ദൈവത്തിന്റെ ആയിരം മുഖങ്ങൾ.

ദൈവസങ്കൽപ്പങ്ങളുടെ തുടക്കവുമൊടുക്കവും എവിടെ നിന്നാണ്? മതങ്ങൾ പരസ്പരമുള്ള വ്യത്യാസങ്ങളിൽ തമ്പടിച്ചു, അവിടെ നിന്നെ ലോകത്തെയും മനുഷ്യനെയും നോക്കിക്കാണുന്നു; പക്ഷേ ആ ഒരു വായനക്കപ്പുറം അവർ തമ്മിലുള്ള സമാനതകളെ നേരാംവണ്ണം വിലയിരുത്താൻ തന്നെ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.

ചരിത്രം ഈ രീതിയിൽ വളരുന്നതിന് മുൻപ് തന്നെ ക്രാന്തദർശികളായ മനുഷ്യർ, വിശ്വാസങ്ങളുടെ അറ്റം തിരഞ്ഞു പോയതായി കാണാം. ചിന്തിക്കുന്ന മനുഷ്യന്റെ നിരീശ്വരവാദം പക്ഷേ മതത്തെ പാടെ നിരസിച്ചു കൊണ്ട് തുടങ്ങിയതല്ല. മറിച്ചു, ചാണക്യൻ തൊട്ട് ഇബ്ൻ ഖാൽദൂൻ വഴി മാക്കിയവെല്ലിയിലേക്കെത്തുന്ന ചിന്താധാര അധികാരലബ്ധിയിലേക്കുള്ള വഴിയിൽ മനുഷ്യൻ കൈലേസായി കൊണ്ട് നടക്കുന്ന വിചാരധാരകളുടെ ആകെ തുകയാണ്.

സത്യത്തിൽ, മുഹമ്മദ് നബിക്കും, യേശു ക്രിസ്തുവിനും, ഔലിയാക്കന്മാർക്കും അപ്പോസ്തലന്മാർക്കും മുന്നേ നിയർ ഈസ്റ്റിൽ പരന്നൊഴുകിയ കുറെ വിശ്വാസങ്ങളുടെ ആകെ തുകയാണ് കഥകളിലെ ഖലീഫമാരും പോപ്പുമാരുമൊക്കെ. പിന്നീടത് കപ്പൽ കയറി ലോകം മുഴുവൻ നിറഞ്ഞൊഴുകി. ഈ കോലത്തിലാണ് ഇന്നലെ ഞാൻ വിശ്വാസങ്ങളെപ്പറ്റി സ്വപ്നം കണ്ടത്.

പല വഴിക്ക് പിരിഞ്ഞെങ്കിലും അവരൊക്കെ വെള്ളം കുടിച്ചതും, വളർന്നതും ഒരേ ജലധാരയിൽ നിന്നായിരുന്നു. യുവത്വത്തിന്റെ ധാരയായ കസ്റ്റാലിയയിൽ നിന്ന് വെള്ളം കുടിച്ചു നിത്യയൗവ്വനം നേടിയവരെപ്പോലെയാണവർ. വിചാരധാരകൾ പലതാണ്, പക്ഷേ തലമുറകൾക്കപ്പുറം നിലനിന്നവ വളരേകുറവാണ്. അവരെ നിലനിർത്തിയ, അവരുടെ യുവത്വത്തിന്റെ രഹസ്യം ഈ പങ്കിടലുകൾ തന്നെയാണ്.

കലയിൽ, സാഹിത്യത്തിൽ, അമൂർത്തമായ ബിംബങ്ങളുടെ പങ്കിടലിൽ ഒക്കെ അവർ പരസ്പരം ചാരി നിൽക്കുകയായിരുന്നു. അബൂത്തിൽ പുതിയൊരു പ്രവാചകൻ അവതരിച്ചാൽ, അദ്ദേഹം പറയുന്ന ചരിത്രവും ഐതിഹ്യങ്ങളുമൊക്കെ ഒരേ ജലധാരയിൽ നിന്നുൾക്കൊണ്ട ഉൾക്കാഴ്ചകളാണ്. അയാളുടെ സാരോപദേശം, നൂറ്റാണ്ടുകളുടെ അരക്കല്ലുകളിൽ രാകി മിനുക്കി പാകപ്പെടുത്തിയ മനുഷ്യരാശിയുടെ ചോരയിൽ കുതിർന്ന പാഠങ്ങളാണ്. പ്രവാചകന്റെ കണ്ണ് മുഖത്തല്ല; മണ്ണിലും മനസ്സിന്റെയുള്ളിലുമാണ്. അവിടെ നിന്ന് കാണുന്ന ചരിത്രത്തിലെ രക്തചൊരിച്ചിലുകളാണ് അദ്ദേഹത്തിന്റെ ചുണ്ടുകളിൽ “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക”, എന്ന് കൊണ്ടെത്തിക്കുന്നത്.

