സാഗർ എഴുതുന്നു.
മഴ വരുന്നതിനും ഒരുപാട് മുമ്പാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്. മെയ് 2 2019. രണ്ടാം നിലയിലുള്ള ഫ്ലാറ്റിൽ നിന്ന് നോക്കിയാൽ അപ്പുറത്തുള്ള പ്ലോട്ടിലെ കാടുകാണാം. കാട് എന്ന് പറയുമ്പോ കമ്മ്യൂണിസ്റ്റ് പച്ച ഇടതൂർന്നു വളരുന്ന, ഒരു കുഞ്ഞിടം. മരിച്ചുകിടക്കുന്ന നഗരത്തിലെ ജീവനുള്ളൊരു ചെറിയ തുരുത്ത്. വർഷങ്ങൾക്കു മുമ്പ് ആരോ പൊളിച്ചു നീക്കിയ ഒരു വീടിനും പുരയിടത്തിനും മുകളിലാണ് എന്റെയീ കാട് വളർന്നു നിൽക്കുന്നത്. എല്ലാവർഷവും വേനലിന്റെ തുടക്കത്തിൽ ആരൊക്കെയോ വന്ന് ഈ കാട് വെട്ടി നീക്കും. എന്നാൽ ഈ വർഷം ഏപ്രിലിൽ നന്നായി മഴ പെയ്തു. വെട്ടിയ കാട്, അതുപോലെ തിരിച്ചുവന്നിരിക്കുന്നു. ഞാൻ ഈ നാട്ടിലേക്ക് വന്നിട്ടുള്ള ആദ്യത്തെ വേനലാണ്. ഇതിനു മുമ്പുള്ള നാലു വർഷങ്ങൾ ഞാൻ കേരളത്തിനു പുറത്തായിരുന്നു. എന്റെ സംസാരഭാഷയിൽ പോലും അത് മുഴച്ചും നിന്നിരുന്നു. കന്നഡയും ഹിന്ദിയും ഇംഗ്ലീഷും ഒക്കെ കലർന്നുള്ളതായിരുന്നു എന്റെ ചിന്ത പോലും. കേരളത്തിലേക്ക് തിരിച്ചു വന്നപ്പോൾ മലയാളവും മെല്ലെ മനസ്സിൽ മുളച്ചു തുടങ്ങി. ഇനി ജീവിതത്തിൽ പുതുതായി ഒന്നും സംഭവിക്കാനില്ല എന്നു കരുതി ആ പകൽ പുറത്തോട്ടും നോക്കി ഇരിക്കുമ്പോഴാണ് അവളുടെ വിളി വരുന്നത്.
അതിനുമുമ്പ് ഞങ്ങൾ സംസാരിച്ചിരുന്നില്ല. ആരൊക്കെയോ പറഞ്ഞു അവൾ എന്നെ കുറിച്ച് കേട്ടിരിക്കുന്നു. ഞാൻ അവളെക്കുറിച്ചും. എന്നാലും എന്റെ നമ്പർ വാങ്ങി അവൾ എന്നെ വിളിക്കും എന്നു ഞാൻ കരുതിയിരുന്നില്ല. ജീവിതത്തിൽ മറ്റു പലതിനെയും പോലെ വിചാരിക്കാതെയാണ് താരയും എന്റെ ജീവിതത്തിലേക്ക് കയറിവന്നത്. പിന്നോട്ട് നടക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ ജീവിതത്തിൽ നിന്നും മായ്ച്ചു കളയുവാൻ ഞാൻ ആഗ്രഹിക്കുന്ന ദിവസമാണ് മെയ് 2.
