്കല്ല തെറ്റുകാരാവുന്നത്. എന്നിരുന്നാലും, മുകളിൽ പറഞ്ഞ അടിവസ്ത്രത്തിനുള്ളിലെ മനസ്സിലാക്കുവാൻ പറ്റാത്ത വ്യവസ്ഥിതികളെ നോക്കി “എന്തുണ്ടയാടോ?” എന്ന് ചോദിക്കാൻ മറന്നു പോയവരാണ് നമ്മൾ. ചോദിക്കാതെ, അറിയാതെ, പാവനമായ ഉണ്ടയിൽ വിശ്വസിച്ചു കാറ്റ് പോയവരാണ്.
രണ്ടു ലക്ഷം ആദിവാസികളുണ്ടായിരുന്ന നാട്ടിൽ പതിനായിരം പേർ ബാക്കിയാവുന്നു. പോയവരെവിടെ? ഞാൻ പോയ നഗരങ്ങളിലെല്ലാം അരികുകളിൽ പറ്റിപ്പിടിച്ചു കണ്ട രക്തത്തിലും മാംസത്തിലും ഒരു പങ്ക് അവരുടേതായിരുന്നു. മധ്യഭാരതത്തിലെവിടെയോ ഭൂമിയിൽ നിന്ന് പൊങ്ങി പറന്നു പോകുന്ന ഹൈവേയുടെ ചുറ്റുമുള്ള തരിശുനിലങ്ങളിൽ കീറിയ സാരി വലിച്ചു കെട്ടിയ കുടിലുകൾ ഞാൻ കണ്ടിട്ടുണ്ട്. അവയ്ക്കുമീതെ ഇരവിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ ആലസ്യത്തിലമർന്നുകൊണ്ട്, മണ്ണിട്ട് പൊക്കിയ ഈ റോഡുകൾ കിടക്കുന്നു. ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾക്കിടയിൽ ചില ലോറികൾ ഹോണടിച്ചുകൊണ്ട് മെല്ലെ വന്നു നിൽക്കും. സൈഡിലേക്കൊതുക്കി താഴേക്ക് ടോർച്ചടിച്ചാൽ, പാവാടയുടുക്കാതെ പട്ടിണിക്കോലങ്ങൾ മുകളിലേക്ക് വേച്ചു വേച്ചു കയറി വരും. പതിനാല് തികയാത്ത അവരുടെ രക്തവും മാംസവും അങ്ങോട്ടൊഴുകി വരുന്നത് എവിടെ നിന്നാണെന്നെനിക്ക് നന്നായറിയാം.
നിങ്ങളുടെ ഈ പറുദീസയിൽ നിന്ന് ഞാൻ താഴേക്ക് വീണുപോയത് അങ്ങിനൊരിക്കലൊരാൾ ടോർച്ചടിച്ചു കാണിച്ചു തന്നപ്പോഴാണ്. പിന്നീടിങ്ങോട്ട് കയറി വന്നിട്ടില്ല. എന്തുണ്ടയാടോ, ചുറ്റിനും?
ഞാൻ ജീവിക്കുന്ന ഈ നഗരത്തിലുമുണ്ട്, സമൃദ്ധിയുടെ കടലിൽ വീണു കിടക്കുന്ന വെള്ളമില്ലാത്ത, മര്യാദക്ക് റോഡില്ലാത്ത, ദൈന്യതയുടെ തുരുത്തുകൾ. അങ്ങോട്ട് കയറിയ വഴി മാത്രം ഇറങ്ങി വരുവാൻ കഴിയുന്നത്ര ഇടുങ്ങിയ ഇടങ്ങൾ എനിക്ക് നടന്നെത്താൻ കഴിയുന്നത്ര അടുത്തുണ്ട്. അന്തപുരിയിലാരുമത് കാണുന്നില്ല, എന്തുണ്ടയാടോ എന്ന് ചോദിക്കുന്നില്ല. സാരമില്ല.
ബസ്തറിലൂടെ ഞാനുമൊരിക്കൽ കടന്നു പോയിട്ടുണ്ട്. സുഖ്മയിൽ മഹേന്ദ്രകർമ്മയും കൂട്ടരും കശാപ്പ് ചെയ്യപ്പെട്ടു ആഴ്ചകൾ കഴിയും മുന്നേ. കേരളത്തിൽ നിന്ന് റാങ്ക് ലിസ്റ്റിട്ടു പെറുക്കിയെടുത്ത ഒരുപിടി മനുഷ്യർ അങ്ങോട്ടെടുത്തെറിയപ്പെടുമ്പോൾ സംഭവിക്കുന്നതെന്താണെന്നു എനിക്കൂഹിക്കാം. ഇതുപോലൊരു CRPF ക്യാമ്പിൽ മേശയിട്ടിരുന്നൊരു ഓഫീസർ അവിടുത്തെ കഥകൾ അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് പറഞ്ഞു തന്നിട്ടുണ്ട്. ക്യാൻവാസ് ഷൂസിട്ട കാലുകൾ ആട്ടിയാട്ടി അദ്ദേഹം പറഞ്ഞു തന്ന കഥയല്ല, നാട്ടുകാരിലൊരാൾ പറഞ്ഞു തന്നത്. മൈനിങ് കമ്പനിയിലെ തൊഴിലാളികളും, മലയാളികളായ സ്‌കൂൾ അധ്യാപകരും, പാതിരിമാരും, പൂജാരിമാരും, രാഷ്ട്രീക്കാരുമൊക്കെ ഓരോരോ കഥകൾ പറഞ്ഞു തന്നു. എല്ലാം കൂടി കേട്ട ശേഷം ഞങ്ങൾ സ്വയം ചോദിച്ച ഒറ്റവരിച്ചോദ്യം എന്തെന്ന് നിങ്ങൾക്കൂഹിക്കാമല്ലോ?
