പ്രണയവും സമയവും.

പ്രണയത്തിന്റെ ഏറ്റവും ഊഷ്മളമായ ഭാവം സമയമാണ്. മറ്റെന്തിന്റെയും മേലെ, പ്രണയത്തിൽ സമയം അതിന്റെ സർവ്വ ശക്തിയോടുംകൂടി കെട്ടുപിണഞ്ഞു കിടക്കുന്നു. സത്യം, സ്ഥലം, രഹസ്യങ്ങൾ തുടങ്ങി മനുഷ്യൻ ആഗ്രഹിക്കുന്ന എന്തും പ്രണയത്തോട് ചേർത്തുവയ്ക്കാൻ മനുഷ്യന് വല്ലാത്ത ആസക്തിയാണ്. എന്നാൽ ഇവയെയെല്ലാം തന്നെ, മറ്റു മണ്ഡലങ്ങളിൽ തളച്ചിടുന്നതാണ് നല്ലത്. പ്രണയത്തിന് സമയം മാത്രം മതി.

രണ്ടു പേരുടെ ഇടയിൽ തടസ്സങ്ങളില്ലാതെ അതൊഴുകട്ടെ. അങ്ങനെ ഒഴുകാൻ കഴിയുക എന്നത് തന്നെ പ്രണയത്തിന്റെ വിജയമാണ്. അതിലപ്പുറം, എന്ത് ആഗ്രഹിച്ചാലും അത് പ്രണയത്തിനുമേൽ ഒരു ഭാരം ഏറ്റി വെക്കലാണ്. പിന്നീട്, കനിവും കരളും മനസ്സിന്റെ ഭംഗിയും മരിക്കുമ്പോൾ, പ്രണയം ആയിരം കഷണങ്ങളായി മുറിഞ്ഞു പോകുമ്പോൾ, നാം പഴിചാരുന്നത് അവയൊക്കെയാണ്. എന്നാൽ, പ്രണയത്തിൽ സത്യമായത് സമയം മാത്രമാണ്. ജീവിതത്തിന്റെ ഒടുക്കത്തിൽ മാത്രം നാം മനസ്സിലാക്കുന്ന ഈ സത്യം, നേരത്തെ അറിയുക എന്ന ഒരൊറ്റ കാര്യം മാത്രമാണ് പ്രണയത്തിൽ സന്തോഷം കണ്ടെത്തിയവർ മാറി ചെയ്തത്.

ആലോചിച്ച് സമയം കളയേണ്ടതില്ല. പ്രണയം, സമയമാണ്. സമയത്തിൽ സന്തോഷം കണ്ടെത്താനുള്ള കഴിവാണ്. രണ്ടുപേർക്ക് ഒരുമിച്ചു മാത്രം ലഭിക്കുന്ന അനുഗ്രഹമാണ്. അതറിഞ്ഞവർ ധന്യർ. അറിയാത്തവർ, ഭാഗ്യവാന്മാർ. കാരണം, ജീവിതത്തിന്റെ അർത്ഥം തിരച്ചിലിലാണ്. അവർ തിരയട്ടെ.

തിരഞ്ഞ് മാത്രം കണ്ടുപിടിച്ചതിന്റെ ഭംഗിയാണ് അനിശ്ചിതത്വങ്ങളിൽ ആത്മാവിന് തണലാകുന്നത്. ഒഴുകുന്ന സമയം അവർക്കും വരും. അതുവരെ, അവരും തിരഞ്ഞുകൊണ്ടിരിക്കട്ടെ.

Written on December 1, 2020