ചെറിയ മാറ്റങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ ജീവിതം ഒരു പക്ഷേ ഇങ്ങനെയായിരിക്കില്ല. ഞങ്ങള് പ്രേമിച്ചിരുന്ന കാലത്ത്, ഈ ദിവസമായിരുന്നു എന്റെ ജീവിതത്തിൽ ഏറ്റവും മനോഹരം. ഇന്ന് ആ ദിവസം അങ്ങിനല്ലായിരുന്നുവെങ്കിൽ എന്ന് ഞാനാഗ്രഹിക്കുന്നു. പ്രണയം നിലനിൽക്കുന്ന നിമിഷങ്ങളിൽ മാത്രമാണ് അത് മനോഹരമായിരിക്കുക. പിന്നീടൊരു പക്ഷേ നാം ആർദ്രമായി ആ നിമിഷങ്ങളിലേക്ക് മടങ്ങിപ്പോകുവാൻ ആഗ്രഹിച്ചേക്കാം. എന്നാൽ മിക്കവാറും, പ്രണയം പിന്നീട് മരിച്ചുപോവുകയാണുണ്ടാവുക. അങ്ങനെയെങ്കിൽ, ആ നിമിഷങ്ങളിൽ മാത്രമായിരിക്കും ആ പ്രണയം നിലനിന്നിരുന്നത്. അതിനാണ് സാധ്യത കൂടുതലും. അങ്ങനെ ഇരിക്കെ, എല്ലാ പ്രണയവും മരിച്ചു പോകും എന്ന് കരുതുന്നതാണ് അഭികാമ്യം. അങ്ങനെയല്ലെങ്കിൽ, ഒരു പ്രണയവും ആസ്വദിക്കുവാൻ കഴിയുകയില്ല. അടുത്ത നിമിഷം മരിച്ചു പോകുമെന്ന് കരുതി പ്രണയിക്കണം. അല്ലാത്ത പ്രണയം വേദനയാണ്. അങ്ങിനെയായാൽ ജീവിതവഴിയിൽ കൂടെക്കൂടിയ മുറിപ്പാടുകളുടെ കണക്കുപുസ്തകം മാത്രമായി പോകും, പ്രണയം.
പക്ഷേ താരയെക്കുറിച്ചോർക്കുമ്പോൾ പ്രണയമല്ല ഓർമ്മവരിക. അവളെ മാത്രം അടയാളപ്പെടുത്തുന്ന, എനിക്ക് മാത്രം കാണാൻ കഴിയുന്ന, ഒരുപക്ഷേ അവളിൽ മറ്റാരും കണ്ടെടുക്കാത്ത ഒരുപിടി നോവുകളാണ്. ഇന്നും, അവളെക്കുറിച്ച് ഓർക്കുമ്പോൾ എന്നെ വേദനിപ്പിക്കുന്നത് അതാണ്. അവൾ അതൊക്കെ ആരോട് പറയും? അവൾ പറയുന്നത് ആർക്കെങ്കിലും മനസ്സിലാകുമോ? മനസ്സിലായാലും, അവളെ അവർ തിരിച്ചറിയുമോ? ഈ ചിന്തകൾ ഒന്നും ഒരിക്കലും കെട്ടടങ്ങുകയുമില്ല. സ്നേഹത്തിൽ നിന്നും മാത്രം വരുന്ന ഈ മുറിവുകളാണ് പ്രണയം ബാക്കി വെക്കുക. ആത്മാവിൽ നനവു പടർത്തുന്ന, ശരീരത്തെ തളർത്തിക്കളയുന്ന, അറ്റമില്ലാത്ത, അളവില്ലാത്ത പ്രണയം.
അങ്ങിനെ ഞങ്ങൾ പ്രണയിച്ചതിൽ, ഏതൊക്കെ മറന്നു കളയണം എന്ന് ഞാൻ ആലോചിക്കാറുണ്ട്. പരസ്പരം പ്രണയമില്ല എന്ന് കളവു പറഞ്ഞു കൊണ്ട് ആ കടപ്പുറത്തിരുന്നതോ? ചുവപ്പ് പടർന്ന സന്ധ്യ ഞങ്ങളുടെ മേൽ പെയ്തിറങ്ങിയപ്പോൾ കണ്ണും കണ്ണും നോക്കി ഈ ലോകത്ത് പ്രണയമില്ല, സ്നേഹത്തിൽ സത്യമില്ല എന്നൊക്കെ പറഞ്ഞതോ? അന്ന് കടപ്പുറത്തെ മണലിൽ നനവു പടർന്നിരുന്നു, എന്റെ ഹൃദയത്തിലെന്ന വണ്ണം. കാഴ്ച മങ്ങുന്ന ഒരു കടൽക്കാറ്റ് ഞങ്ങളെ വന്നു മൂടി. കടലും കരയും ആകാശവും ഒന്നാകുന്ന വണ്ണം ഒരു ചെറിയ തണുപ്പ്, മൂടൽമഞ്ഞ്, മൊട്ടിടുന്ന പ്രണയത്തിന്റെ അങ്കലാപ്പ്, ഇതെല്ലാം അവിടെ തങ്ങിനിന്നു. അവിടെ നിന്നും മെല്ലെ എണീറ്റ് നിന്റെ സ്കൂട്ടറിനരികിലേക്ക് നടന്നപ്പോഴും, പ്രണയമില്ല എന്നാണ് നാം പരസ്പരം പറഞ്ഞത്.