അകത്തുനിന്നും പുറത്തു നിന്നും പഴുത്തുനാറിയ ഒരു ശവമഞ്ചം ആയിക്കണക്കിനു കയ്യുകളും കാലുകളും ചേർന്ന് സമുദ്രത്തിൽ നിന്ന് പൊക്കി വെച്ചിരിക്കുകയാണെന്നു തോന്നും, ചിലപ്പോൾ. തൊട്ടുതാഴെ ശ്രീലങ്കയിൽ ബോംബ് പൊട്ടുമ്പോഴും ഉള്ളിലേക്ക് കൈയിട്ട് മുറിവുകളിൽ മുളക് തേക്കുന്ന ചിലർ. അങ്ങാടിയിൽ നിന്നടികിട്ടി വീട്ടിലേക്ക് കയറി വരുമ്പോൾ ചുമലിൽ കൈവെച്ചാശ്വസിപ്പിക്കുന്ന പെങ്ങൾക്കിട്ട് ഒരു വീക്ക് കൊടുക്കുന്ന ചിലരില്ലേ? അവരെപ്പോലെയാണ് നമ്മുടെയിടയിൽ വെറുപ്പ് പടർന്നു പേക്കൂത്തു കളിക്കുന്ന ചിലരും. ഉദാരമായി വൽക്കരിച്ചു നാടും, കാടും, മരങ്ങളും, ചുക്കും ചുണ്ണാമ്പുമൊക്കെ ചോർന്നു പോകുമ്പോൾ ഉൾക്കിടലമുണ്ടാവുന്നത് സ്വാഭാവികം. ആയൊരവസ്ഥയിൽ കരകയറ്റാമെന്നു വാക്കു തരുന്ന വെളുത്ത താടികളുടെ വാഗ്ദാനങ്ങളും ഉണ്ടയാണ്. ഉടപ്പിറപ്പിനെ വെറുക്കുന്ന, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന, വെറി പിടിച്ച മനുഷ്യർ സ്വയം ചോദിക്കുന്നതും, അവരോട് മറ്റുള്ളവർ ചോദിക്കുന്നതും ഇതേ ഒറ്റവരിച്ചോദ്യമാണ്.
നല്ല മനുഷ്യർ നശിക്കും വരെ കാക്കേണ്ടതില്ല, സമൂഹം നശിക്കുന്നത് കാണുവാൻ. അവർ തമ്മിലുള്ള സഖ്യം നശിക്കുന്നത് വരെ കാത്തിരുന്നാൽ മതിയാകും. ഈ ശവമഞ്ചം പേറുന്ന നമ്മൾ, ഓഹരി വിപണിയിൽ നിന്നും മാസശമ്പളത്തിൽ നിന്നുമൊക്കെ ഈ വെട്ടുകിളികളുടെ യുദ്ധകൊള്ളമുതലിന്റെ വീതം പറ്റുന്നവരാണ്. എന്നാലും കടിച്ചു തിന്ന മാംസത്തിൽ നിന്നൊരു വിരലെങ്കിലും (തൊലി നമ്മൾ ദഹിപ്പിച്ചു കളഞ്ഞ ഒരു കുഞ്ഞിന്റെ കൈവിരൽ) തിരിച്ചാ പാവങ്ങൾക്ക് നൽകാൻ കെൽപ്പുള്ളവരാണ്. അവിടെയാണ് മണി (മമ്മൂട്ടി), ഒടുക്കം ആ ആദിവാസി ബാലനോട് മരിക്കരുത് എന്നാവശ്യപ്പെടുന്ന ഭാഗത്തിന്റെ അർത്ഥം ഉരുവാകുന്നത്. ഈ കാലഘട്ടത്തിൽ, മരിക്കാതിരിക്കലും ഒരു സമരമാകുന്നു. ജുനൈദ്, നജീബ്, രോഹിത്, നിങ്ങൾ മരിക്കാതിരിക്കുക.
“ഉണ്ട” എന്താണെന്നെനിക്കറിയില്ല. നമ്മെ കാക്കുന്ന വിശ്വാസമാണോ? നമ്മളെ രക്ഷിക്കുന്ന ദൈവമോ, സ്റ്റേറ്റിന്റെ സംരക്ഷണമോ ആണോ? അതോ അവിശ്വസനീയതയിലും, അനിശ്ചിതത്തിലും, നമ്മെ രേഖപ്പെടുത്തുന്ന യാഥാർഥ്യത്തിന്റെ ഓർമ്മപ്പെടുത്തലാണോ? എനിക്കറിയില്ല.
എന്തായാലും ചുറ്റുമുള്ള നല്ലവരായ മനുഷ്യരോട് ഒരു കാര്യം ഓർമ്മപ്പെടുത്താനുണ്ട്.
ഉണ്ടയുമില്ല, അണ്ടിയുമില്ല. നമുക്ക് നമ്മളേയൊള്ളൂ.