സെൻട്രൽ ഏഷ്യയിലെ കൊടും തണുപ്പത്ത്, മൃഗതോലണിഞ്ഞു പാമീർ കുടുക്ക് നടന്നു കയറുന്ന മനുഷ്യന്റെ ചുണ്ടിലെ വേദോച്ചാരണത്തിന് ഉച്ചാടനത്തിന്റെ, യുദ്ധകാഹളത്തിന്റെ ധ്വനിമാത്രമല്ല സ്വന്തം. സൂര്യചന്ദ്രന്മാരെ കൂടെ നിർത്തി, കൂട്ടത്തിന്റെ പശിയകറ്റാനുള്ള പരക്കം പാച്ചിലിൽ ഉതിർന്നു വീണ വാക്യങ്ങൾ വേദവാക്യങ്ങളായി. കൊലയില്ലാതെ വേദങ്ങളുണ്ടാവുന്നതെങ്ങിനെ? ഇന്ത്യയിലും, മദ്ധ്യേഷ്യയിലും, പൗരസ്ത്യ പ്രദേശങ്ങളിലുമൊക്കെ തത്വചിന്തയെ വേദങ്ങളിൽ പകർത്തിയെഴുതിയത് പ്രവാചകന്മാർ അവരവരുടെ നാക്ക് കൊണ്ടാണ്.

ശേഷം, രാജാക്കന്മാർ വിലക്കെടുത്ത ആരാച്ചാർമാരെക്കൊണ്ട് ഇതേ വേദപുസ്തകങ്ങൾക്ക് മേലെ ഒരു പാളികൂടി എഴുതിച്ചേർത്തു. അനന്തരം പടച്ചോന് രാജാവിന്റെ രൂപവും ഭാവവുമായിരുന്നു. അല്ലെങ്കിലും അഖിലവും പടച്ചവന് ഇരിക്കാൻ എന്തിനാണൊരു സിംഹാസനം? തെറ്റുകുറ്റങ്ങൾ തൂക്കിനോക്കി സ്വർഗ്ഗവും നരകവും പടച്ചോൻ വിധിക്കും. പക്ഷേ സ്വർഗ്ഗത്തിനു രാജാവിന്റെ അന്തഃപുരത്തിന്റെ ഭാവം കൈവന്നതെങ്ങിനെ? നരകങ്ങൾ കാരാഗ്രഹത്തിനകത്തെ പീഢനമുറകളുടെ അനുക്രമണികൾ പിൻപറ്റുന്നതെങ്ങിനെ? ഓരോ സങ്കൽപ്പവും ലോകത്തെ സമ്പന്നരുടെ, അധികാരം കയ്യാളുന്നവരുടെ താത്പര്യങ്ങൾക്കനുസരിച്ചു എഴുതി വെക്കപ്പെടുന്നതെങ്ങിനെ?

വിശ്വാസം, അതിന്റെ പരകോടിയിൽ വസിക്കുന്നത് സമാധാനമുള്ള മനുഷ്യന്റെയുള്ളിലാണ്. അതിൽ നിന്നവനെ വ്യതിചലിപ്പിക്കുന്ന എന്തും, വിശ്വാസത്തെ കേട് വരുത്തും. പിന്നീട് തർക്കശാസ്ത്രവും, കളരിപ്പയറ്റും, ഗൂഡാലോചനയും; അധികാരലബ്ധിക്കായുള്ള തത്രപ്പാടുമൊക്കെ വരും. അവിടെ പടച്ചോനെന്ത് സ്ഥാനം?

നിങ്ങൾ സൂഫികളെ, ഭക്തസന്യാസികളെ നോക്കൂ. അവരുടെ പാട്ടുകളും, ആട്ടങ്ങളും, വചനങ്ങളും ഉറൂസും, അധികാരികളെ ചൊടിപ്പിച്ചതെന്തേ? പടച്ചോന്റെ രൂപവും ഭാവവും പട്ടിണിക്കാരനായ മനുഷ്യന്റെ ഒഴിഞ്ഞ കഞ്ഞിപ്പാത്രത്തിന്റെ രൂപം പ്രാപിക്കുമ്പോൾ ഇടിഞ്ഞു വീഴുന്നത് പിരമിഡിന്റെ മുകളിൽ കയറി നിന്ന് ദുൽഖറിനെ (അലക്‌സാണ്ടറിനെ), സൂര്യപുത്രനാക്കുന്ന പൗരോഹിത്യത്തിന്റെ, രാജാധികാരത്തിന്റെ കാപട്യമാണ്. അവിടെനിന്നാണ് പ്രവാചകന്മാർ നദിപോലെ ഒഴുകിത്തുടങ്ങുന്നത്. കടൽ പിളർത്തി, അനുയായികളെക്കൊണ്ട് കാനാൻ ദേശത്തേക്ക് പാലായനം ചെയ്യുന്നത്. ആ കഥകളിലെ നായകസങ്കൽപ്പങ്ങളെക്കുറിച്ച് പിന്നെപ്പറയാം.

വിശ്വാസങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളിലേക്ക് ക്യാമറ തിരിച്ചു വെക്കുന്നത് തർക്കശാസ്ത്രം കൊണ്ട് കഞ്ഞി കുടിക്കുന്ന പാവത്തുങ്ങളാണ്; ബാക്കിയുള്ളവർ കാണുന്നത് പ്രവാചകരുടെ പേരിലുള്ള ചില്ലറ വ്യത്യാസങ്ങളല്ല, അവരുടെ കഥകളെല്ലാം ഒന്ന് തന്നെയാണ് എന്നതാണ്. ആ കഥകളെല്ലാം വന്നത് ഒരേയിടത്ത് നിന്നാണ്. അതൊക്കെയാണ് ഞാനിന്നലെ സ്വപ്നം കണ്ടത്.

രണ്ടു പാട്ട് കേൾക്കാം.

https://youtu.be/bJ0ri1IULOM
https://youtu.be/XMiaekbP7_k

Written on July 19, 2022