പക്ഷേ, അധികനേരം ഓടുന്നതിനു മുമ്പ് ആ സ്കൂട്ടർ എനിക്ക് നിർത്തേണ്ടതായിട്ട് വന്നു. വണ്ടിയിൽ നിന്നിറങ്ങി, പിറകിലിരുന്ന നിന്റെ കണ്ണിലേക്ക് നോക്കി, ഞാൻ പ്രണയത്തെ കുറിച്ച് സംസാരിച്ചു. യുദ്ധത്തെ കുറിച്ച് സംസാരിച്ചു. ഈ ലോകത്തെ കുറിച്ച്, വേറെ പലതിനെയും കുറിച്ച് സംസാരിച്ചു. എന്നിട്ട് ഞാൻ നിന്നോട് ചോദിച്ചു, നിന്നെ ഉമ്മ വയ്ക്കട്ടെ? നീയെന്നെ ചേർത്തു പിടിച്ചു. ഞാൻ നിന്നെയും. എയർപോർട്ടിന് അരികിലെ ആ മനോഹരമായ റോഡരികിൽ വെച്ച് നമ്മൾ ഉമ്മവച്ചു. വീണ്ടും വീണ്ടും.
പിന്നീട് നാം അല്പം കൂടി മുന്നോട്ടു പോയി. അവിടെ വെച്ചും നമ്മൾ ഉമ്മ വെച്ചു. വീണ്ടും വീണ്ടും. വളവു തിരിഞ്ഞു വരുന്ന വണ്ടികളുടെ ഹെഡ്ലൈറ്റ് നോക്കി നമ്മൾ നിന്നു. അവ മറഞ്ഞതിനു ശേഷം നമ്മളുമ്മ വച്ചു. നിന്റെ കാലിലെ ചുവന്ന വള്ളിയുള്ള ചെരുപ്പുകൾ എത്ര മനോഹരമായിരുന്നു. അവയെ നോക്കി കൊണ്ട്, നമ്മൾ ഉമ്മ വച്ചു. എന്റെ കാലൻ കുട, അന്ന് മഴ പെയ്തിട്ടും നമ്മൾ നിവർത്തിയില്ല. ഒരു കയ്യിലാ കുടപിടിച്ച്, നിന്റെ സ്കൂട്ടറിനോട് ചാരിനിന്നു, നമ്മൾ ഉമ്മ വെച്ചു.
മഴ കഴിഞ്ഞ്, ഒഴുകിപ്പോകുന്ന വെള്ളം. ആരോ കഴുകിക്കളയുന്ന പാപങ്ങൾ, ഇനിയും നടക്കുവാനുള്ള കാര്യങ്ങൾ, എല്ലാം നോക്കിക്കൊണ്ട്, നമ്മൾ ഉമ്മ വെച്ചു.
അപ്പോഴും, പ്രണയമില്ലെന്നാണ് ഞങ്ങൾ പരസ്പരം പറഞ്ഞുകൊണ്ടിരുന്നത്. ഇന്ന്, നാളുകൾക്കു ശേഷം, പ്രണയമില്ല എന്നെനിക്ക് എന്നോടുതന്നെ പറയേണ്ടി വരുന്നു. ഒരുപക്ഷേ പ്രണയം ഇല്ലായിരിക്കും. എന്നാലും, ഈ ആകാശത്തേക്ക് നോക്കി, താരയെക്കുറിച്ചോർക്കുമ്പോൾ ഒരുപാടൊരുപാട് നോവുകൾ. ഇതിൽ എന്തൊക്കെയാണ് മറന്നു കളയേണ്ടത്?
മുറിപ്പാടുകളുടെ കണക്കുപുസ്തകമാണെന്റെ പ്രണയം. പൈങ്കിളിയെഴുതില്ല എന്നുറപ്പിച്ച എന്നെക്കൊണ്ട് കത്തുകളെഴുതിപ്പിച്ച പ്രണയം. അതേ കത്തുകളെ, കത്തിച്ചു കളയുവാൻ എന്നെപ്പഠിപ്പിച്ച പ്രണയം.
ഇന്ന് ചുറ്റും ഇരുട്ടാണ്. തലവേദനിക്കുന്നു. ഹൃദയം മരവിക്കുന്നു. താര പോയതിനുശേഷം ഇങ്ങനെ എത്രയോ ദിനങ്ങൾ. ഇനിയും എത്ര. മുറിപ്പാടുകളുടെ കണക്കുപുസ്തകമാണ് പ്രണയം. ഇനിയും ജീവിക്കുവാൻ എന്നെ പ്രേരിപ്പിക്കുന്നതും, ഇനിയും വിടരുവാനേറെയുള്ള ആ പ്രണയത്തിന്റെ ബാക്കിയാണ്. ഇവിടെ, ഇത്രമാത്രമെഴുതി തൽക്കാലം ഞാൻ നിർത്തട്ടെ.
- സാഗർ.